100 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍; ടി-സീരീസ് യുട്യൂബ് ചാനലിന് ഗിന്നസ് റെക്കോഡ്
2006 മാര്‍ച്ച് 13നാണ് ടി-സീരീസ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. പ്രധാനമായും ബോളിവുഡ് സംഗീത വീഡിയോകളും ബോളിവുഡ് സിനിമാ ട്രെയ്‌ലറുകളുമാണ് ഇതില്‍ അപ്ലോഡ് ചെയ്യുന്നത്.
ന്യൂഡല്‍ഹി: 100 ദശലക്ഷം പേര്‍ സബ്‌സ്‌ക്രൈബ് ചെയ്ത ആദ്യ യുട്യൂബ് ചാനല്‍ എന്ന ബഹുമതി ടി-സീരീസിന്. ആദ്യമായി ഈ നേട്ടം കൈവരിച്ചതിന് ടി-സീരീസ് മാനേജിങ് ഡയറക്ടര്‍ ഭൂഷണ്‍ കുമാറിന് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് മുംബൈയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കി.
കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദനമാണിതെന്നും കുമാര്‍ പറഞ്ഞു. 2006 മാര്‍ച്ച് 13നാണ് ടി-സീരീസ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. പ്രധാനമായും ബോളിവുഡ് സംഗീത വീഡിയോകളും ബോളിവുഡ് സിനിമാ ട്രെയ്‌ലറുകളുമാണ് ഇതില്‍ അപ്ലോഡ് ചെയ്യുന്നത്. ദിവസവും നിരവധി വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന 29 സബ് ചാനലുകള്‍ ഇതിന് കീഴിലുണ്ട്.
സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ടി-സീരീസിന്റെ പ്രധാന എതിരാളി പ്യൂഡീപീ ആണ്. 96 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഈ ചാനലിനുള്ളത്. സ്വീഡിഷ് യുട്യൂബര്‍ ഫെലിക്‌സ് ആര്‍വി ഉല്‍ഫ് ജെല്‍ബര്‍ഗാണ് ഇതിന്റെ ഉടമ. രണ്ട് ചാനലുകളും മാസങ്ങളായി ഒന്നാം സ്ഥാനത്തിന് പരസ്പര മല്‍സരത്തിലായിരുന്നു. അതിനിടെ സ്വീഡിഷ് യുട്യൂബര്‍ ടി-സീരീസിനെ കളിയാക്കി വീഡിയോ പുറത്തിറക്കി. ഇതോടെ ലോകത്തൊട്ടാകെയുള്ള ബോളിവുഡ് ആരാധകര്‍ ടി-സീരീസിനെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു.