എന്തുകൊണ്ട് അഖില്‍ ഗൊഗോയിയുടെ ചുവര്‍ച്ചിത്രങ്ങള്‍ അസമില്‍ നിരോധിക്കുന്നു?
നിങ്ങള്‍ക്ക് ഒരു പുഷ്പമോ കാണ്ടാമൃഗമോ വരയ്ക്കാമെന്ന് ഞങ്ങളോട് പോലിസ് പറഞ്ഞെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്‍ഐഎ കേസില്‍ അഖില്‍ ഗൊഗോയിയെ അറസ്റ്റ് ചെയ്തതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാന്‍ കഴിയില്ല.
ഗുവാഹത്തി: നീലനിറത്തിലുള്ള കുപ്പായം ധരിച്ച, താടിയുള്ള ഒരു മനുഷ്യന്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നു. ആ യുവാവിനെ പോലിസ് സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്യുന്നു. ആ ചിത്രം ഒരു കലാകാരന്റെ സൃഷ്ടിയെന്ന നിലയില്‍, യുക്തിസഹമായി ശ്രദ്ധേയമാണെങ്കിലും ഇന്നത്തെ അസമില്‍ ഇത് അംഗീകരിക്കാനാവില്ല.
നവംബര്‍ 20 നാണ് സര്‍ക്കാര്‍ ആര്‍ട്ട്‌സ് കോളജിലെ നാല് വിദ്യാര്‍ഥികളെ കര്‍ഷക നേതാവ് അഖില്‍ ഗൊഗോയി (44) യുടെ ചുവര്‍ചിത്രം വരയ്ക്കുന്നതിനിടെ പോലിസ് തടഞ്ഞത്. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ ബസിസ്ത ചരിയാലി എന്ന ക്രോസ്‌റോഡിന് സമീപത്തെ ഫ്‌ളൈഓവറിലാണ് ചുവര്‍ച്ചിത്രം വരച്ചത്.
'അംഗ' ആര്‍ട്ട് കളക്റ്റീവ് അംഗങ്ങള്‍ എന്ന നിലയില്‍, നാല് കലാകാരന്മാര്‍ 2011 മുതല്‍ പൊതു ചുവരുകളില്‍ രാഷ്ട്രീയ ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. അവരുടെ ഗ്രാഫിറ്റിയില്‍ ലക്ഷ്മി ഒറംഗിനെയും ബോഡോലാന്‍ഡിനെയും കുറിച്ച് കലാപരമായ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ മുമ്പൊരിക്കലും അവരെ ചിത്രം വരയ്ക്കുന്നതില്‍ നിന്ന് പിന്‍മാറാനോ ചിത്രം മായ്ക്കുവാനോ പോലിസ് പറഞ്ഞിട്ടില്ല. മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാലാണ് ഞങ്ങള്‍ നിയമം ലംഘിച്ചതെന്ന് പോലിസ് പറയുന്നു.
നാലു വിദ്യാര്‍ഥികളേയും നാലുമണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചിരുന്നു. നിങ്ങള്‍ക്ക് ഒരു പുഷ്പമോ കാണ്ടാമൃഗമോ വരയ്ക്കാമെന്ന് ഞങ്ങളോട് പോലിസ് പറഞ്ഞെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്‍ഐഎ കേസില്‍ അഖില്‍ ഗൊഗോയിയെ അറസ്റ്റ് ചെയ്തതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാന്‍ കഴിയില്ല. വരച്ച ചിത്രം മായ്ക്കുവാന്‍ രണ്ട് കോട്ട് വെള്ളപൂശാന്‍ പോലിസ് നിര്‍ബന്ധിച്ചുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
2019 ഡിസംബറില്‍ ബസിസ്ത ചരിയാലിക്ക് സമീപമാണ് 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ (സിഎഎ) റോഡ് ഉപരോധം ആരംഭിച്ചത്. അസമീസ് ആധിപത്യമുള്ള ബ്രഹ്മപുത്ര താഴ്‌വര, സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തി, ദിസ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കര്‍ഷക സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതിയാണ് (കെഎംഎസ്എസ്) പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.
ചുവര്‍ച്ചിത്രത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഉത്കണ്ഠ, ഗൊഗോയിയോടുള്ള അസ്വസ്ഥതയുടെ പ്രകടനമാണ്. ജയിലില്‍ വിചാരണയോ ജാമ്യമോ ഇല്ലാതെ ഡിസംബര്‍ 12 ന്, ഒരു വര്‍ഷം തികഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയായ ഗൊഗോയിയെ ദീര്‍ഘകാലം തടവിലാക്കപ്പെട്ടത് കാസിരംഗ നാഷണല്‍ പാര്‍ക്ക്, സുബാന്‍സിരി ഡാം പദ്ധതികള്‍ക്കായുള്ള സര്‍ക്കാര്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെതിരേ പ്രക്ഷോഭം നയിച്ചതിനാണ്. ഡിസംബര്‍ 11 ന്, ഗൊഗോയി തടവിലാക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തിനാണ് സിഎഎ വിരുദ്ധ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി പുനരാരംഭിച്ചത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മായി ചേര്‍ന്ന് നടത്തിയ വലിയ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രക്ഷോഭമെന്ന് ആരോപിച്ചായിരുന്നു യുഎപിഎയ്ക്ക് കീഴില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അഖില്‍ ഗൊഗോയിക്കെതിരേ കേസെടുത്തത്. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് അദ്ദേഹത്തിന് കൊവിഡ് ബാധയേറ്റിരുന്നു.
2001 ല്‍ നമ്പോര്‍ റിസര്‍വ് വനത്തിലെ കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്നാണ് ഗൊഗോയി പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. 2016 ല്‍ കാസിരംഗ ദേശീയോദ്യാനത്തില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. 2011 ലെ ഇന്ത്യ എഗെയിന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. അസം മന്ത്രിമാര്‍ക്കെതിരായ അഴിമതി കേസുകള്‍ അന്വേഷിക്കുകയും വിവരം പുറത്തുവിടുകയും ചെയ്ത പൊതുപ്രവര്‍ത്തകനായതിനാലാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് ഗൊഗോയിയുടെ ഭാര്യ പറയുന്നു.
മുന്‍ ഉല്‍ഫ കമാന്‍ഡറായ ജിതന്‍ ദത്തയ്‌ക്കൊപ്പം ഒരു പൊതു പരിപാടിയില്‍യില്‍ സംസാരിച്ചതിന് ശേഷം യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമുമായി (ഉല്‍ഫ) ബന്ധമുണ്ടെന്നാരോപിച്ച് 2017 സെപ്തംബറിലാണ് ഗൊഗോയിക്കെതിരേ രാജ്യദ്രോഹക്കുറ്റം ആദ്യമായി ചുമത്തി അറസ്റ്റ് ചെയ്തത്. 2019 ജനുവരിയില്‍ സിഎഎ പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നയിക്കുന്നതിനിടെയാണ് രണ്ടാം തവണ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.