ബലാല്‍സംഗം ചെറുത്തതോടെ ഓടുന്ന കാറില്‍നിന്ന് പുറത്തേക്കെറിഞ്ഞു; യുപിയില്‍ യുവതിക്ക് ദാരുണാന്ത്യം
യുപിയിലെ ഉന്നാവോ ജില്ലയിലാണ് നടുക്കുന്ന സംഭവം.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ ശ്രമം ചെറുത്ത യുവതിയെ ഓടുന്ന കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞു. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍ മരിച്ചു. യുപിയിലെ ഉന്നാവോ ജില്ലയിലാണ് നടുക്കുന്ന സംഭവം.
അനന്തരവനും ഇയാളുടെ സുഹൃത്തിനും ഒപ്പം കാറില്‍ യാത്ര ചെയ്ത യുവതിക്കു നേരെയാണ് ആക്രമണമുണ്ടായത്. യുവാക്കളുടെ ബലാല്‍സംഗം ശ്രമത്തെ യുവതി ശക്തമായി ചെറുത്തതോടെ യുവതിയെ അടിക്കുകയും പ്രതികളിലൊരാള്‍ ബെല്‍റ്റ് കൊണ്ട് കഴുത്ത് മുറുക്കുകയും ചെയ്യുകയായിരുന്നു.ഇതേത്തുടര്‍ന്ന് യുവതി ബോധരഹിതയായി. മരിച്ചെന്നു കരുതി പ്രതികള്‍ ഓടുന്ന കാറില്‍ നിന്നും യുവതിയെ റോഡില്‍ തള്ളുകയായിരുന്നു. ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ വെച്ചായിരുന്നു സംഭവം.
എക്സ്പ്രസ് വേ ജീവനക്കാരാണ് യുവതിയെ കണ്ടെത്തി ആശുപത്രിയില്‍ ആക്കിയത്. സംഭവത്തില്‍ രണ്ടു പ്രതികളെയും പോലിസ് അറസ്റ്റ് ചെയ്തതായി ഉന്നാവോ പോലിസ് സൂപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു.