ഇസ്രായേലിലെ നതന്യാഹുവിന്റെ വീമ്പടിക്ക് തല്‍ക്കാലം വിരാമമിട്ട 11 ദിവസത്തെ പോരാട്ടം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ അധിനിവിഷ്ട ഫലസ്തീനിലെ ലിദ്ദ എന്ന് അറബികളും ലോദ് എന്ന് യഹൂദരും വിളിക്കുന്ന നഗരത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. ഇസ്രായേലില്‍ സസുഖം വാഴാന്‍ അമേരിക്കയില്‍ നിന്നു കുടിയേറിയ യഹൂദരെ ജീവഭയം മൂലം അണ്ടര്‍ഗ്രൗണ്ട് എയര്‍റെയ്ഡ് ഷെല്‍ട്ടറിലേക്ക് മണ്ടിപ്പായാന്‍ പ്രേരിപ്പിക്കും വിധം ലോദിലും ഹമാസിന്റെ ബാണങ്ങള്‍ വന്നു വീഴുന്നതായിരുന്നു കാരണം. അമേരിക്കന്‍ ജീവിതം കഷ്ടപ്പാട് നിറഞ്ഞതായതുകൊണ്ടല്ല യഹൂദര്‍ ലിദ്ദയിലേക്ക് താമസം മാറ്റിയത്. തലക്ക് കയറിയ മതഭ്രാന്ത് മാത്രമായിരുന്നു അതിനു പിന്നില്‍. തലസ്ഥാനമായ തെല്‍അവീവില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പട്ടണം ഇസ്രായേല്‍ സ്ഥാപനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചോരക്കളിയുടെ പ്രതീകമാണ്. അത് പുതിയ കുടിയേറ്റക്കാരന്റെ നടത്തത്തിലും പെരുമാറ്റത്തിലും കാണുന്നുണ്ട്. സ്വന്തമായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്താല്‍ യന്ത്രത്തോക്കുകളുമായി നൂറുകണക്കിനാളുകള്‍ ഫലസ്തീന്‍കാരെ ആക്രമിക്കാനായി തെരുവിലിറങ്ങും. തൗറാത്തിന്റെ മക്കള്‍ എന്ന് സ്വയം വിളിക്കുന്ന ഗ്രൂപ്പില്‍പെട്ടവര്‍ അധികവും ഇസ്രായേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരാണ്. അവര്‍ക്കെപ്പോഴും യന്ത്രത്തോക്കും പിസ്റ്റളും കൈവശം വയ്ക്കാം.
1948 ല്‍ വംശശുദ്ധീകരണത്തിലൂടെയാണ് ലിദ്ദ ലോദ് ആയി മാറിയത്. പിന്നെ ജനസംഖ്യയില്‍ 80 ശതമാനവും യഹൂദരായി. ഫലസ്തീന്‍കാര്‍ ചേരികള്‍ക്ക് സമാനമായ പ്രദേശങ്ങളില്‍ കഴിയുന്നു. അവര്‍ക്ക് പ്രതിരോധിക്കാന്‍ കല്ലും പഴയ ടയറും മാത്രമേയുള്ളൂ. ഒതുങ്ങിക്കഴിയുന്ന ഇസ്രായേലി പൗരന്‍മാരായ ഫലസ്തീനികള്‍ തങ്ങളുടെ സഹോദരന്‍മാര്‍ക്ക് നേരെ നടന്ന ബോംബാക്രമണങ്ങളില്‍ പ്രതിഷേധിക്കുമെന്ന് നതന്യാഹു കരുതിയതല്ല. അതാണ് സയണിസ്റ്റുകളെ പരിഭ്രാന്തരാക്കിയത്. അതുവരെ തങ്ങളുടെ വീട്ടുജോലിക്കാരും കെട്ടിടനിര്‍മ്മാണ തൊഴിലാളികളും അടിച്ചുതളിക്കാരുമായ, മൗനം വൃതമാക്കിയവര്‍ രോഷാകുലരായപ്പോള്‍ അത് യഹൂദരെ ആശ്ചര്യപ്പെടുത്തിയെന്നു ഗ്രന്ഥകാരനും മനശ്ശാസ്ത്രവിദഗ്ധനുമായ അയിലത്ത് ഗുണ്ടര്‍ ഗോഷന്‍ എഴുതുന്നു. യഹൂദര്‍ ഇപ്പോഴും യൂറോപ്പില്‍ തങ്ങള്‍ അനുഭവിച്ച പീഡനകാലത്ത് ജീവിക്കുകയാണ് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അറബികള്‍ അക്രമവാസനയുള്ളവരാണെന്ന നുണ കൊണ്ടുമാത്രം യഹൂദര്‍ക്ക് അധികകാലം പാശ്ചാത്യരുടെ പിന്തുണ ഉറപ്പിക്കാന്‍ സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യം പുറത്തുവരികയാണ്. കാറ്റ് വിതക്കുന്നവര്‍ കൊടുങ്കാറ്റ് കൊയ്യുമെന്ന് ബൈബിള്‍ പറയുന്നു.
തീവ്രവലതുപക്ഷം മേല്‍ക്കൈ നേടിയിട്ടുള്ള സയണിസ്റ്റ് രാഷ്ട്രത്തില്‍ വിവേകശാലികളുടെ എണ്ണത്തില്‍ കുറവു വന്നുകൊണ്ടിരിക്കുകയാണ്. നതന്യാഹുവിനു ശേഷം പ്രധാനമന്ത്രിയാവുന്ന നഫ്തലി ബെന്നറ്റ് 1967ല്‍ അമേരിക്കയില്‍ നിന്നു കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച കടുത്ത വംശീയവാദിയാണ്. 1996ലെ ലബനീസ് അധിനിവേശക്കാലത്ത് ഖനയില്‍ നൂറിലേറെ സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്തു എന്നതാണ് ബെന്നറ്റിന്റെ പ്രധാന യോഗ്യത. കൂട്ടക്കൊലക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഇസ്രായേല്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായി. നതന്യാഹുവിനേക്കാള്‍ വലത്താണ് താന്‍ എന്ന് പ്രഖ്യാപിക്കുന്ന ബെനറ്റ്, യഹൂദ കുടിയേറ്റക്കാരുടെ തലതൊട്ടപ്പനായിട്ടാണ് അറിയപ്പെടുന്നത്. നാശത്തിലേക്ക് കുതിക്കുന്ന ഒരു ജനതക്ക് പറ്റിയ നേതാവ്.
Only the name changes in Israel: Prof. P Koya