ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ കസ്റ്റഡിയില്‍ കഴിയുന്ന കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ശനിയാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയും ഇദ്ദേഹത്തെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡി കെ ശിവകുമാറിനെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ സിദ്ധരാമയ്യ വാര്‍ഡില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഇഡി അധികൃതര്‍ തടയുകയായിരുന്നു. ഡല്‍ഹി കോടതി ശിവകുമാറിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച സപ്തംബര്‍ 17 വരെ നീട്ടിയിരുന്നു. പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറാണ് ഇഡിക്ക് കൂടുതല്‍ ചോദ്യംചെയ്യാനായി ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്. ഇക്കഴിഞ്ഞ സപ്തംബര്‍ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.