തലശ്ശേരിയില്‍ ശംസീറിനെ തോല്‍പ്പിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കും: കെ സുധാകരന്‍ എംപി

Update: 2021-04-05 08:42 GMT

കണ്ണൂര്‍: തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി എ എന്‍ ശംസീറിനെ തോല്‍പ്പിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ശംസീറിനെ തോല്‍പ്പിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായി ഏത് വോട്ടും വാങ്ങും. ബിജെപിക്കാരോട് വോട്ട് ചോദിക്കാനില്ല. പക്ഷേ, ബിജെപിക്കാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞാല്‍ ഞങ്ങളെന്ത് ചെയ്യും. ഇക്കാര്യത്തില്‍ എസ് ഡിപിഐക്കാരുടെ വോട്ട് വാങ്ങി പഞ്ചായത്തുകള്‍ ഭരിക്കുന്ന സിപിഎമ്മാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. എന്‍ഡിഎ മുന്നണിയിലെ ബിജെപി സ്ഥാനാര്‍ഥി ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ പത്രിക തലശ്ശേരിയില്‍ തള്ളിയിരുന്നു. പത്രികയിലെ പിശകാണ് തള്ളാന്‍ കാരണം.

    എന്നാല്‍, ആദ്യഘട്ടത്തില്‍ ബിജെപി ആര്‍ക്ക് വോട്ട് ചെയ്യുമെന്നതിനെ ചൊല്ലി അവ്യക്തതയുണ്ടായിരുന്നു. സിപിഎം മുന്‍ കൗണ്‍സിലര്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍ ബിജെപി വോട്ട് സ്വീകരിക്കുമെന്ന് ആദ്യം പറയുകയും ചര്‍ച്ച നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനു വോട്ട് ചെയ്യാന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആഹ്വാനം ചെയ്തിരുന്നു. പ്രചാരണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമാവുന്നില്ലെന്നു പറഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം സി ഒ ടി നസീര്‍ ബിജെപി വോട്ട് വേണ്ടെന്നു പറഞ്ഞു. ഇത്തരത്തില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് കെ സുധാകരന്റെ പ്രതികരണം. ഇതിനിടെ, തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യാനാണ് പ്രവര്‍ത്തകര്‍ക്ക് ബിജെപി ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയത്. സിപിഎം-ബിജെപി ഡീലും കോ-ലീ-ബി സഖ്യ ആരോപണവും ശക്തമായി ഉയര്‍ന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കോട്ടയായ തലശ്ശേരിയില്‍ പത്രിക തള്ളലിലൂടെ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം, കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചാലും സിപിഎം ജയിക്കുമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ശംസീര്‍ പറയുന്നത്.

Vote will be accepted anyone to defeat Shamseer in Thalassery: K Sudhakaran MP

Tags:    

Similar News