ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി മറന്നുവച്ചു; യുവതി ഗുരുതരാവസ്ഥയില്‍
ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം.
ലഖ്‌നൗ: ഷാജഹാന്‍പൂര്‍ മെഡിക്കല്‍ കോളജിലെ സിസേറിയന്‍ ശസ്ത്രക്കിടെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ തുണി മറന്നുവച്ചതായി ആരോപണം. ഗുരുതരാവസ്ഥയില്‍ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ച 30കാരിയായ യുവതി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം.
സംഭവം ശ്രദ്ധയില്‍പെട്ടതിനു പിന്നാലെ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ മൂന്നംഗ അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. അന്വേഷണ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി ആറിന് യുവതി സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍, വയറ്റില്‍ തുണി വച്ചിട്ടാണ് ഡോക്ടര്‍മാര്‍ മുറിവ് തുന്നിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭര്‍ത്താവും തില്‍ഹാര്‍ പോലിസ് സ്‌റ്റേഷന് കീഴിലുള്ള രാമപൂര്‍ നോര്‍ത്ത് നിവാസിയുമായ മനോജ് പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ രാജേഷ് കുമാര്‍ പറഞ്ഞു.
പരാതി ലഭിച്ചയുടനെ ഡോ. അര്‍ച്ചന, ഡോ. വിഭോര്‍ കുമാര്‍, നഴ്‌സിങ് സൂപ്രണ്ട് സന്ദേഷ് കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സമിതി രൂപീകരിച്ചു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ ജനനത്തിനുശേഷം ഭാര്യ വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നുവെങ്കിലും മോചനം ലഭിക്കാതെ വന്നതിനെതുടര്‍ന്ന് അവളെ ഷാജഹാന്‍പൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനില്‍ വയറ്റില്‍ തുണി ഉള്ളതായി കണ്ടെത്തുകയും ഓപ്പറേഷനിലൂടെ അത് നീക്കം ചെയ്യുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ലഖ്‌നൗ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു.