പശുവിന്റെ പേരിലുള്ള അക്രമത്തെ വാഹനാപകടം ആക്കാനുള്ള പോലിസ് നീക്കം പൊളിയുന്നു; ഹിന്ദുത്വരുടെ ക്രൂരമായ ആക്രമണത്തിന്റെ അനുഭവം പങ്കുവച്ച് സമീഉദ്ദീന്‍

Update: 2018-07-17 09:00 GMT

ഹാപൂര്‍: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പശുവിന്റെ പേരില്‍ ഹിന്ദുത്വര്‍ നടത്തിയ ആക്രമണ കേസ് അട്ടിമറിക്കാനുള്ള പോലിസ് നീക്കം പാളുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മുഹമ്മദ് സമീഉദ്ദീന്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി രംഗത്ത്. ജൂണ്‍ 18 മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സമീഉദ്ദീന്‍ ജൂലൈ 14നാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്. ഹാപൂര്‍ ജില്ലയിലെ ബജേര ഖുര്‍ദ് ഗ്രാമത്തിലാണ് 64കാരനായ സമീഉദ്ദീനെ ഹിന്ദുത്വര്‍ തല്ലിച്ചതക്കുകയും 50കാരനായ ഖാസിമിനെ അടിച്ചുകൊല്ലുകയും ചെയ്തത്.

പില്‍ഖുവ ഗ്രാമത്തില്‍ അറവുകാരനും കാലിക്കച്ചവടക്കാരനുമായിരുന്നു ഖാസിം. സമീഉദ്ദീനെ അര്‍ധബോധാവസ്ഥയിലാണ് സംഭവ സ്ഥലത്തു നിന്ന് ഹാപൂര്‍ പോലിസ്ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

കൊലപാതകം നടന്ന് 26 ദിവസമായിട്ടും പ്രധാന സാക്ഷിയായ ഖാസിമിന്റെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടില്ല. ബജേര ഖുര്‍ദിലെ അജ്ഞാതരായ 25 പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കലാപം, കൊലപാതക ശ്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ബജേരയില്‍ നിന്നുള്ള രജ്പുത് വിഭാഗത്തില്‍പ്പെട്ട രാകേഷ് സിസോദിയ, യുധിഷ്ടിര്‍ സിങ്, സോനു, കാപ്തന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

എന്നാല്‍, പശുവിന്റെ പേരില്‍ നടന്ന കൊലപാതകത്തെ വാഹനാപകടവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമായാണ് പോലിസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമീഉദ്ദീനെ ഒരു മോട്ടോര്‍സൈക്കിള്‍ തട്ടിയെന്നും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കം 25-30 പേരടങ്ങുന്ന സംഘവുമായുള്ള അക്രമത്തില്‍ കലാശിച്ചെന്നുമാണ് പോലിസ് പറയുന്നത്. എന്നാല്‍, പോലിസ് നടപടിക്രമങ്ങളിലെ ആദ്യ രേഖയായ പോലിസ് ഡയറിയില്‍ അപകടത്തെക്കുറിച്ച് പരാമര്‍ശമില്ല.

ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ യാഥാര്‍ഥ്യം വെളിപ്പെടുത്തി സമീഉദ്ദീന്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവം നടന്ന ദിവസം താനും അയല്‍വാസിയായ ഹസനും കാലിത്തീറ്റ ശേഖരിക്കാനാണ് മദാപൂര്‍ ഗ്രാമത്തിന്റെ അതിര്‍ത്തിയിലുള്ള ഫാമിലെത്തിയത്. മദാപൂരിനെയും സമീപ ഗ്രാമമായ ബജേര ഖുര്‍ദിനെയും വേര്‍തിരിക്കുന്നത് ഈ ഫാമാണ്. തങ്ങള്‍ രണ്ടു പേരും ഫാമില്‍ വിശ്രമിക്കവേ ഖാസിം ഒരു വടിയുമായി തനിയെ നടന്നുപോവുന്നത് കണ്ടു. പെട്ടെന്ന് ബജേര ഗ്രാമത്തില്‍ നിന്ന് 20-25 പേരടങ്ങുന്ന സംഘം ഖാസിമിന് നേരെ വടിയുമായി പാഞ്ഞടുത്തു. അവര്‍ ഖാസിമിനെ ക്രുരമായി മര്‍ദിക്കാന്‍ തുടങ്ങി. എന്താണ് കാര്യമെന്ന് ചോദിച്ച് സംഭവത്തില്‍ ഇടപെട്ട തന്നെയും ക്രൂരമായി മര്‍ദിച്ചു.

