അരുണാചല്‍ മലനിരകളിലെ ഹൈവേ കട്ടിങ്

Update: 2021-11-15 16:53 GMT

-രഞ്ജിത്ത് ഫിലിപ്പ്

ഞാന്‍ ഇന്നോളം വായിച്ചതില്‍ ഏറ്റവും മികച്ച യാത്രാവിവരണങ്ങളിലൊന്നായിരുന്നു 'ദിഗാരുവിലെ ആനകള്‍', ചിന്ത രവി എന്ന എം രവീന്ദ്രന്‍ തന്റെ നീണ്ട യാത്രകളിലൊന്നില്‍ അരുണാചല്‍പ്രദേശിലെ ദിഗാരുവില്‍ വെച്ച് ആനപ്പുറത്തേറി ദിബാംഗ് നദി മറികടന്നു നടത്തുന്ന യാത്രയുടെ ത്രില്ലടിപ്പിക്കുന്ന ഒരു വിവരണമാണത്.


ആ യാത്ര നടന്ന് അനേക കൊല്ലങ്ങള്‍ക്കപ്പുറം ഞാന്‍ അരുണാചലില്‍ എത്തുമ്പോള്‍ ദിഗാരുവിലെ ആനകള്‍ മാത്രമല്ല സിയാംഗിലെയും ലോഹിതിലെയും ദിബാംഗിലെയുമെല്ലാം മിക്കവാറും ഫെറികള്‍ പോലും അപ്രത്യക്ഷമായിരുന്നു. ബ്രഹ്മപുത്ര നദിയുടെ മേല്‍സൂചിപ്പിച്ച കൈവഴികളുടെയല്ലാം നിര്‍ണ്ണായകമായ സ്ഥാനങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട പാലങ്ങള്‍ പുരാതനമായ ആ കടത്തുമാര്‍ഗ്ഗങ്ങളെയെല്ലാം മറവിയിലേക്ക് തള്ളിയിരുന്നു .


കിഴക്കന്‍ ഹിമാലയത്തിലെ മലകള്‍ ഇടിച്ചു തള്ളി നിര്‍മ്മിക്കപ്പെടുന്ന പുതിയ പാതകള്‍ അരുണാചലിന്റെ ദുര്‍ഗ്ഗമമായ ഗ്രാമങ്ങളെയും പര്‍വത പട്ടണങ്ങളെയും തമ്മില്‍ തമ്മിലും ആസാമിലെ താഴ്‌വാരങ്ങളുമായും എളുപ്പം ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി വെച്ചിരുന്നു. സാധാരണ ഇന്ത്യന്‍ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശം എന്നു തോന്നുമെങ്കിലും ചുരുങ്ങിയത് എത്ര സമയം കൊണ്ട് ഒരു ദൂരം മറികടക്കാന്‍ സാധിക്കുമെന്ന് മനക്കണക്ക് കൂട്ടാന്‍ പറ്റുന്ന തരം വഴികള്‍ നിലവില്‍ വന്നു

എന്നത് തദ്ദേശവാസികള്‍ക്ക് നല്‍കിയ സഹായം ചെറുതൊന്നുമായിരിക്കില്ല .


ഇത്തവണത്തെ യാത്രയില്‍ രാത്രി ഗുവാഹത്തി ISBT യില്‍ നിന്ന് ഇറ്റാനഗര്‍ ബോര്‍ഡ് വെച്ച് ഓടി തുടങ്ങിയ ബസ് അതിരാവിലെ നഹര്‍ലഗൂണില്‍ വെച്ച് ട്രിപ്പ് അവസാനിപ്പിച്ചപ്പോഴാണ് ഏതാണ്ട് അരുണാചല്‍ മുഴുവനായും നടന്നുകൊണ്ടിരിക്കുന്ന ബൃഹത്തായ ഒരു ഹൈവേ പണിയുടെ നടുവിലേക്കാണ് ഞാന്‍ വന്നിറങ്ങിയിരിക്കുന്നതെന്നതിന്റെ ആദ്യ സൂചന കിട്ടിയത് .


ഇറ്റാനഗറിന്റെ ഇരട്ടനഗരമായ നഹര്‍ലഗൂണ്‍ പട്ടണം മലയുടെ താഴ്‌വാരത്താണ് സ്ഥിതിചെയ്യുന്നത് അവിടുന്ന് കുന്നിന്‍ മുകളിലെ ഇറ്റാനഗറിലേക്ക് വീതിയേറിയ ഒരു ഇരട്ടവരി പാത കയറ്റം കയറി പോകുന്നുണ്ടെങ്കിലും അതിന്റെ പണിയും മുഴുവനായി പൂര്‍ത്തിയായിട്ടില്ല . പല ഭാഗങ്ങളും ചെറിയ വാഹനങ്ങളേ കടന്നു പോകൂ അതുകൊണ്ട് നഹര്‍ലഗൂണില്‍ നിന്ന് അങ്ങോട്ട് ട്രിപ്പടിക്കുന്ന ഒരു ഷെയര്‍ സുമോക്കാണ് ഞാന്‍ ഇറ്റാനഗറിലേക്ക് പോയത് കഷ്ടിച്ച് പന്ത്രണ്ടു കിലോമീറ്ററിന് എഴുപത്തഞ്ചു രൂപയാണ് ഒരാള്‍ക്കുള്ള ചാര്‍ജ്, ഇതു കൂടാതെ അപൂര്‍വ്വം മിനി ബസുകളും കണ്ടു ഈ റൂട്ടില്‍.


അരുണാചലിന്റെ പൊതുസ്വഭാവത്തിന്റെ കൃത്യമായ ഒരു ചെറു മാതൃക തന്നെയാണ് ഈ ഇരട്ടനഗരവും . കുന്നിന്‍ മുകളിലെ പട്ടണത്തില്‍ നിന്ന് പുറത്തോട്ടുള്ള യാത്രാമാര്‍ഗ്ഗങ്ങളെല്ലാം തന്നെ താഴത്തെ സമതല പട്ടണത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് , അതുപോലെ തന്നെ അരുണാചല്‍പ്രദേശെന്ന വിശാലമായ പര്‍വത സംസ്ഥാനത്തിന്റെ യാത്രാമാര്‍ഗ്ഗങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും ആസാമിലെ സമതലങ്ങളിലൂടെയാണ്.


സിലാപത്തര്‍ , നോര്‍ത്ത് ലക്കിംപൂര്‍ , തിന്‍സൂക്കിയ , മാര്‍ഗെരിത്ത തുടങ്ങിയ പല ആസാം പട്ടണങ്ങളും അടിസ്ഥാനപരമായി അരുണാചലിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള ഗേറ്റ് വേ കൂടിയാണെന്ന് പറയാം. അന്യസംസ്ഥാനങ്ങളിലേക്ക് മാത്രമല്ല

അരുണാചലിലെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാനും തലസ്ഥാനമായ ഇറ്റാനഗറിലേക്ക് എത്തണമെങ്കിലുമൊക്കെ മിക്കപ്പോഴും ആസാമിലേക്ക് മലയിറങ്ങി പിന്നീട് വീണ്ടും അരുണാചലിലേക്ക് കയറണം .


സംസ്ഥാനത്തിന്റെ ഈ ദുര്യോഗം മാറ്റാന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ പ്ലാന്‍ ചെയ്ത ആശയമായിരുന്നു ട്രാന്‍സ് അരുണാചല്‍ ഹൈവേ പദ്ധതി . പടിഞ്ഞാറെ അറ്റത്തെ തവാംഗില്‍ നിന്ന് തുടങ്ങി ബോംഡില, ഇറ്റാനഗര്‍ ,സിറോ , ദാപോറിജോ , ആലോംഗ് , പാസിഘട്ട് , റോയിംഗ് , തേജു തുടങ്ങിയ പട്ടണങ്ങളെയെല്ലാം ബന്ധിപിച്ച് സംസ്ഥാനത്തിന്റെ അങ്ങേ അറ്റത്ത് മ്യാന്‍മാര്‍ നാഗാലാന്റ് അതിര്‍ത്തികള്‍ വരെ എത്തുന്ന ഈ വന്‍ ഹൈവേ പദ്ധതി അരുണാചലിനെ നെടുനീളത്തില്‍ മുറിച്ച് ഏതാണ്ട് സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് കൂടിയാണ് കടന്നു പോകുന്നത് , പ്രധാന ഹൈവേയില്‍ നിന്ന് മെച്ചുക്ക , യിങ്കിയോംഗ് , വിജയനഗര്‍ പോലെയുള്ള ചൈനാ , മ്യാന്‍മാര്‍ അതിര്‍ത്തിയിലെ പര്‍വത മേഖലകളിലേക്കെല്ലാമായി നിരവധി ഉപ ഹൈവേകളുമുണ്ട് . ഇതില്‍ കുറെ ഭാഗങ്ങളില്‍ നിലവില്‍ റോഡുകള്‍ ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ നടപ്പ് വഴി പോലും നിലവിലില്ല ഉള്ള റോഡുകളാവട്ടെ മിക്കവാറും കഷ്ടിച്ച് ഒരു വാഹനം പോകാന്‍ മാത്രം പറ്റുന്ന ഗ്രാമീണ റോഡുകളും . പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങികൊണ്ടിരുന്ന പദ്ധതിക്ക് അടുത്ത കാലത്താണ് സ്പീഡ് കൂടിയത് എന്നു പറയുന്നു , എന്തു തന്നെയാണെങ്കിലും കൃത്യം ഈ റോഡുപണിയുടെ നടുവിലേക്ക് തന്നെ ചെന്നു കയറാനുള്ള നിര്‍ഭാഗ്യമാണ് ഇത്തവണത്തെ യാത്രയിലുടനീളം എന്നെ പിന്തുടര്‍ന്നത് കൂനിന്‍മേല്‍ കുരുവെന്ന് പറഞ്ഞത് പോലെ വിടാതെ പിന്തുടര്‍ന്ന മഴയും , പക്ഷെ എല്ലാ യാത്രകളെയും പോലെ ഇതും ഞാന്‍ പൂര്‍ണ്ണമായും ആസ്വദിക്കുക തന്നെ ചെയ്തു .

വഴി പണിക്ക് തദ്ദേശീയര്‍ പറയുന്ന 'ഹൈവേ കട്ടിങ്' എന്ന പേര് അതിന് തികച്ചും അനുയോജ്യമാണ്, ഇറ്റാനഗര്‍ മുതലങ്ങോട്ട് വഴി നീളെ നൂറു കണക്കിന്ന് മണ്ണുമാന്തി യന്ത്രങ്ങളാണ് നിരന്നു നിന്ന് ഹിമാലയന്‍ മലനിരകളെ നിര്‍ദ്ദാക്ഷിണ്യം വെട്ടിയരിഞ്ഞ് പുതിയ ഹൈവേ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത് . ഞാന്‍ അരുണാചലില്‍ പ്രവേശിച്ച ദിവസം വഴി മുഴുവന്‍ പറന്നു നടക്കുന്ന പൊടിമണ്ണാണ് പ്രയാസപ്പെടുത്തിയതെങ്കില്‍ പിറ്റേ ദിവസം മുതല്‍ പൊടിഞ്ഞു പെയ്തു തുടങ്ങിയ നൂല്‍മഴ ആദ്യം പൊടിയെ അടക്കിയെങ്കിലും പിന്നീട് അതേ വഴികളെ മുഴുവന്‍ കൊഴുത്ത ചെളി നിറഞ്ഞ് നീണ്ട് കിടക്കുന്ന ഒരു ചതുപ്പ് ആക്കി മാറ്റിയിരുന്നു , എങ്കിലും ഇറ്റാനഗറില്‍ നിന്ന് സിറോ വാലിയിലേക്കുള്ള റോഡ് താരതമ്യേന മെച്ചപ്പെട്ട ഒന്നായിരുന്നു .

സംസ്ഥാനത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് അരുണാചലിലെ പ്രധാന െ്രെടബുകളായ നൈഷികളുടെയും അപതാനികളുടെയും ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും ഈ പാത കടന്ന് പോകുന്ന മേഖലയാണ് അരുണാചലിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് പറയാവുന്ന ഇടം,

അരുണാചലിന്റെ സ്വന്തം മതമായ ഡോണ്യിപോളോയിസത്തിന്റെയും പ്രധാന സ്വാധീന മേഖലയാണ് ഇവിടം .

അപതാനി െ്രെടബുകളുടെ ആസ്ഥാനമായ സിറോ വാലി അരുണാചലിലെ ടൂറിസം സര്‍ക്യൂട്ടിലെ ഒരു പ്രധാന ഇടമാണ്, ശൈത്യകാലം തുടങ്ങുന്നതിന് തൊട്ടു മുന്‍പുള്ള സമയത്തെ സിറോ മ്യൂസിക് ഫെസ്റ്റിവല്‍ വിദേശീയരടക്കമുള്ള വിനോദ സഞ്ചാരികളെ ഈ താഴ്വരയിലേക്ക് എത്തിക്കുന്ന ഒന്നാണ് . ഒരു വശത്തെ മലനിരകളിലേക്ക് പടര്‍ന്നു കിടക്കുന്ന പൈന്‍ മരക്കാടുകളും അതിനോട് ചേര്‍ന്ന താഴ്‌വരയിലെ നെല്‍വയലുകളുമാണ് സിറോയുടെ മുഖമുദ്ര , ആ സമയത്ത് ഞാന്‍ കണ്ടത് വരണ്ട പാടങ്ങളായിരുന്നെങ്കിലും കൊയ്ത്തിനു തൊട്ടുമുന്‍പുള്ള സമയങ്ങളില്‍ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന പാടങ്ങളുടെ കാഴ്ച എത്ര മായികമായിരിക്കും എന്ന് നമുക്ക് ഊഹിക്കാം . വിശാലമായ താനി െ്രെടബല്‍ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും സിറോ താഴ്‌വരയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന അപതാനികളും അവരുടെ കാര്‍ഷിക സാംസ്‌കാരിക രീതികളും മറ്റുള്ള െ്രെടബുകളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് വളര്‍ന്നു വന്നിരിക്കുന്നത് . പര്‍വതങ്ങളുടെ ദുര്‍ഗ്ഗമമായ ചെരുവുകളിലും , കുതിച്ചൊഴുകുന്ന ഹിമാലയന്‍ നദികളോട് ചേര്‍ന്നുള്ള വീതി കുറഞ്ഞ തീരസമതലങ്ങളിലും കൊടും വനങ്ങളുടെ നടുക്കുള്ള ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം വസിക്കുന്ന മറ്റു െ്രെടബുകളെ വെച്ചു നോക്കുമ്പോള്‍ അപതാനികളാവും ഏറ്റവും നാഗരികമായി ജീവിക്കുന്നവരെന്നാണ് എനിക്ക് ഒറ്റ നോട്ടത്തില്‍ തോന്നിയത് .

സിറോയിലെ രണ്ടു ദിവസത്തെ താമസത്തിന് ശേഷം മുന്‍പോട്ടുള്ള യാത്രയും അരുണാചല്‍ ഹൈവേയില്‍ കൂടെ തന്നെ എന്നുറപ്പിച്ചിരുന്നത് കൊണ്ട് കൂടുതല്‍ എളുപ്പമെത്താന്‍ സാധിക്കുന്ന ആസാം വഴിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നതേ ഇല്ല . പോകേണ്ടിയിരുന്ന ദിവസത്തേക്ക് സീറ്റ് ബുക്ക് ചെയ്യാന്‍ തലേന്ന് ഉച്ച കഴിഞ്ഞ് ടാക്‌സി സ്റ്റാന്റിലെത്തിയപ്പോഴാണ് സിറോവാലി ആസ്ഥാനമാക്കിയ ടാക്‌സികളെല്ലാം അടുത്ത രണ്ടു ദിവസത്തേക്ക് ഓടുന്നില്ല എന്നറിഞ്ഞത് , അവസാനം ഹാപോളി ടാക്‌സി സ്റ്റാന്റിലെ ഒരു ചായക്കടക്കാരനാണ് പിറ്റേന്ന് രാവിലെ ഇറ്റാനഗറില്‍ നിന്ന് വരുന്ന ടാക്‌സിയില്‍ ദാപോയിലേക്കുള്ള സീറ്റ് ഒപ്പിച്ചു തരാമെന്നേറ്റത് . ഇറ്റാനഗറില്‍ നിന്ന് വന്ന ഷെയര്‍ ടാക്‌സിയില്‍ ഹാപ്പോളിയില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരുടെ ഒഴിവിലേക്ക് എനിക്കും ഒരു ആസാംകാരനുമാണ് അന്ന് സീറ്റ് കിട്ടിയത്. ആസാംകാരന്‍ ഇടയിലുള്ള രാഗാ എന്ന സ്ഥലത്ത് ഇറങ്ങാനുള്ളതാണ് , തലേന്ന് സിറോയിലെത്തിയ അയാള്‍ കണക്ഷന്‍ വണ്ടി കിട്ടാത്തത് കൊണ്ട് ഇവിടെയൊരു ഹോട്ടലില്‍ റൂമെടുത്തു തങ്ങിയതാണ്. തുച്ഛ വരുമാനക്കാരനായ അയാള്‍ക്ക് കഴുത്തറപ്പന്‍ ടാക്‌സി ചാര്‍ജിനു പുറമെ ഒരു ദിവസത്തെ ലോഡ്ജ് വാടക കൂടി നഷ്ടമായതിലുള്ള എല്ലാ നിരാശയും ഉണ്ടായിരുന്നു , നിയമവും വ്യവസ്ഥയുമില്ലാത്ത ഈ മലയോരങ്ങളെക്കുറിച്ച് അയാള്‍ ശബ്ദം താഴ്ത്തി എന്തൊക്കയോ എന്നോടായി പിറുപിറുത്തെങ്കിലും എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല . പക്ഷെ അവിടമാണ് വണ്ടിയുടെ ലഞ്ച് സ്‌റ്റോപ്പ് എന്ന് മനസ്സിലാക്കാന്‍ പറ്റാതിരുന്നതാണ് എനിക്ക് പറ്റിയ പ്രധാന പിഴവ് , മഴ കാരണം പതിവിലും വൈകിയ ടാക്‌സി സിറോയിലെ സ്റ്റാന്റിലെത്തുമ്പോള്‍ രാവിലെ ഒന്‍പതു മണി കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ ബ്രേക്ക് ഫാസ്റ്റായി ചായയും ബിസ്‌കറ്റും കഴിച്ചിരുന്ന ഞാന്‍ ഇനി ഇവിടുത്തെ പതിവനുസരിച്ച് പതിനൊന്നു മണി കഴിഞ്ഞ് എവിടെങ്കിലും നിര്‍ത്തുമ്പോള്‍ ഉച്ചഭക്ഷണം കഴിക്കാമെന്ന പ്രതീക്ഷയിലായിരുന്നു . പക്ഷെ അതു കഴിഞ്ഞ് വണ്ടി നിര്‍ത്തിയത് നാലു മണിക്ക് ഒരു ചായ സ്‌റ്റോപില്‍ മാത്രമായിരുന്നു , ഭക്ഷണം കിട്ടിയത് രാത്രി ദാപോയില്‍ എത്തിയതിന് ശേഷം മാത്രവും . സമീപകാലത്ത് രൂപികരിച്ച ഒരു ജില്ലയുടെ ആസ്ഥാനമായ രാഗയും അതുപോലുള്ള ഒന്നോ രണ്ടോ വലിയ ഗ്രാമങ്ങളും ഒഴിച്ചാല്‍ ഏറിയ പങ്കും വനവും ചെറു ഗ്രാമങ്ങളും മാത്രമേയുണ്ടായിരുന്നുള്ളൂ ആ റൂട്ടില്‍ .

അന്ന് ദാപോറിജോയിലേക്കുള്ള ടാക്‌സിയുടെ പിന്‍സീറ്റില്‍ ഞെരുങ്ങിയിരുന്ന് യാത്ര ചെയ്യുമ്പോള്‍ മുഴുവന്‍ ഞാന്‍ ആലോചിച്ചിരുന്നത് എന്റെ ആദ്യത്തെ പ്ലാന്‍ പ്രകാരം ഗോഹത്തിയില്‍ നിന്ന് ബൈക്കും വാടകക്ക് എടുത്താണ് വന്നതെങ്കില്‍ ഞാന്‍ എങ്ങിനെ പെട്ടു പോയേനെ എന്നതാണ് . രണ്ടായിരം മീറ്ററിനു മുകളിലുള്ള ആ ചുരം പാതകളിലെ ചെളിക്കുളങ്ങളിലൂടെ ആ സമയത്ത് ഒരു ബൈക്ക് യാത്ര തീര്‍ത്തും അസാധ്യമായിരുന്നു . ബൈക്ക് ഉപേക്ഷിച്ച് പോവുകയോ അതല്ലെങ്കില്‍ ബൈക്ക് കൊണ്ടുപോകാന്‍ മറ്റേതെങ്കിലും വാഹനം സംഘടിപ്പിക്കുകയോ അല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെ ഞാന്‍ വഴിയില്‍ കുടുങ്ങിയേനെ . അതുകൊണ്ട് തന്നെ നിര്‍ത്താതെ പെയ്യുന്ന നനുത്ത മഴയിലും മൂടല്‍മഞ്ഞിലും വിറങ്ങലിപ്പിക്കുന്ന തണുപ്പിലും ആ ടാക്‌സിയുടെ പിന്‍സീറ്റില്‍ കൂനിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുമ്പോഴും എനിക്ക് ആശ്വാസമാണ് തോന്നിയത് . രാത്രിക്കു മുന്‍പേ ടാക്‌സി ദാപോയിലെത്തുമോ എന്ന കാര്യം മാത്രമായിരുന്നു അപ്പോള്‍ എന്നെ അലട്ടി കൊണ്ടിരുന്ന ഏക പ്രശ്‌നം. ടൂറിസ്റ്റുകള്‍ക്കോ യാത്രക്കാര്‍ക്കോ വേണ്ടി പ്രത്യേകിച്ചൊന്നുമില്ലാതിരുന്ന ആ ചെറിയ പട്ടണത്തെക്കുറിച്ച് അതുവരെ കേട്ട അഭിപ്രായങ്ങളൊന്നും അത്ര നല്ലതുമായിരുന്നില്ല. ഹൈവേ കട്ടിംഗ് തുടങ്ങുന്നതിനു മുന്‍പു പോലും ഇറ്റാനഗറില്‍ നിന്നും സിറോ വാലിയില്‍ നിന്നുമൊക്കെ ആലോ , മെച്ചുക്ക റൂട്ട് പോകേണ്ട യാത്രക്കാര്‍ ആസാമിലെ സിലാപത്തര്‍ വഴിയുള്ള റോഡാണ് തിരഞ്ഞെടുത്തിരുന്നത് അപ്പോള്‍ പിന്നെ ഇത്തരമൊരു സമയത്ത് ദാപോറിജോ വഴി പോകാന്‍ തീരുമാനിച്ച എന്നെ പറഞ്ഞാല്‍ മതിയല്ലോ. പക്ഷെ എനിക്കും വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു എന്നതാണ് വാസ്തവം , എന്റെ ഞഠജഇഞ സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതുകൊണ്ട് അതിര്‍ത്തി കടന്നാല്‍ റീ എന്‍ട്രിക്ക് വീണ്ടും പുതിയ ടെസ്റ്റ് വേണ്ടി വരുമോ എന്നതായിരുന്നു ഒരു പ്രശ്‌നം പക്ഷെ അതിലേറെ പ്രധാനം അരുണാചലിന്റെ ഉള്ളില്‍ കൂടി യാത്ര ചെയ്യാന്‍ വന്ന ഞാന്‍ അതിനു പകരം ആസാമിലൂടെ യാത്ര ചെയ്ത് തൃപ്തിപ്പെടാന്‍ തയ്യാറായിരുന്നില്ല എന്നതായിരുന്നു .

