വമ്പന്‍ വാഗ്ദാനങ്ങളാല്‍ ഉത്തരാഖണ്ഡ് 'കൈ'പിടിയിലാവുമോ?

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കി അധികാരത്തിലേക്ക് തിരിച്ചെത്താമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Update: 2021-11-09 15:42 GMT

ഡെറാഡൂണ്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെതുടര്‍ന്ന് ഭരണം നഷ്ടപ്പെട്ടെങ്കിലും കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ണാണ് ഉത്തരാഖണ്ഡിലേത്. അതിനാല്‍ തന്നെ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കി അധികാരത്തിലേക്ക് തിരിച്ചെത്താമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.


സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നടന്ന 2002ലെ പ്രഥമ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 എണ്ണവും സ്വന്തമാക്കി കോണ്‍ഗ്രസ് ഭരണത്തിലേറിയിരുന്നു. എന്നാല്‍, 70ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. അന്ന് കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമാണ് വിജയിച്ച് കയറാനായത്.

എന്നാല്‍ ഇത്തവണ ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്നു നേട്ടം കൊയ്ത് വിജയത്തേരിലേറാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഇതിനായി നിരവധി തന്ത്രങ്ങളും വമ്പന്‍ വാഗ്ദാനങ്ങളുമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുള്ളത്.

അതില്‍ സുപ്രധാനമായ ഒരു പ്രഖ്യാപനാണ് കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം നടത്തിയത്. നിലവില്‍ രണ്ട് തലസ്ഥാനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഗെയര്‍സെയിനെ സംസ്ഥാനത്തിന്റെ മുഴുവന്‍ സമയ തലസ്ഥാനമാക്കി മാറ്റുമെന്നാണ് റാവത്തിന്റെ പ്രഖ്യാപനം.

ഗെയര്‍സെയിന്‍ വേനല്‍ക്കാല തലസ്ഥാനമാണെങ്കില്‍ ഡെറാഡൂണ്‍ ആണ് ശൈത്യകാല തലസ്ഥാനം. അടുത്തിടെയായിരുന്നു ഗെയര്‍സെയിന്‍ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചത്. ഇത് മാറ്റി മുഴുവന്‍ സമയ തലസ്ഥാനമായി ഗെയര്‍സെയിനെ മാറ്റുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.കോണ്‍ഗ്രസ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്.

അധികാരത്തില്‍ വന്ന് 'രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍' ഗൈര്‍സൈനെ സംസ്ഥാനത്തിന്റെ സ്ഥിരം തലസ്ഥാനമാക്കുമെന്ന് കോണ്‍ഗ്രസ് തിങ്കളാഴ്ച വാഗ്ദാനം ചെയ്തത്. ഗൈര്‍സൈനില്‍ സ്ഥിരമായ തലസ്ഥാനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഞങ്ങള്‍ ആദ്യം സൃഷ്ടിക്കും, തുടര്‍ന്ന് അധികാരത്തില്‍ വന്ന് രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന തലസ്ഥാനം അവിടേക്ക് മാറ്റുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പറഞ്ഞു.

ഗൈര്‍സൈനിന്റെ വികസനത്തിനായി ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും റാവത്ത് കുറ്റപ്പെടുത്തിയിരുന്നു. ഒരു തലസ്ഥാന നഗരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിനാല്‍ വിധാന്‍ സഭ സ്ഥിതി ചെയ്യുന്ന ഭരാരിസൈന്‍ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രത്യേകം വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇത് ഡീനോട്ടിഫൈ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

അതേസമയം, കോണ്‍ഗ്രസ് വിട്ട് പോയ ഒന്‍പത് നേതാക്കാള്‍ തിരികെയെത്താന്‍ ഒരുങ്ങുകയാണെന്ന് ടൈംസ് നൗ റിപോര്‍ട്ടും കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്.

2017ലെ ഉത്തരഖാണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറെടുക്കവെയായിരുന്നു ഒന്‍പത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2016ലായിരുന്നു വിമത നേതാക്കളുടെ ഈ കൂടുമാറ്റം. ഇപ്പോഴിതാ അടുത്തവര്‍ഷം ഉത്തരാഖണ്ഡില്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവര്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരികെയെത്തിയേക്കും എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്.

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരായിരുന്നു 2016ല്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അന്നത്തെ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു ഇവരുടെ കൂടുമാറ്റം. ബഹുഗുണയ്ക്ക് പുറമെ സുബോധ് ഉണ്ണിയാല്‍, പ്രദീപ് ഭത്ര, കന്‍വാര്‍ പ്രണവ് സിംഗ് ചാമ്പ്യന്‍, രേഖ ആര്യ, ഉമേഷ് ശര്‍മ, അമൃത റാവത്ത്, ശൈലേന്ദ്ര മോഹന്‍ സിംഗാല്‍, ശൈല റാണി റാവത്ത് എന്നിവരായിരുന്നു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ എത്തിയത്. കോണ്‍ഗ്രസ് വിട്ടെത്തിയ ഇവര്‍ക്കെല്ലാവര്‍ക്കം 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റും നല്‍കി. ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രി ഹരക് സിങ് റാവത്തും മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതിനിടെ, സംസ്ഥാന മന്ത്രിസഭാ അംഗമായിരുന്ന യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയും ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസിലേക്ക് കഴിഞ്ഞ മാസം മടങ്ങിയെത്തിയത് കോണ്‍ഗ്രസിന് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്.കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഇരുവരും 2017 ലായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. മന്ത്രിയും മകനും കോണ്‍ഗ്രസിലേക്ക് മടങ്ങിത്തിയതിന് പിന്നാലെയാണ് ഒന്‍പത് നേതാക്കള്‍ കൂടി തിരികെയെത്തുമെന്ന റിപ്പോര്‍ട്ടും ചര്‍ച്ചയാകുന്നത്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഈ നീക്കം ഊര്‍ജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags:    

Similar News