പ്രതിഷേധം കനത്തു; അല്‍ജസീറ ചാനല്‍ വിലക്ക് യൂറ്റിയൂബ് പിന്‍വലിച്ചു

അല്‍ജസീറ ചാനലിന്റെ അറബിക് ലൈവ് സ്ട്രീമിനാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പ്രായപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതോടെ ഗൂഗ്ള്‍ ഉടമസ്ഥതയിലുള്ള യൂറ്റിയൂബ് ഇത് പിന്നീട് പിന്‍വലിച്ചു.

Update: 2021-05-20 12:36 GMT

വാഷിങ്ടണ്‍: ഫലസ്തീനിലെ ഇസ്രായേല്‍ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ പുറത്തുവിടുന്നതിന് അല്‍ജസീറ ചാനലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കനത്ത പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരമായി യൂറ്റിയൂബ്. അല്‍ജസീറ ചാനലിന്റെ അറബിക് ലൈവ് സ്ട്രീമിനാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പ്രായപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതോടെ ഗൂഗ്ള്‍ ഉടമസ്ഥതയിലുള്ള യൂറ്റിയൂബ് ഇത് പിന്നീട് പിന്‍വലിച്ചു.

ചാനലിന്റെ ഉള്ളടക്കം അനുചിതമായിരിക്കാമെന്നും തത്സമയ സ്ട്രീം കാണുന്നതിന് ഉപയോക്താവിന്റെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്ന സന്ദേശമാണ് അല്‍ ജസീറ അറബിക് യൂറ്റിയൂബ് പേജില്‍ പ്രത്യക്ഷപ്പെട്ടത്.

അല്‍ജസീറയിലെ അക്രമദൃശ്യങ്ങള്‍ അടങ്ങിയ ഉള്ളടക്കം എല്ലാ പ്രേക്ഷകര്‍ക്കും അനുയോജ്യമാകില്ല. കാണണമെന്നുള്ളവര്‍ സൈന്‍ ഇന്‍ ചെയ്ത് തങ്ങള്‍ക്ക് 18 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടെന്ന് സ്ഥിരീകരിക്കണമെന്നായിരുന്നു അല്‍ജസീറ അധികൃതര്‍ യൂറ്റിയൂബ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി.

ഇസ്രായേലില്‍ നിന്നും സയണിസ്റ്റ് സൈന്യം ഗസ്സക്കുനേരെ ബോംബ് തൊടുത്തുവിടുന്നതും അത് ഗസ്സ നഗരത്തില്‍ പതിക്കുന്നതും തത്സമയ സംപ്രേക്ഷണമാണ് പ്രധാനമായും ഈ ചാനലിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നത്.

ഫലസ്തീനില്‍ ഇസ്രായേല്‍ ബോംബിങ് തകര്‍ത്തതിന്റെ ശേഷിപ്പുകളും നാശനഷ്ടങ്ങളും ദുരിതങ്ങളുമെല്ലാം തത്സമയം ലോകത്തിന് മുന്‍പില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന മാധ്യമമാണ് അല്‍ജസീറ. കഴിഞ്ഞ ദിവസം ഗസയിലെ അല്‍ജസീറയുടെ ഓഫിസ് നിലകൊള്ളുന്ന കെട്ടിടം സയണിസ്റ്റ് സൈന്യം ബോംബാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.

Tags:    

Similar News