പക്ഷെ ഭാഗ്യമെന്ന് തന്നെ പറയാം രാത്രിയിലെ ദാപോറിജോയുടെ കാഴ്ച എന്നെ വളരെ സന്തോഷിപ്പിക്കുന്നതായിരുന്നു , അസാധ്യവും ദുര്‍ഘടവുമെന്ന് തോന്നിപ്പിച്ച ആ മലമ്പാതയിലൂടെ നാലുമണിക്കൂര്‍ വൈകിയാണെങ്കിലും രാത്രി എട്ടുമണിയോടെ ടാക്‌സി ദാപോയിലെത്തിയപ്പോള്‍ പ്രതീക്ഷക്ക് വിപരീതമായി ആ സമയത്തും അവിടെ തുറന്നിരിക്കുന്ന കുറച്ചു കടകളും റോഡുകളില്‍ മനുഷ്യന്‍മാരുമുണ്ടായിരുന്നു . സുബന്‍സിരി നദീതീരത്തെ ആ പട്ടണം ഉയരം കുറഞ്ഞ ഒരു താഴ്വരയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് ബുദ്ധിമുട്ടിപ്പിക്കുന്ന തണുപ്പിന് പകരം നല്ല കാലാവസ്ഥയുമായിരുന്നു . ടാക്‌സിസ്റ്റാന്റിനടുത്ത് തന്നെ കിട്ടിയ റൂം ഒരു പലചരക്ക് കടയുടെ മുകളില്‍ ആയിരുന്നു , അട്ടിയിട്ടിരിക്കുന്ന ഉള്ളി ചാക്കുകള്‍ക്കും പേപ്പര്‍ കാര്‍ട്ടനുകള്‍ക്കുമിടയിലൂടെ കയറി ചെന്ന ആ റൂമില്‍ സൗകര്യങ്ങളൊന്നും കാര്യമായില്ലായിരുന്നെങ്കിലും കട മുതലാളി തന്നെ മുന്‍കയ്യെടുത്ത് വേണ്ട സാധനങ്ങളെല്ലാം റൂമിലെത്തിച്ച് തന്നു, നീണ്ട യാത്രയുടെ ക്ഷീണം മാറ്റാന്‍ ഒരു ക്വാര്‍ട്ടര്‍ വിസ്‌കിയും അതിനു ശേഷം ചൂടു ചോറും ദാലും ചിക്കന്‍ കറിയും.

പക്ഷെ പിറ്റേന്ന് രാവിലെ എണീറ്റപ്പോഴാണ് എത്തിച്ചേര്‍ന്നിരുന്ന പ്രതിസന്ധി മനസ്സിലായത്, രണ്ടു കൊല്ലം മുന്‍പ് ഇതുവഴി യാത്ര ചെയ്ത എന്റെ സുഹൃത്ത് ജെസ്‌മോന്‍ പറഞ്ഞത് പ്രകാരം അടുത്ത പ്രധാന പട്ടണമായ ആലോംഗിലേക്ക് ഇവിടെ നിന്ന് എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് അരുണാചല്‍ ട്രാന്‍സ്‌പോര്‍ടിന്റെ ഒരു ബസ് പുറപ്പെടുമെന്നും പിറ്റേന്ന് രാവിലെ ആലോംഗ് എത്തുമെന്നും മനസ്സിലാക്കിയിരുന്നു . പക്ഷെ സീറ്റ് ബുക്ക് ചെയ്യാന്‍ സ്റ്റാന്റിലെത്തിയപ്പോഴാണ് ഹൈവേ കട്ടിംഗ് നടക്കുന്നത് കൊണ്ട് ആലോംഗ് റൂട്ടില്‍ കുറച്ചു നാളായി ഒരു വണ്ടിയും സര്‍വീസ് നടത്തുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരമറിഞ്ഞത് . ദാപോ ആലോ റൂട്ടില്‍ ഇപ്പോള്‍ ഷെയര്‍ ടാക്‌സികള്‍ പോലും ഓടുന്നില്ല , സിറോ റൂട്ടില്‍ ഇനി തിരിച്ചു പോകേണ്ടി വന്നാലുള്ള അവസ്ഥ ആലോചിക്കാന്‍ കൂടി പറ്റുന്നതായിരുന്നില്ല.

ഇതിപ്പോ സെന്‍ട്രല്‍ അരുണാചല്‍ പ്രദേശിലെ തൊട്ടയല്‍പക്കത്തുള്ള രണ്ട് പ്രധാന ജില്ലാ ആസ്ഥാന പട്ടണങ്ങള്‍ക്കിടയില്‍ ഒരു ഷെയര്‍ ടാക്‌സി പോലും സര്‍വീസ് നടത്താത്ത ഒരവസ്ഥ ഞാന്‍ ഒരിക്കലും മുന്‍കൂട്ടി കണ്ടിട്ടുമുണ്ടായിരുന്നില്ല . എന്തു ചെയ്യണം എന്നറിയാതെ തിരികെ റൂമിലെത്തി കട മുതലാളിയെ കണ്ടപ്പോള്‍ പുള്ളിയാണ് അടുത്ത ഐഡിയ പറഞ്ഞു തന്നത് , ദാപോയില്‍ നിന്ന് നേരിട്ട് സിലാപത്തര്‍ വണ്ടികളുണ്ട് അതില്‍ പോയി ഇടയില്‍ ബസാര്‍ എന്ന സ്ഥലത്ത് ഇറങ്ങിയാല്‍ അവിടെ നിന്ന് ആലോ വണ്ടി കിട്ടും ,

ഉച്ച കഴിഞ്ഞ് ഇവിടുന്ന് എടുക്കുന്ന സുമോയില്‍ കയറിയാല്‍ രാത്രി ബസാറില്‍ എത്തും , ഒരു രാത്രി അവിടെ താമസിച്ചാല്‍ രാവിലെ കണക്ഷന്‍ വണ്ടി പിടിക്കാം . ടിക്കറ്റെടുത്ത ഏജന്‍സിക്കാരന്‍ തന്നെ ബസാറില്‍ വിളിച്ച് പിറ്റേന്ന് രാവിലെ ആലോംഗിലേക്കുള്ള ടാക്‌സിക്കും എനിക്ക് സീറ്റ് ബുക്ക് ചെയ്തു തന്നു .

