യുപിയില്‍ ഖനി വ്യവസായി വെടിയേറ്റ് മരിച്ച സംഭവം; ഐപിഎസ് ഓഫിസര്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തു
പട്ടിദാറിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠി വെടിയേറ്റു മരിച്ചത്.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പ്രമുഖ ഖനി വ്യവസായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഐപിഎസ് ഓഫിസര്‍ മണിലാല്‍ പട്ടിദാറിനെതിരേ കൊലപാതകക്കുറ്റം ചുമത്തി. പട്ടിദാറിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠി വെടിയേറ്റു മരിച്ചത്. സപ്തംബര്‍ ആദ്യം മഹോബയ്ക്ക് സമീപമുള്ള ദേശീയപാതയിലാണ് ത്രിപാഠിയെ സ്വന്തം ഓഡി കാറില്‍ കഴുത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കാണ്‍പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ഖനികളാല്‍ സമ്പന്നമായ മഹോബ ജില്ലയിലെ മുന്‍ പോലിസ് മേധാവിയാണ് മനിലാല്‍ പട്ടിദാര്‍.
കഴിഞ്ഞ ആഴ്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയും കൊല്ലപ്പെട്ട വ്യവസായിയുടെ കുടുംബത്തിന്റെ പരാതിയില്‍ കൊലപാതകശ്രമത്തിനും ഗൂഢാലോചനക്കുറ്റത്തിനും കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ഒരു കേസിലും അദ്ദേഹത്തേയോ എഫ്‌ഐആറില്‍ പേരുള്ള മറ്റു ഉദ്യോഗസ്ഥരേയോ ഇതുവരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പോലീസ് സൂപ്രണ്ട് (എസ്പി) 'ലഭ്യമല്ലെന്നും' പോലിസ് സംഘം ഇയാളെ അന്വേഷിക്കുന്നുണ്ടെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വ്യവസായി മരിച്ചതിനാല്‍ കൊലപാതകശ്രമം എന്നത് കൊലപാതക കേസായി മാറുമെന്നും അവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും ഇതിനായി പോലിസ് സംഘത്തെ നിയോഗിച്ചതായും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രേം പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. തലസ്ഥാനമായ ലഖ്‌നോവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ ബുന്ദേല്‍ഖണ്ഡിലെ പ്രമുഖ ഖനന മേഖലയായ മഹോബയിലാണ് മുന്‍ പോലിസ് മേധാവിയായിരുന്ന മണിലാല്‍ പഠിധറിനെതിരേ ആരോപണമുന്നയിച്ചുള്ള വീഡിയോ ത്രിപാഠി ആഴ്ചകള്‍ക്കു മുമ്പാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തത്. വൈറലായ വീഡിയോയില്‍ മണിലാല്‍ പഠിധര്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും തന്നെ ഭീഷണിപ്പെടുത്തുന്നതായും ത്രിപാഠി ആരോപിച്ചിരുന്നു. തന്റെ ജീവന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി മണിലാലായിരിക്കുമെന്നും ത്രിപാഠി മുന്നറിയിപ്പ് നല്‍കിയിരുന്നു.