നിയമവിരുദ്ധമായ എൻഐഎയെ ഉപയോഗിച്ച് സംഘടനകളെ ഇല്ലാതാക്കുന്നു: അഡ്വ. തുഷാർ നിർമൽ സാരഥി
സംഘടനകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായ ഈ ഉപകരണങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നതാണ് ഇതിൽ കാണേണ്ടുന്ന വിഷയം. ഭരണഘടനാ വിരുദ്ധമായ നടപടികൂടിയാണ് ഇന്ന് നടന്നത്.
കോഴിക്കോട്: നിയമവിരുദ്ധ അന്വേഷണ ഏജൻസിയായ എൻഐഎയെ ഉപയോഗിച്ച് ഭരണകൂടം രാജ്യത്ത് സംഘടനകളെ ഇല്ലാതാക്കുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ജനകീയ അഭിഭാഷകനുമായ അഡ്വ. തുഷാർ നിർമൽ സാരഥി. പോപുലർ ഫ്രണ്ട് വേട്ടയെ കുറിച്ച് തേജസ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദഹം.
ഇന്ന് നടന്ന വ്യാപകമായ റെയ്ഡിനും അറസ്റ്റുകൾക്കും തക്കതായ എന്ത് അടിയന്തിര സാഹചര്യമാണ് ഉണ്ടായതെന്ന് കേന്ദ്രസർക്കാരോ എൻഐഎയോ പുറത്തുവിട്ടിട്ടില്ല. സ്ഥിരമായി നടന്നുവരുന്ന അടിച്ചമർത്തൽ പാറ്റേണിന്റെ എല്ലാവിധ സ്വഭാവവും ഇതിനകത്തുണ്ട്. അറസ്റ്റിന് ശേഷം ഭീകരരായി ചിത്രീകരിച്ചുകൊണ്ട് തെളിവുകളുണ്ടെന്ന് പ്രചരിപ്പിക്കുകയും രാജ്യത്തിന് എതിരാണെന്ന തരത്തിൽ കേസ് കൊണ്ടുപോകുന്ന സ്ഥിരം പല്ലവി ഇന്നത്തെ സംഭവത്തിലും കാണുന്നുണ്ട്.
ഇതിൽ പ്രധാനപ്പെട്ട പ്രശ്നം, ഇത് സാധ്യമായതെങ്ങനെ എന്ന കാര്യമാണ് പരിശോധിക്കേണ്ടത്. വലിയ കൊട്ടിഘോഷിക്കുന്ന ജനാധിപത്യം എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് 1967 ൽ യുഎപിഎ നിയമം കൊണ്ടുവരുമ്പോൾ അതിനകത്ത് ആമുഖത്തിൽ പറയുന്ന കാര്യം, രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ പൗരന്റെ മൗലികാവകാശങ്ങളായ സംഘടിക്കാനുള്ള അവകാശം നിയന്ത്രിക്കാൻ വേണ്ടിയാണ് എന്നതാണ്.
യുഎപിഎ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് ഈയടുത്ത കാലത്ത് പോട്ട പിൻവലിച്ച് അതിലെ വകുപ്പുകൾ യുഎപിഎയിൽ കൂട്ടിച്ചേർത്ത ശേഷമാണ്. എൻഐഎ ആണ് യുഎപിഎ പ്രയോഗം സാധ്യമാക്കുന്നത്. എൻഐഎ എന്നത് ഭരണഘടനാ വിരുദ്ധ ഏജൻസിയാണ്. കാരണം നമ്മുടെ നാട്ടിലെ ഭരണഘടനയനുസരിച്ച് ക്രമസമാധാന പാലനം, പോലിസ് തുടങ്ങിയ വിഷയങ്ങളിൽ നിയമമുണ്ടാക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്, കേന്ദ്രസർക്കാരിനല്ല. ഇത് കോൺഗ്രസ് സർക്കാരാണ് കൊണ്ടുവന്നത്.
അന്ന് കോൺഗ്രസ് കൊണ്ടുവന്ന എൻഐഎ നിയമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തിസ്ഗഡിലെ കോൺഗ്രസ് സർക്കാർ തന്നെ ഈയടുത്ത് സുപ്രിംകോടതിയെ സമീപിച്ചു എന്ന വിധിവൈപരീത്യം ഉണ്ടായിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന, അല്ലെങ്കിൽ ഭരണഘടനയുടെ സത്തയെ ബാധിക്കുന്ന പ്രശ്നത്തെ വേണ്ടത്ര ഗൗരവമില്ലാതെ ഇത് കൊണ്ടുവരിക എന്ന് പറയുന്നത് ഇവരുടെ രാഷ്ട്രീയതാൽപര്യത്തിന്റെ ഭാഗമാണ്.
കോൺഗ്രസ് ഉണ്ടാക്കിയ ഇത്തരം ഉപകരണങ്ങൾ ബിജെപി സർക്കാർ വ്യാപകമായി ഉപയോഗിക്കുന്നു. എൻഐഎ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരം വ്യാപകമായ അറസ്റ്റെന്ന് അവർ തന്നെ പറയുന്നു. സംഘടനകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായ ഈ ഉപകരണങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നതാണ് ഇതിൽ കാണേണ്ടുന്ന വിഷയം. ഭരണഘടനാ വിരുദ്ധമായ നടപടികൂടിയാണ് ഇന്ന് നടന്നത്.
എല്ലാ അർത്ഥത്തിലും ഈ അറസ്റ്റുകളും റെയ്ഡുകളും രാഷ്ട്രീയമായി ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങൾ അടിച്ചമർത്തപ്പെടുമെന്ന സന്ദേശമാണ് നൽകുന്നത്. തങ്ങളുടെ അധികാരത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമാണ് ഭരണകൂടം നടത്തിയിട്ടുള്ളത്. ഈ നീക്കം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.