പക്ഷെ ട്രാന്‍സ് അരുണാചല്‍ ഹൈവേയുടെ ഏറ്റവും പരിതാപകരമായ ഭാഗത്തു കൂടെയുള്ള ഒരു യാത്രക്കാണ് അപ്പോള്‍ ഞാന്‍ തയ്യാറെടുത്തു കൊണ്ടിരുന്നത് . സിറോ ദാപോ റൂട്ടാണ് ഇതിലെ ഏറ്റവും മോശം ഭാഗമെന്നായിരുന്നു അതുവരെയുള്ള എന്റെ ധാരണ പക്ഷെ ദാപോയില്‍ നിന്ന് കേവലം നൂറ്റിയിരുപതു കിലോമീറ്റര്‍ അപ്പുറമുള്ള ബസാര്‍ എന്ന സ്ഥലമെത്താന്‍ ഏതാണ്ട് ഇരുപത്തിരണ്ട് മണിക്കൂറെടുത്തു എന്നു പറഞ്ഞാല്‍ ഊഹിക്കാമല്ലോ വഴിയുടെ അവസ്ഥ . ഇടക്ക് ചെളിയില്‍ പുതഞ്ഞ ഒരു വലിയ കയറ്റത്തില്‍ ജെസിബികളില്‍ കയറു കെട്ടിയാണ് വാഹനങ്ങള്‍ വലിച്ചു കയറ്റിയിരുന്നത് , എന്നിട്ട് പോലും മണിക്കൂറുകള്‍ ക്യൂ നിന്നാണ് പലപ്പോഴും സുമോകള്‍ക്ക് ജെസിബിയുടെ തുമ്പിക്കൈയ്യില്‍ പിടുത്തമിടാന്‍ കഴിഞ്ഞിരുന്നതും . പിന്നീടങ്ങോട്ടും കഷ്ടിച്ച് ഒരു വാഹനം പോകാന്‍ വീതിയുള്ള മലമ്പാതകളുടെ പണി നടക്കുന്ന ഭാഗങ്ങളെല്ലാം ചെളിയില്‍ പുതഞ്ഞു കിടന്നിരുന്നു .

വണ്ടിയിലാണെങ്കില്‍ തദ്ദേശീയരായ ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയാം നാഗാലാന്റ്കാരായ രണ്ട് സ്ത്രീകളും ഒറീസക്കാരനായ ഒരു സര്‍ക്കാര്‍ ജോലിക്കാരനും ഞാനും കഴിഞ്ഞാല്‍ ബാക്കിയെല്ലവരും ആസാംകാരായിരുന്നു .

സന്ധ്യ കഴിയുന്നതിനു മുന്‍പ് തന്നെ വണ്ടിയില്‍ നിന്ന് എന്തെല്ലാമോ അപശബ്ദങ്ങള്‍ കേട്ടു തുടങ്ങിയിരുന്നെങ്കിലും ആസാംകാരനായ െ്രെഡവര്‍ രാജു അത് വലിയ കാര്യമാക്കാതെ ഓടിച്ചു കൊണ്ടിരുന്നു . ഭൂരിഭാഗവും വനങ്ങളും വല്ലപ്പോഴുമെത്തുന്ന ചെറു ഗ്രാമങ്ങളുമുള്ള ഈ വഴിയിലെവിടെങ്കിലും കുടുങ്ങേണ്ടി വരുമോ എന്ന സംശയം യാത്രക്കാരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു . പക്ഷെ െ്രെഡവറാവട്ടെ ഒരു പടി കൂടി കടന്ന് വഴിയില്‍ മാരം എന്ന പര്‍വത ഗ്രാമത്തിലെ ധാബയുടെ മുന്നില്‍ നിന്ന് കൈ കാണിച്ച ഒരു യുവതിയെ കൂടി വണ്ടിയില്‍ കയറ്റി , സിലാപത്തര്‍ വരെ തൊള്ളായിരം രൂപ ചാര്‍ജ് പറഞ്ഞ രാജുവിനോട് അവള്‍ വിലപേശാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട അവള്‍ ഒടുവില്‍ ആ തുകക്ക് തന്നെ യാത്ര ചെയ്യാന്‍ തയ്യാറായി . പക്ഷെ ഞാന്‍ ബുക്ക് ചെയ്ത സൈഡ് സീറ്റ് അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞത് എനിക്കിഷ്ടമായില്ല , വണ്ടിയുടെ ഏറ്റവും പുറകിലാണെങ്കിലും സൈഡ് സീറ്റ് ഉണ്ടെന്നതായിരുന്നു അതുവരെ എന്റെ ഏക ആശ്വാസം .അവസാനം െ്രെഡവര്‍ രാജു ഇറങ്ങിവന്ന് എന്താണ് ഭായ് അവരൊരു സ്ത്രീയല്ലേ , സ്ത്രീകള്‍ക്ക് സൈഡ് സീറ്റു കൊടുക്കുക എന്നതാണ് മര്യാദ എന്നു പറഞ്ഞ് എന്നെ ഇമോഷണല്‍ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് അവസാനം ഞാന്‍ അവള്‍ക്ക് എന്റെ സൈഡ് സീറ്റ് കൈമാറി. സത്യത്തില്‍ മര്യാദയോര്‍ത്തല്ല രാത്രി എന്നെ ബസാറില്‍ ഇറക്കി വിടാനുള്ള ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത് െ്രെഡവര്‍ രാജുവാണ് , പോരാത്തതിന് അയാളാണ് അവിടെ ഒരു ലോഡ്ജില്‍ എനിക്ക് റൂമും പറഞ്ഞ് വെച്ചിരിക്കുന്നത് ആ സാഹചര്യത്തില്‍ അയാളെ പിണക്കുന്നതും അത്ര ബുദ്ധിയല്ലായിരുന്നു. ഒരു സൈഡ് സീറ്റ് പോലുമില്ലാതെ ഇത്രയും മണിക്കൂറുകള്‍ ആ വണ്ടിയില്‍ എങ്ങിനെ ബാലന്‍സ് ചെയ്തിരിക്കും എന്ന് ഒരു രൂപവുമില്ലായിരുന്നു പോരാത്തതിന് നാലുപേര്‍ ഇടുങ്ങിയിരിക്കുന്ന ആ സീറ്റിലും കേരള സദാചാരം പിന്തുടര്‍ന്ന് യുവതിയുമായുള്ള സ്പര്‍ശനമൊഴിവാക്കുക എന്ന അസാധ്യകാര്യത്തിന് വേണ്ടിയുള്ള ഉപബോധമനസ്സിന്റെ സമ്മര്‍ദ്ദവും .

ഭാഗ്യമോ നിര്‍ഭാഗ്യമോ മാരം പിന്നിട്ട് ഏതാനും കിലോ മീറ്ററുകള്‍ക്കുള്ളില്‍ വലിയൊരു ശബ്ദത്തോടെ സുമോ നിന്നു.

പുറകില്‍ വന്ന രണ്ട് സുമോകള്‍ കൂടി അവിടെ നിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങി ,കുറച്ച് മണിക്കൂറുകള്‍ മുന്‍പത്തെ ബ്ലോക്കില്‍ പരസ്പരം തെറി വിളിച്ച് ക്യൂ തെറ്റിക്കാന്‍ ശ്രമിച്ച് അടിയുണ്ടാക്കിയ ഡ്രൈവര്‍മാരെല്ലാം അടുത്ത സുഹൃത്തുക്കളാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത് .

