മംഗളൂരുവില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; ബിജെപി നേതാക്കള്‍ക്കെതിരേയും ആക്രമണം (വീഡിയോ)

Update: 2022-07-27 10:05 GMT

മംഗളൂരു: മംഗളൂരുവില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അക്രമാസക്തരായി സംഘപരിവാര പ്രവര്‍ത്തകര്‍. തെരുവിലിറങ്ങിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെയും ആക്രമണം നടത്തി. ആള്‍ക്കൂട്ടത്തില്‍ നിന്ന് പള്ളിക്ക് നേരെ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ ഒരാളാണ് പള്ളിക്ക് നേരെ കല്ലെറിയുന്നത്. പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ പോലിസ് ലാത്തി ചാര്‍ജ്ജ് നടത്തി.

കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രസിഡന്റ് പ്രവീണ്‍ നെട്ടാറിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയ പാര്‍ട്ടി പ്രസിഡന്റ് നളിന്‍ കട്ടീലിനെയും ജില്ലാ ചുമതലയുള്ള മന്ത്രി സുനില്‍ കുമാറിനെയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദക്ഷിണ കന്നടയിലെ പുത്തൂരില്‍ ആക്രമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഹനം അക്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നളിൻ കുമാർ കട്ടീലിൻ്റെ കാർ തടഞ്ഞ ബിജെപി പ്രവർത്തകർ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. സംഘപരിവാർ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നേതൃത്വം യാതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.

അതേസമയം പ്രവീണ്‍ നെട്ടാറുൻ്റെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിലെ മൂന്ന് താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും നൂറുകണക്കിനാളുകളാണ് വിലാപയാത്രയിൽ പങ്കെടുക്കാൻ എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. 

യുവമോര്‍ച്ച പ്രാദേശിക നേതാവ് ബെല്ലാരി സ്വദേശി പ്രവീണ്‍ നട്ടാരുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടു പേരാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസ് നിഗമനം. പ്രതികളെ പിടികൂടാത്തതില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു .അതേസമയം പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രതികരിച്ചു.

കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബെല്ലാരെയില്‍ കോഴി ഫാം നടത്തുകയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നട്ടാരു . ഇന്നലെ രാത്രി ഒമ്പതരയോടെ കട പൂട്ടി വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കന്നതിനിടയിലാണ് രണ്ടു പേര്‍ ബൈക്കിലെത്തി പ്രവീണിനെ ആക്രമിക്കുന്നത്. തൊട്ടടുത്ത കടയിലേക്ക് പ്രവീണ്‍ ഓടിക്കയറിയെങ്കില്ലും ആക്രമികള്‍ പിന്തുടര്‍ന്ന് പ്രവീണിന്റെ തലയില്‍ വെട്ടി പരുക്കേല്‍പ്പിച്ചു. ശേഷം അതേ ബൈക്കില്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള പുട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവീണിനെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവമോര്‍ച്ച ദക്ഷിണ കര്‍ണ്ണാടക എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് കൊല്ലപ്പെട്ട പ്രവീണ്‍. ഒരാഴ്ച മുമ്പ് വിഷ്ണു നഗറില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കത്തില്‍ പ്രവീണും പങ്കാളിയായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശിയായ പത്തൊമ്പതുകാരനും ബെല്ലാരെയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെല്ലാം പ്രവീണിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പോലിസ് അന്വേഷിച്ചു വരികയാണ്.അതേസമയം ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

അതിനിടെ പ്രതികള്‍ എത്തിയതെന്ന് സംശയിക്കുന്ന കേരളാ രജിസ്‌ട്രേഷനിലുള്ള ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് വ്യക്തമാക്കി. മുംഗളൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയാണ് കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരെ. പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സുളിയ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അതിനിടെ, യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് അര്‍ദ്ധരാത്രി വീടുകളില്‍ റെയ്ഡ് നടത്തി നിരപരാധികളായ മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തതായി എസ്ഡിപിഐ ആരോപിച്ചു. പ്രവീണിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി സര്‍ക്കാരിനെ പ്രീതിപ്പെടുത്താന്‍ നിരപരാധികളെയാണ് പോലിസ് അറസ്റ്റ് ചെയ്തതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷാക്കിര്‍ ആരോപിച്ചു. ഘോഷയാത്ര നടത്താന്‍ സംഘപരിവാറിനെ അനുവദിക്കരുതെന്ന് എസ്ഡിപിഐ പോലിസിനോട് ആവശ്യപ്പെട്ടു. അക്രമം ഉണ്ടായാല്‍ അതിന് പോലിസ് ആയിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News