ഉരുള്‍പൊട്ടല്‍ ദുരന്തം: മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു; മരണം 126
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 126 ആയി. നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനിടെ, മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം തല്‍ക്കാലികമായി നിര്‍ത്തി. രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. അതിനിടെ, മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മേഖലയില്‍ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ ഒഴുകി കാണാതാവുകയും ആറ് ട്രാന്‍സ്‌ഫോര്‍മറുകള്‍ തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000ഓളം ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കുറഞ്ഞത് മൂന്നു കോടിയുടെ നാശനഷ്ടങ്ങള്‍ ഈ മേഖലയില്‍ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍.
ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചുപോയതിനാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ സാധിച്ചിട്ടില്ല. എന്നാല്‍, ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കണമെങ്കില്‍ തകര്‍ന്ന ലൈനുകള്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ പ്രവര്‍ത്തനം ആരംഭിക്കാനാവൂ. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശം മേപ്പാടി സെക്ഷനില്‍നിന്നു ഏകദേശം 16 കിലോ മീറ്റര്‍ അകലെയാണ്. കനത്ത മഴയില്‍ ഇന്നലെ മുതല്‍ക്കുതന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു . ഉരുള്‍പൊട്ടല്‍ ഉണ്ടായ പുലര്‍ച്ചെ 2 മണി മുതല്‍ സെക്ഷനിലെ ജീവനക്കാര്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നു. ഏകദേശം പുലര്‍ച്ചയോടു കൂടി ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നു 4 കിലോ മീറ്റര്‍ വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. 2 മണിയോടെ ഉരുള്‍പൊട്ടലില്‍ പാലം ഒലിച്ചുപോയ ചൂരല്‍മല ടൌണ്‍ വരെ 11 സഢ ലൈന്‍ പുനഃ സ്ഥാപിച്ചു വൈദ്യുതിയെത്തിച്ചിട്ടുണ്ട്.
നിലവില്‍ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കല്‍ കോളേജ്, മേപ്പാടി ഗവണ്മെന്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ പ്രദേശത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മല പ്രദേശത്തും സബ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ 2 ടീമുകളെ വാഹനസഹിതം 24 മണിക്കൂറും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കല്‍പ്പറ്റ 33 കെ വി സബ്‌സ്‌റ്റേഷനില്‍ വെള്ളം കയറിയിട്ടുള്ളതിനാല്‍ അവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. എന്നാല്‍ കല്‍പ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികള്‍ എന്നിവിടങ്ങളിലും ബാക്ക് ഫീഡിങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്
വടകര സര്‍ക്കിളിനു കീഴില്‍ ഉരുള്‍പൊട്ടലും വെള്ളക്കെട്ടും കാരണം പരപ്പുപാറ, പാറക്കടവ് എന്നീ സെഷനുകളിലെ മുഴുവന്‍ ഫീഡറും നിലവില്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രാഥമികമായ വിലയിരുത്തലില്‍ നാദാപുരം ഡിവിഷന്റെ കീഴില്‍ 24 ട്രാന്‍സ് ഫോര്‍മറുകള്‍ വെള്ളം കയറിയതിനാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാലും ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. വടകര ഡിവിഷന്റെ കീഴില്‍ 27 ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളം കയറിയതിനാല്‍ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം നാദാപുരം ഡിവിഷന്റെ കീഴില്‍ 85 ഉം വടകര ഡിവിഷന്റെ കീഴില്‍ 46 ഉം വൈദ്യുതിത്തൂണുകള്‍ തകര്‍ന്നിട്ടുണ്ട്. നാദാപുരം ഡിവിഷനില്‍ നിലവില്‍ പരപ്പുപാറ, പാറക്കടവ്, നടുവണ്ണൂര്‍, തൊട്ടില്‍പ്പാലം തുടങ്ങിയ സെക്ഷനുകളിലാണ് കൂടുതലായി പ്രകൃതി ക്ഷോഭം ബാധിച്ചിട്ടുള്ളത്. വടകര ആയഞ്ചേരി സെക്ഷനും കൊയിലാണ്ടി സബ് ഡിവിഷനു കീഴിലെ മൂടാടി, തിക്കോടി, കൊയിലാണ്ടി നോര്‍ത്ത്, കൊയിലാണ്ടി സൗത്ത്, മേലടി സെക്ഷന്‍ തുടങ്ങിയവയാണ് തീവ്രമായി പ്രകൃതി ക്ഷോഭം ബാധിച്ച സെക്ഷനുകള്‍.