എന്തായാലും പേടിച്ചത് പോലെ തന്നെ രാജുവിന്റെ വണ്ടി ഇനി അധികം മുന്നോട്ട് പോവില്ല എന്ന് മനസ്സിലായി , യാത്രക്കാരില്‍ രണ്ടു പേര്‍ പുറകെ വന്ന സുമോകളില്‍ കിട്ടിയ കാലി സീറ്റുകള്‍ കരസ്ഥമാക്കി യാത്ര പറഞ്ഞു . ബാക്കിയുള്ള എട്ടുപേരെയും കൊണ്ട് രാജു വളരെ പതുക്കെ ഓടിച്ച് ഒരു വിധത്തില്‍ മാരം ഗ്രാമത്തിലെ ധാബയുടെ മുന്നില്‍ തിരിച്ചെത്തി . അതിനിടയിലും രാജു ബാക്കി യാത്രക്കാരെ സമയത്ത് എത്തിക്കാം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു , ദാപോറിജോയില്‍ നിന്ന് വരേണ്ട പകരം വണ്ടി ഹെലികോപ്ടറിലെത്തിച്ചാലേ ഇനി സമയം പാലിക്കാനാവൂ എന്ന് ബോധ്യമായത് കൊണ്ട് ഞാന്‍ അയാളുടെ വാക്കുകള്‍ മുഖവിലക്ക് എടുത്തില്ല . അതിനിടെ അവിടെ നിന്ന് കയറിയ യുവതി ബാഗുമെടുത്ത് തിരികെ വീട്ടിലേക്ക് മടങ്ങി, ഏജന്‍സിക്ക് കമ്മീഷന്‍ കൊടുക്കാതെ രാജുവിന് കിട്ടേണ്ടിയിരുന്ന തൊള്ളായിരം രൂപയും ആ കൂടെ പോയി . സുമോ മുറ്റത്ത് നിര്‍ത്തി പാര്‍ക്കിംഗ് സ്ഥലം നഷ്ടമാക്കിയ രാജുവിനോട് ധാബ ഉടമയായ സ്ത്രീക്ക് ഉള്ള അനിഷ്ടം അവര്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു , രാത്രിയിലെപ്പോഴെങ്കിലുമൊക്കെ ഭക്ഷണവും മദ്യവും തേടിയെത്തുന്ന ലോറിക്കാരാണ് അവരുടെ പ്രധാന ഉപഭോക്താക്കള്‍ , പാര്‍ക്കിംഗ് ഉണ്ടെങ്കിലേ അവര്‍ക്ക് വണ്ടി നിര്‍ത്താനാവൂ . ഒടുവില്‍ രാജുവിന്റെ സുമോ ധാബയുടെ ഒരു മൂലയിലെ ചെളിയിലേക്ക് മാറ്റിയിട്ടു .

സത്യത്തില്‍ രാജുവിനെ കണ്ടപ്പോള്‍ എനിക്കപ്പോള്‍ കഷ്ടം തോന്നി , സവാരി മുഴുവന്‍ നഷ്ടമായ അയാള്‍ക്ക് ഇപ്പോള്‍ കംപ്ലെയ്ന്റായ ഒരു ടാക്‌സി വണ്ടി മാത്രമാണ് ബാക്കി . ധാബയുടെ മുറ്റത്തെ ചെളിയിലും തണുപ്പിലും വണ്ടിയുടെ അടിയില്‍ ചാക്ക് വിരിച്ച് പണിയെടുത്ത് കൊണ്ടിരുന്ന രാജുവിന്റെ ദൈന്യത ഈ നാട്ടിലെ എല്ലാ സാധാരണക്കാരന്റേതുമാണ് , ഒറ്റനോട്ടത്തില്‍ കൊള്ളലാഭമെടുക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തുക ചാര്‍ജു ചെയ്യുന്ന ഈ സുമോകള്‍ക്ക് ഇതുപോലത്തെ ഒറ്റ സംഭവം മതിയാവും ഒരു മാസത്തെ മുഴുവന്‍ ലാഭവും ഇല്ലാതാക്കാന്‍ , ഇത്രയും പൊട്ടി തകര്‍ന്ന റോഡുകളില്‍ വാഹനങ്ങള്‍ തകരാറ് കൂടാതെ ഒരു മാസം ഓടിക്കാന്‍ പറ്റിയാല്‍ അതാവും ഏറ്റവും വലിയ അത്ഭുതം .

ധാബ നടത്തിപ്പുകാരിയുടെ പരാതിയിലും കാര്യമുണ്ടായിരുന്നെന്ന് തോന്നി , അല്‍പസമയം കൊണ്ടാണ് ആ മുറ്റം മുഴുവന്‍ ലോറികള്‍ വന്നു നിറഞ്ഞത് .

ആ ചെറിയ സ്ഥലത്ത് ആറ് ലോറികള്‍ അടുങ്ങി പാര്‍ക്ക് ചെയ്തത് കണ്ടപ്പോള്‍ അവിശ്വസനീയമായി തോന്നി . ധാബ മുറ്റമൊഴിവാക്കിയാല്‍ ചെറിയൊരു കാറു നിര്‍ത്താന്‍ പറ്റാത്തത്ര ഇടുങ്ങിയതാണ് ഇവിടുത്തെ റോഡ് എന്നത് വെച്ചു നോക്കുമ്പോളാണിത് . എന്തായാലും ലോറിക്കാര്‍ വന്നതോടെ ധാബ ശബ്ദായമാനമായി , കണ്ടാല്‍ ഒരു ചെറുപ്പക്കാരിയെ പോലെ തോന്നുന്ന ധാബ നടത്തിപ്പുകാരിയെ എല്ലാവരും ആന്റി എന്നാണ് അഭിസംബോധന ചെയ്തിരുന്നത് , ആന്റിയും സഹായിയായ നേപ്പാളി പയ്യനും കൂടി എല്ലാ ടേബിളുകളിലും ഓടിയെത്താന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു . മദ്യകുപ്പികളും ചെറുപ്പക്കാരായ ലോറിക്കാരുടെ ഉച്ചത്തിലുള്ള വാഗ്വാദങ്ങളും അശ്ലീല തമാശകളുമെല്ലാം ചേര്‍ന്ന് ധാബയില്‍ ഒരു അരക്ഷിതാവസ്ഥ തോന്നിയത് കൊണ്ടാവണം എന്റെ സഹയാത്രികരായിരുന്ന രണ്ടു നാഗാ സ്ത്രീകളും പതിയെ പുറത്തേക്കിറങ്ങി വെളിച്ചമുള്ള ഒരു ഭാഗത്ത് ഷാളുകള്‍ പുതച്ച് നിലത്ത് കുത്തിയിരുന്നു. വണ്ടിയില്‍ ബാക്കിയുണ്ടായിരുന്നവര്‍ ഇതിനിടയില്‍ ധാബയിലെ ഒരു ടേബിള്‍ കയ്യടക്കിയിരുന്നു , അവരു മേടിച്ച വിസ്‌കി ഷെയറു ചെയ്യാന്‍ ക്ഷണം കിട്ടിയപ്പോള്‍ ഒട്ടും മടിച്ചു നില്‍ക്കാതെ ഞാനും അതിലേക്ക് പങ്കുചേര്‍ന്നു. ഭക്ഷണവും മദ്യസേവയും കഴിഞ്ഞ ലോറിക്കാരും പോയി മണിക്കൂറുകള്‍ കഴിഞ്ഞാണ് ഞങ്ങള്‍ക്കുള്ള വണ്ടി ദാപോയില്‍ നിന്ന് എത്തിച്ചേര്‍ന്നത് , മാരം ഗ്രാമത്തിലെ ധാബയുടെ മുന്‍പില്‍ നിന്ന് ആ വണ്ടിയുടെ മുകളിലേക്ക് ലഗേജുകള്‍ കെട്ടി വെക്കുന്ന പുതിയ െ്രെഡവറോട് നീ ഞങ്ങളെ പതിനൊന്നു മണിക്കു മുന്നേ സിലാപത്തര്‍ എത്തിക്കില്ലേ എന്ന് ചോദിച്ച നാഗാ സ്ത്രീകളോട് നടുവളച്ച് കൈകൂപ്പി കൊണ്ട് അയാള്‍ പറഞ്ഞത് അക്കാര്യം ഭഗവാന് പോലും പ്രവചിക്കാന്‍ പറ്റില്ല എന്നായിരുന്നു . അപ്പോഴയാളുടെ ഭാവപ്രകടനവും മറുപടിയും കേട്ട് ആ സ്ത്രീകളടക്കം എല്ലാവരും ചിരിച്ചെങ്കിലും െ്രെഡവിംഗ് സീറ്റിലെത്തിയതില്‍ പിന്നെ അവിശ്വസനീയമായ സ്പീഡില്‍ ആണ് അയാള്‍ വാഹനം പായിച്ചിരുന്നത് . പക്ഷെ പുള്ളി പറഞ്ഞത് പോലെ തന്നെ ഭഗവാന് പോലും പ്രവചിക്കാന്‍ സാധിക്കാതിരുന്ന മറ്റൊരു ബ്ലോക്കില്‍ പെട്ട് ഞങ്ങളുടെ മരണപ്പാച്ചിലെല്ലാം വെറുതെയായി .

