നെഞ്ചുവേദന: ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരി ആശുപത്രിയില്‍

Update: 2019-12-10 02:29 GMT

ഉന്നാവോ: ബലാല്‍സംഗത്തെ അതിജീവിച്ച യുവതിയെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം തീക്കൊളുത്തി കൊലപ്പെടുത്തിയതിനു പിന്നാലെ യുവതിയുടെ സഹോദരിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നാവോ ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി യൂനിറ്റിലാണ് സഹോദരി ചികില്‍സയിലുള്ളതെന്ന് ഡോ. ബ്രജ് കുമാര്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരും ഹൃദയാരോഗ്യ വിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്. സഹോദരിയുടെ കൊലപാതക ശേഷം തനിച്ചായിപ്പോയതാണ് നെഞ്ചുവേദനയ്ക്കു കാരണമെന്ന് യുവതിയുടെ അമ്മാവന്‍ പറഞ്ഞു. രാത്രി 11.30ഓടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് സമര്‍പൂര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രി അടച്ചിരുന്നു. തുടര്‍ന്ന് ഭിഗാപൂര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയതെന്നും അമ്മാവന്‍ പറഞ്ഞു. യുവതിക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കിയതായി കുടുംബം വ്യക്തമാക്കി. ജില്ലാ ഭരണകൂടം അധികൃതരും ആശുപത്രിയിലെത്തി യുവതിയുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.





Tags:    

Similar News