വയനാട് ദുരന്തം: പണം കേന്ദ്രത്തിന്റെ കുടുംബസ്വത്തല്ലെന്ന് വി ഡി സതീശന്‍; സര്‍ക്കാര്‍ മറുപടി നല്‍കുന്നു

ദുരന്തത്തിനിരയായ നിരവധി പേര്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Update: 2024-10-14 08:54 GMT

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഇതുവരെയും കേന്ദ്രസഹായം ലഭിക്കാത്തത് വലിയ പ്രശ്‌നമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് കേരളത്തോടുള്ള അവഗണനയാണെന്നും പുനരധിവാസം സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് താല്‍ക്കാലിക ധനസഹായം പോലും ലഭിച്ചില്ല. പണം ആരുടെയും തറവാട്ട് സ്വത്തല്ല. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയായും ആദായനികുതിയായും ധാരാളം പണം കൊണ്ടുപോവുന്നുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്തിന് ദുരന്തസമയത്ത് ധനസഹായം നല്‍കാനുള്ള ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശക്തമായി ഇടപെടണം.

ദുരന്തത്തിനിരയായ നിരവധി പേര്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു മന്ദതയുണ്ട്. അത് മാറണം. ഭരണസംവിധാനം പരാജയപ്പെട്ടുവെന്ന് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.

ദുരന്തത്തെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ മറുപടിയായി പറഞ്ഞു. പ്രധാനമന്ത്രി വന്നുപോയതിന് ശേഷം തിരച്ചില്‍ നിര്‍ത്തിയെന്ന ആരോപണം തെറ്റാണ്. വയനാടിനെ ആറായി തിരിച്ചാണ് തിരച്ചില്‍ നടത്തിയത്. ലഭ്യമായ കേന്ദ്ര-സംസ്ഥാന സേനകളെ ഇതിനായി ഉപയോഗിച്ചു. ആയിരക്കണക്കിന് പേര്‍ ഉള്‍പ്പെട്ട ജനകീയ തിരച്ചിലും നടത്തി. 47 പേര്‍ ഇപ്പോഴും മണ്ണിനടിയിലാണെന്നും മന്ത്രി പറഞ്ഞു.





Tags:    

Similar News