രണ്ടോ മൂന്നോ മണിക്കൂര്‍ ഓടിയെത്തിയപ്പോഴാണ് ഒരു കാടിനു നടുവില്‍ വെച്ച് വീണ്ടും ഞങ്ങളുടെ വാഹനം തടയപ്പെട്ടത് , ഹൈവേകട്ടിംഗ് നടക്കുന്നത് കൊണ്ട് വഴി അടച്ചിരിക്കുകയാണ് പുലര്‍ച്ചെ അഞ്ചു മണിക്കേ ഇനി റോഡു തുറക്കൂ എന്ന കാര്യത്തില്‍ തീര്‍പ്പായതോടെ അര്‍ധരാത്രിയും അസ്വസ്ഥതയും ചൂഴ്ന്ന് നിന്ന ആ വണ്ടിക്കുള്ളിലേക്ക് ഒരു തരം ശാന്തത വന്നു നിറഞ്ഞു . ദാപോയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ മുതല്‍ സിലാപത്തറില്‍ രാവിലെ പതിനൊന്നു മണിക്ക് മുന്‍പ് തന്നെ എത്തിക്കില്ലേ എന്ന് ആവര്‍ത്തിച്ച് അന്വേക്ഷിച്ചു കൊണ്ടിരുന്ന രണ്ട് നാഗാ സ്ത്രീകളും പെട്ടെന്ന് നിശ്ശബ്ദരായി . അവര്‍ രണ്ടു പേര്‍ക്ക് മാത്രമല്ല വണ്ടിയില്‍ ബാക്കിയുള്ള ഞങ്ങള്‍ ഏഴു പേര്‍ക്കും കണക്ഷന്‍ വണ്ടികള്‍ നഷ്ടമാകും എന്ന കാര്യത്തില്‍ ഇനി യാതൊരു വിധ സംശയത്തിനും ഇടയില്ലായിരുന്നു . ഞാനൊഴികെ ബാക്കിയുള്ളവരെല്ലാം സിലാപത്തറില്‍ നിന്ന് പുറപ്പെടാനുള്ള വിവിധ വണ്ടികളില്‍ സീറ്റ് ബുക്ക് ചെയ്തവരാണ് എനിക്ക് മാത്രമാണ് പകുതി വഴിക്ക് ഇറങ്ങാനുള്ളത്. അതുകൊണ്ട് തന്നെ ഹൈവേകട്ടിംഗ് എന്ന വാക്കു കേട്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ആശ്വാസമാണ് തോന്നിയത് , സുരക്ഷിതമെന്നുറപ്പില്ലാത്ത ആ മലമ്പ്രദേശത്ത് അര്‍ധരാത്രിക്കപ്പുറത്തെ കൊടുംതണുപ്പില്‍ ചെന്നിറങ്ങുന്നതിലും ഭേദമാണ് ബുക്ക് ചെയ്ത വണ്ടി നഷ്ടമാകുന്നത്, പോരാത്തതിന് ഒരു ദിവസത്തെ മുറി വാടകയും ലാഭിക്കാമെന്ന് ഞാന്‍ ഗൂഢമായി ആനന്ദിച്ചു .

അര മണിക്കൂര്‍ കൂടി മുന്‍പെ എത്തിയിരുന്നെങ്കില്‍ നമുക്ക് കടന്ന് പോകാന്‍ സാധിക്കുമായിരുന്നു എന്ന് പുറകിലെ സീറ്റിലിരുന്ന ആസ്സാംകാരന്‍ െ്രെഡവറെ കുറ്റപ്പെടുത്തും പോലെ പറഞ്ഞെങ്കിലും അതയാളുടെ കുഴപ്പമല്ല എന്ന് വണ്ടിയിലിരുന്ന എല്ലാവര്‍ക്കും അറിയാമായിരുന്നു .

വിജനമായ കാടിന്‍ നടുവില്‍ ഒറ്റപ്പെട്ട ഞങ്ങളുടെ ടാറ്റാസുമോയുടെ ഉറക്കം കെടുത്താന്‍ ശ്രമിച്ച് തുടര്‍ച്ചയായി മുരണ്ടുകൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങളെ ശപിച്ച് ആ രാത്രി മുഴുവന്‍ വണ്ടിയിലിരുന്നുറങ്ങാന്‍ ശ്രമിച്ച് ഒടുവില്‍ ബസാറിലെത്തുമ്പോഴേക്കും ഞാന്‍ ബുക്ക് ചെയ്ത വണ്ടി സ്റ്റാന്റ് വിട്ടിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞിരുന്നു . അവസാനം അന്നുച്ചക്ക് പുറപ്പെടേണ്ട ലാസ്റ്റ് സുമോയില്‍ ബാക്കിയുണ്ടായിരുന്ന ഏക സീറ്റ് കഷ്ടിച്ച് സംഘടിപ്പിച്ച് ആലോയിലിറങ്ങുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു . സിറോയില്‍ നിന്ന് ഞായറാഴ്ച രാവിലെ പുറപ്പെട്ട ഞാന്‍ കേവലം മുന്നൂറ്റി ഇരുപത് കിലോമീറ്ററപ്പുറമുള്ള ആലോംഗ് എത്തിയത് ചൊവ്വാഴ്ച വൈകിട്ട് . ഹൈവേ പണി നടക്കുന്നില്ലായിരുന്നെങ്കിലും വലിയ സമയ ലാഭമൊന്നും കിട്ടില്ലായിരുന്നു , വൈകിട്ട് എത്തുന്നതിന് പകരം ഒരുപക്ഷെ ചൊവ്വാഴ്ച രാവിലെ എത്താന്‍ പറ്റുമായിരുന്നെന്ന് കരുതാം . ഒറ്റ നോട്ടത്തില്‍ അതീവ ദുര്‍ഘടം പിടിച്ചതെന്ന് തോന്നുമെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും വ്യത്യസ്തവും സുന്ദരവുമായ പാതകളാണ് ഇന്ത്യയുടെ വടക്കുകിഴക്കിലെ പര്‍വത മേഖലകളിലൂടെയുള്ളത്. ചെറുപട്ടണങ്ങള്‍ക്കിടയില്‍ പോലും മിനിറ്റുകളുടെ ഗ്യാപ്പില്‍ ബസുകളോടുന്ന നമ്മുടെ നാട്ടില്‍ നിന്ന് വരുമ്പോള്‍ ജനസാന്ദ്രതയില്ലാത്ത ഇത്തരം പര്‍വതമേഖലകളില്‍ കൂടി യാത്ര ചെയ്യുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ് , മിക്കവാറും റൂട്ടുകളിലും ദിവസത്തിലൊരിക്കലോ അല്ലെങ്കില്‍ രണ്ടു ദിവസം കൂടുമ്പോഴുമൊക്കെയേ ട്രിപ്പുകള്‍ ഉള്ളൂവെങ്കിലും ഷെയര്‍ സുമോകള്‍ എന്ന ഗതാഗത സംവിധാനവും നമ്മെ അത്ഭുതപ്പെടുത്തും വിധം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്, അതിന്റെ സമയത്തിനനുസരിച്ച് കാത്ത് നില്‍ക്കാനുള്ള ക്ഷമ നമുക്കുണ്ടാകണമെന്ന് മാത്രം.

