ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരും; എല്ലാ വിദ്യാര്‍ഥികളുടെയും കൈയില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കും- മുഖ്യമന്ത്രി

Update: 2021-06-08 06:40 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം തുടരേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കൊവിഡ് കാലത്ത് പാഠപുസ്തകം പോലെ തന്നെ വിദ്യാര്‍ഥികളുടെ കൈയില്‍ ഡിജിറ്റല്‍ ഉപകരണമുണ്ടാവുക പ്രധാനമാണ്. വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്കും അത് കൈയിലുണ്ടാവേണ്ടതുണ്ട്. അതിനാവശ്യമായ നടപടികള്‍ വിവിധ സ്രോതസ്സുകളെ ഒന്നിച്ചണിനിരത്തി നടപ്പാക്കും. കൊവിഡ് രണ്ടാം തരംഗത്തില്‍ നില്‍ക്കുന്നു.

ഒന്നാം ഘട്ടത്തില്‍ രണ്ടാം തരംഗത്തെക്കുറിച്ച് ആരും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ മൂന്നാം തരംഗത്തെക്കുറിച്ച് ലോചിക്കുകയാണ്. മൂന്ന് വന്നാല്‍ പിന്നീട് വരുമോയെന്ന് അറിയില്ല. കൊവിഡ് കുറച്ചുകാലം നമുക്കൊപ്പമുണ്ടാവുമെന്ന് കാണേണ്ടതുണ്ട്. അപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ചുപറയാന്‍ പറ്റാത്ത അവസ്ഥയാണ്. സംസ്ഥാനത്തിന്റെ ഭാവിയെന്ന് പറയുമ്പോള്‍ വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ ഡിജിറ്റല്‍ ഡിവൈഡുണ്ടാവാന്‍ പാടില്ല. അതിനാവശ്യമായ കരുതല്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം.

അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ മാത്രമല്ല, ഏതെല്ലാം തരത്തില്‍ വിവിധ സ്രോതസ്സുകളെ സമാഹരിക്കാന്‍ പറ്റും. ആ സ്രോതസ്സുകളെയെല്ലാം ഒന്നിച്ച് അണിനിരത്തി നല്ലരീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പല സ്ഥലങ്ങളിലായി സംസ്ഥാനത്ത് കണക്ടിവിറ്റി പ്രശ്‌നം, ഇതെങ്ങനെ ഉറപ്പിക്കാന്‍ കഴിയും. അക്കാര്യത്തില്‍ ഒരുയോഗം വിളിച്ചു. ആദിവാസി മേഖലയാണ് പ്രധാനം. വിവിധ മേഖലയുടെ സഹായം വേണ്ടിവരും. കെഎസ്ഇബിയുടെ ലൈന്‍ കുഴിച്ചിടണം.

കേബിള്‍ നെറ്റ് വര്‍ക്ക്, സഹായം സ്വീകരിച്ച് നെറ്റ് വര്‍ക്ക് കണക്ടിവിറ്റി ഉറപ്പിക്കാന്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ചില കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്രൊവൈഡര്‍ ഫീസ് താങ്ങാന്‍ കഴിയാതെവരുന്നുണ്ട്. ഇവര്‍ക്ക് സൗജന്യമായോ താങ്ങാവുന്ന ഫീസോ ഉറപ്പാക്കും. സാമ്പത്തിക ബാധ്യത പരിഹരിച്ച് കുട്ടികള്‍ക്ക് ഭാരമില്ലാത്ത തരത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പുനല്‍കി.

Tags:    

Similar News