താന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ തടങ്കല്‍ കേന്ദ്രങ്ങളുണ്ടാവില്ല: മമത ബാനര്‍ജി

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

Update: 2019-12-27 13:18 GMT

കൊല്‍ക്കത്ത: താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ബംഗാളില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

ആര്‍ക്കും പൗരത്വം പോലുള്ള തങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാവില്ലെന്നും മമത വ്യക്തമാക്കി. തനിക്കുപോലും തന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ലെന്നും ജനങ്ങള്‍ക്ക് അതെങ്ങനെയാണ് തെളിയിക്കാനാവുകയെന്നും മമത ചോദിച്ചു. ബിജെപി തീ കൊണ്ട് കളിക്കരുതെന്നും മമത മുന്നറിയിപ്പ് നല്‍കി. പൗരത്വനിയമഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരും.

താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട്. ജാമിഅ മില്ലിയ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് മമത ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. മംഗളൂരുവില്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും മമത വ്യക്തമാക്കി. പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പ്രഖ്യാപനത്തില്‍ നിന്നു പിന്‍മാറിയതോടെയാണ് മമത സഹായധനം പ്രഖ്യാപിച്ചത്.


Tags:    

Similar News