ഉര്‍ദുഗാന് പുതിയ വെല്ലുവിളി തീര്‍ത്ത് തുര്‍ക്കിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഉര്‍ദുഗാന്‍ സര്‍ക്കാരിനെതിരേ തെരുവിലിറങ്ങാനുള്ള അപ്രതീക്ഷിത ഉത്തേജകമായി വിദ്യാര്‍ഥി പ്രക്ഷോഭം മാറിയിട്ടുണ്ട്.

Update: 2021-02-10 14:24 GMT

ആങ്കറ: രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ബൊഗാസിസി സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പുതിയ റെക്ടറെ നിയമിച്ചതിനെ ചൊല്ലി ഒരു മാസത്തിലേറെയായി അരങ്ങേറുന്ന വിദ്യാര്‍ഥി, അധ്യാപക പ്രക്ഷോഭം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പുതിയ വെല്ലുവിളി ഉയര്‍ത്തി ദിനംപ്രതി ശക്തിപ്രാപിക്കുകയാണ്. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഉര്‍ദുഗാന്‍ സര്‍ക്കാരിനെതിരേ തെരുവിലിറങ്ങാനുള്ള അപ്രതീക്ഷിത ഉത്തേജകമായി വിദ്യാര്‍ഥി പ്രക്ഷോഭം മാറിയിട്ടുണ്ട്.

എട്ട് വര്‍ഷം മുന്‍പ് ഉര്‍ദുഗാന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ദേശവ്യാപക പ്രക്ഷോഭവുമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ താരതമ്യം ചെയ്യുന്നത്. സാര്‍വദേശീയ തലത്തിലും പ്രക്ഷോഭം ചര്‍ച്ചയായതോടെ യുഎസിലെ ബൈഡന്‍ ഭരണകൂടവുമായും യൂറോപ്യന്‍ യൂനിയനുമായും ബന്ധം മെച്ചപ്പെടുത്താനുള്ള ഉര്‍ദുഗാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്നും നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്.

അതേസമയം, പ്രക്ഷോഭ രംഗത്തുള്ളവരെ ഭരണകൂടം ക്രൂരമായി നേരിടുകയാണെന്ന ആരോപണം ശക്തമാണ്. തുര്‍ക്കി വിദേശകാര്യമന്ത്രി സുലൈമാന്‍ സൊയ്‌ലു പ്രക്ഷോഭകരെ വഴിതെറ്റിയ എല്‍ജിബിടി സമൂഹമാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അപലപിക്കുകയും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരേ പ്രതികരിക്കുകയും ചെയ്തിരുന്നു. കൂടാതെ, യൂറോപ്യന്‍ യൂനിയനും യുഎന്നും തുര്‍ക്കിക്കെതിരേ മുന്നോട്ട് വരികയും അറസ്റ്റിലായ പ്രക്ഷോഭകരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സമരക്കാര്‍ക്ക് വിദേശ സഹായമുണ്ടെന്ന് തുര്‍ക്കി ആരോപിക്കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ രാജ്യത്ത് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇത്തരം സംഘങ്ങള്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും തുര്‍ക്കി കുറ്റപ്പെടുത്തുന്നു.

യുവാക്കള്‍ നടത്തിയ കലാ പ്രദര്‍ശനത്തില്‍ എല്‍ജിബിടി പതാകയ്‌ക്കൊപ്പം മുസ്‌ലിം പുണ്യ ഭവനമായ കഅ്ബയുടെ ചിത്രവും ഉള്‍പ്പെടുത്തിയതിനെതിരേ ഉര്‍ദുഗാന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

ആങ്കറ, ഇസ്മിര്‍, ബര്‍സ തുടങ്ങിയ നഗരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും എല്‍ജിബിടികളുടെ അവകാശങ്ങള്‍ക്കും പിന്തുണ നല്‍കി പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയുടെ മുന്‍ മെമ്പറായ മെലിഹ് ബുലുവിനെ ആണ് പുതിയ റെക്ടറായി ഉര്‍ദുഗാന്‍ നിമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. 2015ലെ പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. ഇതിലെ രാഷ്ട്രീയ നടപടികളെയാണ് സമരക്കാര്‍ ചോദ്യം ചെയ്യുന്നത്.

Tags:    

Similar News