ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ ആദരിച്ചത് അപലപനീയം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
വെറുപ്പും അക്രമവും നിസ്സാരവല്‍കരിക്കപ്പെടുന്നതിനെതിരെ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളെ ശ്രീരാമസേന പ്രവര്‍ത്തകര്‍ ആദരിച്ച നടപടി അപലപനീയമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്. നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്നവര്‍ക്കെല്ലാം അസ്വസ്ഥതയുണ്ടാക്കുന്ന നടപടിയാണിതെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ്‌ലാം പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ ശിക്ഷിക്കപ്പെടുന്നതിന് പകരം സ്വീകരിക്കപ്പെടുന്നത് അക്രമത്തെയും വെറുപ്പിനെയും പ്രോത്സാഹിപ്പിക്കുന്നതാണ്. കേസിലെ പ്രതികളില്‍ ഒരാള്‍ ഒഴികെ എല്ലാവരും ജാമ്യത്തിലാണെന്നത് ആശങ്കാജനകമാണ്. തീവ്ര ഹിന്ദുത്വ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരായ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം.
ഹിന്ദു ജനജാഗൃതി സമിതി, സനാതന്‍ സന്‍സ്ത തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിക്കുന്ന തീവ്ര ഹിന്ദുത്വ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവരായിരുന്നു പ്രതികള്‍ എന്ന പ്രത്യേക പോലിസ് സംഘം കണ്ടെത്തിയിരുന്നു. ജയന്ത് ബാലാജി അത്താവാല എഴുതിയ 'ക്ഷാത്രധര്‍മ്മ സാധന' പോലുള്ള കൃതികള്‍ ഇതിന് പ്രചോദനമായിട്ടുണ്ട്. ദലിത്, ന്യൂനപക്ഷ, ആദിവാസി സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിനും വിഭജനവാദികളായ സാമുദായ ശക്തികള്‍ക്കെതിരെ ഉറച്ചു നിന്നതിനും ഗൗരി ലങ്കേഷിനെ ഇവര്‍ ലക്ഷ്യമിട്ടു.
പ്രതികളുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടക്കണമെന്നും യാസ്മിന്‍ ഇസ്‌ലാം ആവശ്യപ്പെട്ടു. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്തവരെ ആദരിക്കുന്നവരെ സംസ്ഥാനസര്‍ക്കാര്‍ കര്‍ശനമായി നേരിടണം. ഗൗരി ലങ്കേഷിന്റെ കുടുംബത്തിനും നീതിക്കായി പോരാടുന്നവര്‍ക്കും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സര്‍വ്വ പിന്തുണയും നല്‍കുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്ന വെറുപ്പും അക്രമവും നിസ്സാരവല്‍കരിക്കപ്പെടുന്നതിനെതിരെ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യാസ്മിന്‍ ഇസ്‌ലാം അഭ്യര്‍ഥിച്ചു.