മലയാളി താരം ദേവദത്ത് പടിക്കലിന് സെഞ്ച്വറി: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ യുഎഇയെതരിപ്പണമാക്കി ഇന്ത്യ
ബംഗളൂരു:ഏഷ്യാകപ്പ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വീണ്ടും ഉശിരന്‍ ജയം. ഗ്രൂപ്പ് എ യിലെ രണ്ടാം മല്‍സരത്തില്‍ യുഎഇയാണ് ഇന്ത്യക്ക് മുന്നില്‍ ബലിയാടായത്. 227 റണ്‍സിനാണ് ഇന്ത്യയുടെ ജയം. നേരത്തേ നേപ്പാളിനെതിരെയും വലിയ മാര്‍ജിനില്‍ ഇന്ത്യ ജയം നേടിയിരുന്നു.
മല്‍സരത്തില്‍ ആദ്യം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തപ്പോള്‍ യുഎഇക്ക് 33.5 ഓവറില്‍ 127 എടുക്കാനേ കഴിഞ്ഞുള്ളൂ. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും (115 പന്തില്‍ 121) അനുജ് റാവത്തിന്റെയും(115 പന്തില്‍ 102) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായത്. ഓപണിങിനിറങ്ങിയ ഇവര്‍ 34.5 ഓവറില്‍ 205 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇന്ത്യക്ക് സംഭാവന ചെയ്തത്. രണ്ട് സിക്‌സറും 15 ഫോറും പായിച്ച് ആരാധകരുടെ മനം കവര്‍ന്ന ദേവദത്ത് പടിക്കലാണ് കളിയിലെ താരം. ക്യാപ്റ്റന്‍ പവന്‍ ഷായും (33 പന്തില്‍ 45) സമീര്‍ ചൗധരിയും (19 പന്തില്‍ 42) കത്തിക്കയറി. അവസാന ഓവറുകളില്‍ എട്ട് പന്തില്‍ മൂന്ന് സിക്‌സറുകള്‍ ഉള്‍പ്പെടെ 21 റണ്‍സെടുത്ത ആശിഷ് ബദോനിയുടെ ഇന്നിങ്‌സും ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു.
മറുപടിക്കിറങ്ങിയ യുഎഇ നിരയില്‍ അലി മിര്‍സയ്ക്കാണ് (41) ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്.
ഇന്ത്യക്ക് വേണ്ടി സിദ്ധാര്‍ഥ് ദേശായി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. നാല് പോയിന്റുമായി ഇന്ത്യ തന്നെയാണ് ഗ്രൂപ്പ് എയില്‍ മുന്നില്‍. ആദ്യ മല്‍സരത്തിലും പരാജയപ്പെട്ട യുഎഇ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.