ഡികെയും സിദ്ധരാമയ്യയും; കന്നഡ മണ്ണില്‍ താമരയെ തൂത്തെറിഞ്ഞ ഇരട്ട എന്‍ജിനുകള്‍

Update: 2023-05-13 10:24 GMT

ബെംഗളൂരു: വിമര്‍ശകരെയും എതിര്‍ശബ്ദങ്ങളെയും വേട്ടയാടുകയും ഇഡിയെയും ഇന്‍കംടാക്‌സിനെയും ഉപയോഗിച്ച് വേട്ടയാടുകയും ചെയ്ത ബിജെപി ഭരണകൂടത്തോടെ കൈക്കരുത്തും നെഞ്ചുറപ്പും കാട്ടി നേരിട്ട രണ്ടു നേതാക്കളാണ് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും. ഇതിലേറ്റവും കൂടുതല്‍ വേട്ടയാടലുകള്‍ക്ക് വിധേയനായത് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ തന്നെയാണ്. എന്നാല്‍, സിദ്ധരാമയ്യയാവട്ടെ ഭരണത്തിലുള്ളപ്പോള്‍ ധ്രുവീകരണ രാഷ്ട്രീയത്തെ അതേ നാണയത്തില്‍ നേരിട്ടാണ് പൊരുതിയത്.   

Full View

ഒരുപക്ഷേ, ദേശീയതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റെയ്ഡ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരനും ഡികെ ആയിരിക്കും. ഒരുതവണ തന്നോട് പോലും ബിജെപി കൂറുമാറാന്‍ വില പേശിയ ഘട്ടമുണ്ടായിരുന്നു. പക്ഷേ, ആളിന് ആളും പണത്തിന് പണവും ആയി മുന്നില്‍ നിന്ന് നയിച്ചാണ് ഡി കെ ശിവകുമാര്‍ എന്ന ഡികെ കോണ്‍ഗ്രസുകാരുടെ വീരനായകനാവുന്നത്. മാത്രമല്ല, ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിലെല്ലാം ഡികെ മാജിക് രക്ഷയ്‌ക്കെത്തിയിരുന്നു. രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയില്‍ നിന്നുമെല്ലാം ഡികെയെ തേടി ഹൈക്കമാന്റിന്റെ വിളി വന്നത് പാര്‍ട്ടിയെ ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ നിന്ന് രക്ഷിക്കാനാണ്. 2019ല്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ഓപറേഷന്‍ താമരയെന്ന പേരിട്ട് ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ അടവുകളെല്ലാം പയറ്റിയെങ്കിലും ഫലിച്ചിരുന്നില്ല. പക്ഷേ, ഡി കെ അതുകൊണ്ടൊന്നും ഡി കെ പിന്‍മാറിയില്ല. 2023ലെ കന്നഡ ഇലക്ഷന്‍ മാത്രമായിരുന്നു ശ്രദ്ധ. ഇപ്പോള്‍ താമരയെ തൂത്തെറിഞ്ഞ് കന്നഡ മണ്ണില്‍ കോണ്‍ഗ്രസ് കൊടിനാട്ടുമ്പോള്‍ മറ്റാരേക്കാളും തലയുയര്‍ത്തി ചിരിക്കുന്നത് ഡികെയുടെ മുഖം തന്നെയാണ്.

    വികസനത്തിനു പകരം വിദ്വേഷം വിളയിക്കാന്‍ ബിജെപിക്കു വേണ്ടി കര്‍ണാടകയിലെത്തിയത് സാക്ഷാല്‍ മോദി മുതല്‍ അമിത് ഷാ വരെയാണ്. അവരെല്ലാം പറഞ്ഞത് ടിപ്പു, ബജ്‌റങ് ബാലി, മുസ് ലിം സംവരണം, കലാപം, ഹിജാബ് തുടങ്ങിയ അപരമത വിദ്വേഷത്തിലൂന്നിയ പ്രചാരണമായിരുന്നു. ഒരു ഘട്ടത്തില്‍ കേരളാ സ്റ്റോറിയെന്ന പച്ചക്കള്ളം വിളമ്പിയ സിനിമയെ പോലും മോദി ഉയര്‍ത്തിക്കാട്ടി. അമിത്ഷായാവട്ടെ കോണ്‍ഗ്രസ് വന്നാല്‍ കലാപമുണ്ടാവുമെന്ന് വരെ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഈ സമയത്തെല്ലാം സ്വതസിദ്ധമായ ശൈലിയില്‍ തിരിച്ചടിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു സിദ്ധരമായ്യ എന്ന മുന്‍ മുഖ്യമന്ത്രി. തന്റെ ഭരണകാലത്ത് ടിപ്പു ജയന്തി ആഘോഷത്തിലൂടെ സിദ്ധരാമയ്യ നല്‍കിയ സന്ദേശം തന്നെ ബിജെപിയുടെയും സംഘപരിവാരത്തിന്റെയും മുഖത്തേറ്റ അടിയായിരുന്നു. ആരാവും കന്നഡനാടിന്റെ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് രണ്ടുത്തരങ്ങളുണ്ട്. അത് ഡികെയും സിദ്ധരാമയ്യയും തന്നെയാണ്. പക്ഷേ, ഡികെയെ ദേശീയ രാഷ്ട്രീയത്തില്‍ ശക്തിപകരാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ന്നുവരിക സിദ്ധരാമയ്യയുടെ പേര് തന്നെയാവും. എന്തായാലും മുസ് ലിംകള്‍ക്കുള്ള സംവരണ നിഷേധം, ഹിജാബ് വിലക്ക്, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഏറെ ചെയ്യാനുെേണ്ടന്നതാണ് സത്യം.

Tags:    

Similar News