മൂന്നു മാസത്തിനകം താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് യുഎസ് വിലയിരുത്തല്‍
30 ദിവസത്തിനകം തലസ്ഥാന നഗരിയെ പൂര്‍ണമായും ഒറ്റപ്പെടുത്താന്‍ അവര്‍ക്കാകുമെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
വാഷിങ്ടണ്‍: അഫ്ഗാന്‍ തലസ്ഥാന നഗരിയായ കാബൂള്‍ 90 ദിവസത്തിനകം താലിബാനു മുമ്പില്‍ കീഴടങ്ങുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. 30 ദിവസത്തിനകം തലസ്ഥാന നഗരിയെ പൂര്‍ണമായും ഒറ്റപ്പെടുത്താന്‍ അവര്‍ക്കാകുമെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഒരാഴ്ചക്കിടെ താലിബാന്‍ സായുധ സംഘം രാജ്യത്തെ പ്രവിശ്യാ തലസ്ഥാനങ്ങളില്‍ നാലിലൊന്ന് പിടിച്ചെടുത്തതിന് പിന്നാലെയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ വിലയിരുത്തല്‍.
വെള്ളിയാഴ്ചയ്ക്കു ശേഷം ഫൈസാബാദ്, ഫറാ, പുലി ഹുംറി, സരിപുല്‍, ഷെബര്‍ഗാന്‍, ഐബക്, കുണ്ടുസ്, താലൂഖാന്‍, സരഞ്ച് എന്നിവയുള്‍പ്പെടെ രാജ്യത്തെ ഒമ്പത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ പിടിച്ചടക്കിയത്.
ഇപ്പോള്‍ അഫ്ഗാന്റെ 65 ശതമാനം നിയന്ത്രിക്കുന്നതും താലിബാന്‍ സംഘമാണെന്നും 11 പ്രവിശ്യാ തലസ്ഥാനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ സായുധ സംഘത്തിന്റെ കീഴിലാണെന്നും ഒരു യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.