തന്റെ താടിപിടിച്ച് വലിച്ച് ഇടിക്കുകയും ചവിട്ടുകയും ചെയ്തു. നിങ്ങള്‍ പശുവിനെ കൊന്നില്ലേ എന്ന് ചോദിച്ചായിരുന്നു ആക്രമണം. കത്തിയും മഴുവുമില്ലാതെ എങ്ങിനെയാണ് ഇവിടെ പശുവിനെ അറുക്കുക എന്ന് താന്‍ ചോദിച്ചു. എന്നാല്‍, അതൊന്നും ശ്രദ്ധിക്കാന്‍ ആള്‍ക്കൂട്ടം തയ്യാറായില്ല. സംഭവം കണ്ട് ഭയന്ന് വിറച്ച ഹസന്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് അക്രമികള്‍ സമീഉദ്ദീനെ ബജേരയിലെ ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി. അവിടെയും അക്രമം തുടര്‍ന്നു. അപ്പോഴേക്കും 50ഓളം പേര്‍ അവിടെ എത്തിയിരുന്നു.

അര്‍ധബോധാവസ്ഥയില്‍ ആയതിനാല്‍ പിന്നീടുള്ള സംഭവങ്ങളൊന്നും സമീഉദ്ദീന് കൃത്യമായി ഓര്‍മയില്ല. പോലിസ് എപ്പോഴാണ് സംഭവ സ്ഥലത്തെത്തിയതെന്ന് അറിയില്ല. എന്നാല്‍, ഒരു മൃഗത്തെപ്പോലെ വലിച്ചിഴച്ചാണ് പോലിസ് തന്നെ വാഹനത്തിലേക്ക് കയറ്റിയത്. പരിക്കേറ്റ ഒരാള്‍ക്ക് കിട്ടേണ്ട ഒരു ദയയും പോലിസ് കാട്ടിയില്ല. തന്റെ ശരീരത്തില്‍ തല മുതല്‍ കാല്‍വിരല്‍ വരെ പരിക്കുകളുണ്ടായിരുന്നു. ആശുപത്രിയില്‍ വച്ച് ആരോ തന്റെ വിരലുകള്‍ ഒരു പേപ്പറിലേക്ക് അമര്‍ത്തി പതിപ്പിച്ചു. അര്‍ധബോധാവസ്ഥയില്‍ അത് അനുഭവപ്പെട്ടിരുന്നെങ്കിലും ആരാണ് ചെയ്തതെന്ന് വ്യക്തമല്ല. സമീഉദ്ദീന്റെ മൊഴിയെന്ന പേരില്‍ പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരുന്നു. അതില്‍ വാഹനാപടകടമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അക്രമികളില്‍ പലരുടെയും മുഖം വീഡിയോയില്‍ വ്യക്തമാണ്. മിക്കവരും സമീഉദ്ദീന് തിരിച്ചറിയാവുന്നവരുമാണ്. എന്നാല്‍, അവരെയൊന്നും പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലിസ് പിടികൂടിയവരില്‍പ്പെട്ട യുധിഷ്ടിര്‍ സിങിന് ജൂലൈ 4ന് ജാമ്യം ലഭിച്ചു. സിസോദിയയുടെ ജാമ്യാപേക്ഷ ജൂലൈ 19ന് പരിഗണിക്കാനിരിക്കുകയാണ്.

സംഭവത്തിലെ സത്യം വെളിപ്പെടുത്താതിരിക്കാന്‍ പോലിസ് സമ്മര്‍ദ്ദം ചെലുത്തിയതായി സമീഉദ്ദീന്റെ സഹോദരന്‍ യാസീന്‍ പറഞ്ഞു. ബജേര ഗ്രാമത്തിലുള്ളവര്‍ സംഘത്തിലുണ്ടായിരുന്ന കാര്യം പുറത്തുപറയരുതെന്നും പോലിസ് ആവശ്യപ്പെട്ടു. സംഭവം നടന്ന ഉടനെ പില്‍ഖുവ പോലിസ് സ്‌റ്റേഷനിലെത്തിയ തന്നെയും സുഹൃത്ത് ദിനേഷ് തോമറിനെയും സര്‍ക്കിള്‍ ഓഫിസര്‍ പവന്‍ കുമാര്‍ ഭീഷണിപ്പെടുത്തി. താന്‍ പറയുന്ന രീതിയില്‍ റിപോര്‍ട്ട് എഴുതിയില്ലെങ്കില്‍ സഹോദരനെ ഒരിക്കലും കാണാന്‍ കഴിയില്ലെന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് തെറ്റായ പരാതി റിപോര്‍ട്ടില്‍ താന്‍ ഒപ്പുവയ്ക്കുകയായിരുന്നുവെന്നും യാസീന്‍ വ്യക്തമാക്കി.

കേസ് അട്ടിമറിക്കാനുള്ള പോലിസ് ശ്രമത്തിനെതിരേ സമീഉദ്ദീനും യാസീനും തോമറും ചേര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കി മീററ്റ് ഐജി രാം കുമാര്‍, എഡിജിപി പ്രശാന്ത് കുമാര്‍, ഹാപൂര്‍ പോലിസ് സൂപ്രണ്ട് സങ്കല്‍പ്പ് ശര്‍മ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
Tags:    

Similar News