സവർണ സംവരണം പുനപരിശോധിക്കണം; സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം
പതിനാല് മണ്ഡലങ്ങളാണ് ജില്ലയിൽ ഉള്ളത്. അതിൽ ആറ് മണ്ഡലങ്ങളിൽ നിന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.
തൃശൂർ: സവർണ സംവരണത്തിൽ സിപിഐ നിലപാട് പുനപരിശോധിക്കണമെന്ന് തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. സംഘടനാ റിപോർട്ടിൻമേലുള്ള ചർച്ചയിലാണ് നാലോളം മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാന നേതൃത്വത്തിനെതിരേ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.
പതിനാല് മണ്ഡലങ്ങളാണ് ജില്ലയിൽ ഉള്ളത്. പതിനാല് മണ്ഡലങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ചയിലും സവര്‍ണ സംവരണം ചര്‍ച്ചയായെങ്കിലും മണലൂര്‍, കൈയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിച്ചത്. സവര്‍ണ സംവരണം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്നും സിപിഐ അതിന്റെ പഴയനിലപാടിലേക്ക് തിരിച്ച് പോകണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
സവർണ സംവരണവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ സിപിഐയിൽ കലാപക്കൊടി ഉയർന്നിരുന്നു. അതിന്റെ കേന്ദ്ര ബിന്ദുവായി നിന്നതും തൃശൂരിലെ സിപിഐ പ്രാദേശിക നേതാക്കളും പ്രവർത്തകരുമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം നേരത്തേ പാർട്ടി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു.
സവർണ സംവരണ നിലപാടിനെ ചൊല്ലി കൊടുങ്ങല്ലൂർ കൈയ്പമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ നിന്ന് നിരവധി പ്രവർത്തകർ സിപിഐയിൽ നിന്ന് രാജിവച്ച് പോയതും സംഘടനാ റിപോർട്ടിൻമേലുള്ള ചർച്ചയിൽ വിവിധ പ്രതിനിധികൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്.