ഗവര്‍ണറെ അനുകൂലിക്കുന്നു; നിലപാട് വിഷയാധിഷ്ഠിതമെന്ന് വി ഡി സതീശന്‍
ഗവര്‍ണര്‍ എടുത്ത നിലപാടിനെ അനൂലിക്കുന്നുവെന്നും ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായമില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: സര്‍വ്വകലാ വിസിമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസനയില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുറുകുമ്പോള്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വീഡി സതീശന്‍. ഗവര്‍ണര്‍ എടുത്ത നിലപാടിനെ അനൂലിക്കുന്നുവെന്നും ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായമില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ വിഭിന്ന നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ രംഗത്ത് വന്നിരുന്നു. ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട്, രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കെ സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തില്‍ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസര്‍ക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവര്‍ണര്‍ വഴിയല്ല', കെ സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലേയും വിസിമാര്‍ രാജിവച്ചില്ല. ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസനാ സമയം അവസാനിച്ചു. അതേസമയം ഒമ്പത് വൈസ് ചാന്‍സലര്‍മാരുടേയും അഭിഭാഷകര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ സമീപിച്ചു. വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം ഇന്ന് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നാലുമണിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിഷയം പരിഗണിക്കും.