ഇന്ത്യയിലെ മോശം മുഖ്യമന്ത്രി പിണറായിയെന്ന് ഗൂഗിള്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് അന്വേഷണത്തില്‍ ആദ്യം കാണുക. വാര്‍ത്തയും ചിത്രങ്ങളുമൊക്കെ പരതിയാലും ആദ്യം വരുന്നത് പിണറായി തന്നെ.
തിരുവനന്തപുരം: ഇന്ത്യയിലെ മോശം മുഖ്യമന്ത്രിയാര്? എന്ന് ചോദിച്ചാല്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ മറുപടി പിണറായി വിജയനെന്ന്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് അന്വേഷണത്തില്‍ ആദ്യം കാണുക. വാര്‍ത്തയും ചിത്രങ്ങളുമൊക്കെ പരതിയാലും ആദ്യം വരുന്നത് പിണറായി തന്നെ.
ശബരിമല വിഷയത്തില്‍ സുപ്രിംകോടതി നിലപാട് അംഗീകരിച്ച്, വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ത്യയൊട്ടുക്കും ബിജെപി വന്‍ പ്രചാരണമാണ് നടത്തുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശബരിമല പ്രശ്‌നമുയര്‍ത്തി ബിജെപി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി ഗൂഗിളിലുണ്ടായ അന്വേഷണങ്ങളാകാം ഇത്തരത്തിലൊരു ഉത്തരത്തിന് കാരണം. സമാന ചോദ്യങ്ങളുമായോ ഉത്തരങ്ങളുമായോ ഉള്ള വെബ് പേജുകളിലെക്കുള്ള അന്വേഷണങ്ങളാണ് ഇത്തരത്തിലുള്ള ഉത്തരം ലഭിക്കാന്‍ ഇടയാക്കുന്നത്.
ഇതിനെതിരേ പ്രതിരോധ പ്രചാരണവും നടക്കുന്നുണ്ട്. ഈ ഉത്തരത്തിന് ശരിയായ ഫീഡ്ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കാംപയ്‌നാണ് സാമൂഹിക മാധ്യമത്തില്‍ നടക്കുന്നത്.
രസകരമായ കാര്യം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി വിജയന്റെ ഉത്തരമാണ് വരിക. Who is the bad chief minister of Kerala എന്ന ചോദ്യത്തിന് എ കെ ആന്റണി എന്നാണ് ഉത്തരം. അതേസമയം bad chief minister of Kerala എന്ന് ചോദിച്ചാല്‍ പിണറായി വിജയന്‍ എന്ന ഉത്തരവും വരും.
ഇതിന് മുമ്പും ഇത്തരത്തില്‍ രസകരമായ ഉത്തരങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ' ഏറ്റവും വലിയ പത്ത് കുറ്റവാളികള്‍' എന്ന് ഗൂഗിളില്‍ അന്വേഷിച്ചാല്‍ നരേന്ദ്രമോദിയിലാണ് എത്തുക. മുന്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫി, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ ചിത്രങ്ങളും ഇതുപോലെ ഗൂഗിളിന്റെ തെരഞ്ഞെടുപ്പിലുണ്ട്.