പനമരം ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിനെ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകം നടന്ന വീടിന് സമീപത്തെ കുറുമകോളനിയിലെ അര്‍ജ്ജുന (24) നെയാണ് ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്. ചോദ്യം ചെയ്യലിനിടെ യുവാവ് സ്‌റ്റേഷനില്‍ വെച്ച് കയ്യില്‍ കരുതിയിരുന്ന എലിവിഷം കഴിച്ചതായാണ് സൂചന. കൊലപാതകത്തില്‍ യുവാവിന് പങ്കുണ്ടോ എന്നുള്ള കാര്യങ്ങളെ കുറിച്ചൊന്നും പോലിസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. ജൂണ്‍ 10 ന് രാത്രിയിലാണ് റിട്ട. അധ്യാപകന്‍ പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (72), ഭാര്യ പത്മാവതിയും (68) കുത്തേറ്റ് മരിച്ചത്.
ഇതേ തുടര്‍ന്നാണ് മാനന്തവാടി ഡിവൈഎസ്പിഎ പി ചന്ദ്രന്റെ നേതൃത്വ ത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. പ്രദേശത്തെ നിരവധിയാളുകളെ ഇതിനകം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അര്‍ജുനനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മാതാപിതാക്കള്‍ മരിച്ച അര്‍ജുനന്‍ സഹോദരനോടൊപ്പം വീട്ടില്‍ താമസിച്ച് വരികയാണ്. ഇരുവരും അവിവാഹിതരുമാണ്. കൃത്യം നടന്ന വീട്ടിന് പുറക് വശത്തേ വയലിലൂടെ സഞ്ചരിച്ചില്‍ ഇവരുടെ വീട്ടിലേക്ക് എളുപ്പത്തിലെത്തിചേരാം. എല്ലാ സാധ്യതകളും പരിശോധിക്കുന്ന കൂട്ടത്തിലാണ് പോലിസ് അര്‍ജുനനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.