ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സംഭവം: തെറ്റുപറ്റിയതായി മാധ്യമപ്രവര്‍ത്തകര്‍; ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരായി
മംഗളൂരു: ഹിജാബ് നിരോധനത്തെ തുടര്‍ന്ന് മുസ് ലിം പെണ്‍കുട്ടികളെ തെരുവില്‍ അപമാനിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി ശിശുക്ഷേമ സമിതി. മാധ്യമ പ്രവര്‍ത്തകര്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിയുടെ നടപടി.
കഴിഞ്ഞ ദിവസം ഷിമോഗയിലാണ് മാധ്യമപ്രവര്‍ത്തകന്‍ ഹിജാബ് ധരിച്ചെത്തിയ മുസ് ലിം വിദ്യാര്‍ഥിനിയുടെ ചിത്രം പകര്‍ത്താന്‍ പിന്തുടരുന്ന് ഓടിയത്. ഹിന്ദുത്വ പ്രതിഷേധക്കാരും മാധ്യമ പ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും തടിച്ചു കൂടിയത് കണ്ട് അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകന്‍ കാമറയുമായി ഓടിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായ മാധ്യമപ്രവര്‍ത്തകര്‍ തെറ്റ് സമ്മതിക്കുകയും രേഖാമൂലം ക്ഷമാപണം നടത്തിയതായും അധികൃതര്‍ അറിയിച്ചു. നിയമത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഒരു വിഭാഗം റിപ്പോര്‍ട്ടര്‍മാരെ വിളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സമിതി ഫെബ്രുവരി 17ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് കത്ത് നല്‍കിയിരുന്നു. ആരോപണ വിധേയരായ റിപ്പോര്‍ട്ടര്‍മാര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വകുപ്പിന് നിര്‍ദേശം നല്‍കി.
ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചപ്പോള്‍ സംഭവം കുട്ടികളുടെ അവകാശ ലംഘനമാണെന്ന് വ്യക്തമാണ്. മീഡിയ ഹൗസ് ബ്യൂറോ ചീഫ്, റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറാ പേഴ്‌സണ്‍മാര്‍ എന്നിവരോട് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
'സംഭവം സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹിജാബ് വിഷയം വിദ്യാര്‍ത്ഥി സമൂഹത്തില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. ചില മാധ്യമസ്ഥാപനങ്ങള്‍ അവരുടെ വിവേകശൂന്യമായ റിപ്പോര്‍ട്ടിംഗിലൂടെ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി. റിപ്പോര്‍ട്ട് കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ട്. 2015ലെ ബാലാവകാശ നിയമത്തിലെ സെക്ഷന്‍ 75 പ്രകാരമുള്ള കുട്ടികളുടെ അവകാശങ്ങള്‍ക്ക് എതിരാണ് ഇത്. ചില വാര്‍ത്താ ചാനലുകള്‍ ഷിമോഗയില്‍ നിന്ന് സംഭവം തത്സമയം സംപ്രേഷണം ചെയ്യുക പോലും ചെയ്തിട്ടുണ്ട്, 'കമ്മിറ്റി പറഞ്ഞു.
സുവര്‍ണ ന്യൂസ്, ടിവി9, ദിഗ്വിജയ് ടിവി, പവര്‍ ടിവി, ന്യൂസ് ഫസ്റ്റ്, പബ്ലിക് ടിവി, ബിടിവി കന്നഡ വാര്‍ത്താ ചാനലുകളിലാണ് വീഡിയോ ക്ലിപ്പുകള്‍ സംപ്രേക്ഷണം ചെയ്തത്.
'അടിയന്തര ആശങ്കയുള്ള വിഷയമായതിനാല്‍ ഈ ചാനലുകളുടെ തലവന്‍മാരോടും റിപ്പോര്‍ട്ടര്‍മാരോടും ക്യാമറാമാന്‍മാരോടും കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കമ്മിറ്റിക്ക് റിപ്പോര്‍ട്ടര്‍മാരുടെ വിലാസമോ, നമ്പറുകളോ ഇല്ലാത്തതിനാല്‍ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സന്ദേശം കൈമാറി. ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി ശിവമോഗ ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് ജി എം രേഖ പറഞ്ഞു.
'ചില റിപ്പോര്‍ട്ടര്‍മാര്‍ പുതിയവരാണ്, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കില്ല. ഭാവിയില്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ അവരെ നിയമത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് അവരെ വിളിച്ചത്,' അവര്‍ പറഞ്ഞു.
'നിയമം ലംഘിച്ചതിന് ശേഷം, അവര്‍ക്ക് നിയമത്തെക്കുറിച്ച് അറിവില്ലെന്ന് ജഡ്ജിയുടെ മുമ്പാകെ ആര്‍ക്കും പറയാന്‍ കഴിയില്ല', നോട്ടീസ് നല്‍കിയവരെല്ലാം ഹാജരാണെന്നും അവര്‍ പറഞ്ഞു.
'വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് വേണോ വിദ്യാഭ്യാസം വേണോ എന്ന് ചോദിക്കരുതെന്ന് ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. ഇത് ചോദിക്കുന്നത് ഉചിതമായ ചോദ്യമല്ല. കൊവിഡ് പാന്‍ഡെമിക് കാരണം വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഇതിനകം തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഇല്ലാതാകും. കുട്ടികള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയായതിനാല്‍, കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നാം ഗൗരവവും സംവേദനക്ഷമതയും പുലര്‍ത്തണം'. അവര്‍ പറഞ്ഞു.
നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയിട്ടും നിരവധി മാധ്യമ ചാനലുകള്‍ സ്‌കൂളുകളിലും കോളേജുകളിലും പോയിരുന്നുവെന്നും അവര്‍ പറഞ്ഞു. കമ്മിറ്റി അവരെ ബോധവല്‍ക്കരിച്ചിട്ടുണ്ട്. തെറ്റ് ആവര്‍ത്തിക്കരുതെന്ന് മാധ്യമ ചാനലുകള്‍ക്ക് സമിതി ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ആവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് ജി എം രേഖ പറഞ്ഞു.