കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുമോ? വിദഗ്ധ സംഘം പരിശോധന നടത്തി
വിമാനത്താവളത്തില്‍ ലഭ്യമായ സൗകര്യങ്ങളും റണ്‍വേയിലെ പരിസ്ഥിതിയും വിമാനം ലാന്‍ഡിങ് സമയത്തുണ്ടാകുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും സംഘം വിലയിരുത്തി.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസിന് കളമൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഉന്നതതല ഡിജിസിഎ സംഘം വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തി. ഇവര്‍ കേന്ദ്ര കാര്യാലയത്തിന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുക. വിമാനത്താവളത്തില്‍ ലഭ്യമായ സൗകര്യങ്ങളും റണ്‍വേയിലെ പരിസ്ഥിതിയും വിമാനം ലാന്‍ഡിങ് സമയത്തുണ്ടാകുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും സംഘം വിലയിരുത്തി. മുന്‍പ് എയര്‍ ഇന്ത്യ ജംബോ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന കാലത്ത് അനുവദിക്കപ്പെട്ടിരുന്ന ഭാരം, ലാന്‍ഡിങ് സമയത്തെ പ്രയാസങ്ങള്‍, പൈലറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍, ഓരോ വിഭാഗത്തിലെയും ലാന്‍ഡിങ് ഡേറ്റകള്‍ എന്നിവ സംഘം പരിശോധിച്ചു.
റണ്‍വേയില്‍ ഘര്‍ഷണക്കുറവ് ഉണ്ടെന്നും ടാര്‍നിക്ഷേപം അനുവദനീയമായ അളവില്‍ കൂടുതലാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ഇതിന് അത്യാധുനിക യന്ത്രസംവിധാനം കോഴിക്കോട് ലഭ്യമാണ്. പരിശോധനയുടെ അടിസ്ഥാനത്തില്‍ വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് ഇറങ്ങുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ലെന്നാണ് സംഘം വിലയിരുത്തുന്നത്.
അടുത്ത ദിവസം സംഘം ഡിജിസിഎ കേന്ദ്ര കാര്യാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ മധ്യത്തോടെയോ ജനുവരി ആദ്യത്തോടെയോ വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ കോഴിക്കോട് നഷ്ടമായ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിമാനത്താവള വികസനത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് വലിയ പ്രാധാന്യമാണുള്ളത്. വലിയ സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കുന്നതോടെ കോഴിക്കോട് വിട്ട സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ ജംബോ സര്‍വീസ് തുടങ്ങിയവ കോഴിക്കോട്ട് മടങ്ങിയെത്തും എന്നാണ് കരുതപ്പെടുന്നത്. സൗദി അറേബ്യയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ കോഴിക്കോട് വിമാനത്താവളത്തില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തും. ആഗസ്ത് ഏഴിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടത്തെ തുടര്‍ന്നാണ് കോഴിക്കോട് നിന്നുള്ള വലിയ വിമാനങ്ങളുടെ അനുമതി ഡിജിസിഎ പിന്‍വലിച്ചത്. ഇതില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഉന്നതതലസംഘത്തെ കോഴിക്കോട്ടേക്കയക്കാന്‍ ഡിജിസിഎ തീരുമാനിച്ചത്.