ആ യാത്രയില്‍ പിന്നീട് മെചുഖയിലേക്ക് ആണ് പോയത് ,ഇന്നൊരു പ്രധാന ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായിരിക്കുന്ന മെചുഖ താഴ്വരയില്‍ 2005 ല്‍ മാത്രമാണ് റോഡ് എത്തിച്ചേര്‍ന്നതെന്ന് കേട്ടപ്പോള്‍ ഞാനതിശയിച്ചു പോയി അതിനുമുന്‍പ് ജില്ലാ ആസ്ഥാനവും അടുത്തുള്ള പ്രധാന പട്ടണവുമായ ആലോയിലേക്ക് മെചുഖ നിവാസികള്‍ നടന്നാണ് പോയ്‌കൊണ്ടിരുന്നതത്രേ . എന്തായാലും

നാഴിക കണക്കിനുള്ള നടപ്പു സമയം വെച്ച് ദൂരം അളന്നിരുന്ന അരുണാചലിലെ മലനിരകള്‍ അതു വെച്ചു നോക്കുമ്പോള്‍ ഈ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് എത്രയോ മെച്ചപ്പെട്ടിരിക്കുന്നു . നടന്നു മാത്രമെത്താന്‍ പറ്റുന്ന ഗ്രാമങ്ങള്‍ ഇനിയും ബാക്കിയുണ്ടായേക്കുമെങ്കിലും സംസ്ഥാനത്തിന്റെ മിക്കവാറും മുക്കിലും മൂലയിലുമെല്ലാം ഗതാഗത യോഗ്യമായ റോഡുകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം. മടക്കയാത്രയില്‍ ആലോയിലെ മലനിരകളില്‍ നിന്ന് പാസിഘട്ടിലേക്കുള്ള റോഡ് മിക്കവാറും തകര്‍ന്നാണ് കിടന്നിരുന്നതെങ്കിലും സമതലപട്ടണത്തോട് അടുക്കുമ്പോഴേക്കും പാതകള്‍ നല്ല കണ്ടീഷനിലായിരുന്നു. അരുണാചലിലെ ഏറ്റവും പഴയ പട്ടണമായ പാസിഘട്ടില്‍ നിന്ന് ആസാമിലേക്കുള്ള റോഡിലാവട്ടെ ഒറ്റ ഗട്ടര്‍ പോലുമുണ്ടായിരുന്നില്ല, ഇടക്ക് പ്രത്യക്ഷപ്പെടുന്ന ഹമ്പുകള്‍ മാത്രമായിരുന്നു ഏക അലോസരം .

അതുപോലെ പാസിഘട്ടില്‍ നിന്ന് കിഴക്കോട്ടുള്ള ട്രാന്‍സ് അരുണാചല്‍ ഹൈവേയുടെ നിര്‍മ്മാണവും ഏറെക്കുറെ പൂര്‍ത്തിയായെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത് . 2009 ല്‍ തുറന്ന റാണാഘട്ട് പാലം സിയാംഗ് നദിയുടെ കിഴക്കന്‍ ഭാഗത്തേക്കുള്ള ഗതാഗതം ഏറെക്കുറെ സുഗമമാക്കിയിരിക്കുന്നു .

കുറച്ചു കാലം മുന്‍പു വരെ സിയാംഗിനു കിഴക്കുള്ള പ്രധാന പട്ടണമായ റോയിംഗില്‍ നിന്ന് പാസിഘട്ട് എത്താന്‍ മൂന്നോളം ഫെറികള്‍ കയറിയിറങ്ങേണ്ട എത്ര സമയമെടുക്കുന്നെന്ന് യാതൊരുറപ്പുമില്ലാത്ത യാത്ര വേണ്ടിയിരുന്നെങ്കില്‍ ഇന്ന് സ്വന്തം വണ്ടിയിലാണെങ്കില്‍ മൂന്നു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ഓടിയെത്താന്‍ സാധിക്കും . നൂറ്റാണ്ടുകളെ അതിജീവിച്ചതെന്ന് തോന്നും വിധം പുരാതനമായ ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങള്‍ പ്രധാന ഹൈവേകളുടെ അരികുകളിലടക്കം ധാരാളം കാണാനുണ്ടെങ്കിലും അരുണാചല്‍ പ്രദേശ് അതിവേഗം മാറ്റത്തെ പുല്‍കി കൊണ്ടിരിക്കുകയാണെന്നതില്‍ യാതൊരു സംശയവുമില്ല . ഞാന്‍ ഇന്നലെയും കൂടെ രവീന്ദ്രന്റെ അരുണാചല്‍ യാത്രകള്‍ വീണ്ടും വായിച്ചു നോക്കി , പാസിഘട്ട് എന്ന ഇന്നത്തെ മോഡേണ്‍ പട്ടണവും പരിസര പ്രദേശങ്ങളും പോലും അക്കാലത്ത് എങ്ങിനെയാണ് സ്ഥിതി ചെയ്തിരുന്നതെന്ന് ആലോചിച്ചാല്‍ അത്ഭുതം തോന്നും . അന്നത്തെ പുസ്തകത്തിലും കാലത്തിലും നിന്ന് ഇന്നത്തെ അരുണാചലിലേക്ക് വരുമ്പോള്‍ ഇരുപത് വര്‍ഷത്തിന് പകരം രണ്ടു നൂറ്റാണ്ടെങ്കിലും ഉറങ്ങി എണീറ്റ് വന്ന റിപ് വാന്‍ വിങ്കിളിനെപ്പോലെയാകും നമ്മുടെ അവസ്ഥ എന്നു ചുരുക്കിപ്പറയാം.

NB:- കൊവിഡ് രണ്ടാം തരംഗത്തിന് തൊട്ടു മുന്‍പ് ഈ വര്‍ഷം ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി നടത്തിയ യാത്രയാണിത്.

കടപ്പാട്: സഞ്ചാരി(ഫേസ്ബുക്ക് പേജ്).

Tags:    

Similar News