അധിനിവേശത്തെ പിന്തുണക്കില്ല; ഇസ്രായേല്‍ കമ്പനിയുടെ 35 ദശലക്ഷം ഡോളറിന്റെ ഓഫര്‍ നിരസിച്ച് ജോര്‍ജ്ജ് ക്ലൂണി
അധിനിവേശ രാജ്യത്തെ പിന്തുണയ്ക്കില്ലെന്ന് നിലപാടില്‍ ഇസ്രായേല്‍ കമ്പനിയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് പ്രശസ്ത ഹോളിവുഡ് താരം ജോര്‍ജ്ജ് ക്ലൂണി. ഒരു ദിവസത്തിന് 35 ദശലക്ഷമാണ് ഇസ്രായേല്‍ എയര്‍ലൈന്‍ കമ്പനിയായ എല്‍ അല്‍(EL AL) നല്‍കിയ ഓഫര്‍. എന്നാല്‍, അധിനിവേശ രാജ്യത്തെ ഒരു തരത്തിലും പിന്തുണക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് ജോര്‍ജ്ജ് ക്ലൂണി ഓഫര്‍ നിരസിക്കുകയായിരുന്നു. ലെബനീസ് മനുഷ്യാവകാശ പ്രവര്‍ത്തകയായ ഭാര്യ അമല്‍ അലമുദീനുമായി കൂടിയാലോചിച്ച ശേഷമാണ് ജോര്‍ജ്ജ് ക്ലൂണി ഇസ്രായേല്‍ കമ്പനിയുടെ ഓഫര്‍ നിരസിച്ചതെന്ന് ദി ഗാര്‍ഡിയന്‍ പത്രത്തോട് വെളിപ്പെടുത്തി.
'ഒരു എയര്‍ലൈന്‍ പരസ്യത്തിനായി ഒരു ദിവസത്തേക്ക് എനിക്ക് 35 മില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തു. ഞാന്‍ അതിനെക്കുറിച്ച് അമലുമായി സംസാരിച്ചു. അത് വിലമതിക്കുന്നില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു'. ഡിസംബര്‍ മൂന്നിന് ദി ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ ക്ലൂണി പറഞ്ഞു.
'ഒരു സഖ്യകക്ഷിയാണെങ്കിലും, സംശയാസ്പദമായ ഒരു രാജ്യവുമായി എയര്‍ലൈന്‍ ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് നിലപാടെടുത്തത്'. ഇതിന്റെ പേരില്‍ ഒരു മിനിറ്റ് ഉറക്കം പോലും നഷ്ടപ്പെടുത്താനാവില്ലെന്നും ജോര്‍ജ്ജ് ക്ലൂണി വ്യക്തമാക്കി.
പ്രശസ്ത ഹോളിവുഡ് താരമായ അദ്ദേഹം സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍, സംരംഭകന്‍, ആക്റ്റിവിസ്റ്റ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയനാണ്. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും രണ്ട് അക്കാഡമി അവാര്‍ഡുകളും നേടിയ സൂപ്പര്‍ സെലിബ്രിറ്റി താരമാണ് ജോര്‍ജ്ജ് ക്ലൂണി.