കൊറോണ: പാലിയേക്കര ടോള്‍ പ്ലാസ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് ടി എന്‍ പ്രതാപന്‍ എംപി
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ പാലിയേക്കര ടോള്‍ അടക്കം ഇന്ത്യയിലെ മുഴുവന്‍ ടോള്‍ പ്ലാസകളും പിരിവു നിര്‍ത്തി തുറന്നിടണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
കൊറോണ വൈറസിന്റെ വ്യാപനം ദ്രുതഗതിയിലാണ് നടക്കുന്നത്. സാമൂഹ്യ വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മിക്ക ടോളുകളും വൈറസ് വ്യാപനത്തിന്റെ വലിയ കാരണങ്ങളാണ്. തൃശൂരിലെ പാലിയേക്കര ടോളില്‍ മാത്രം ദിനേന 35,000ത്തില്‍ അധികം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. അതില്‍ 70% വാഹനങ്ങള്‍ക്കും ഫാസ്റ്റ്ടാഗുകള്‍ ഇല്ല. അവര്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചോ കാശ് ഉപയോഗിച്ചോ ആണ് വിനിമയം നടത്തുന്നത്. ഇത് വലിയ അപകട സാധ്യതയായി കാണാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാനത്തേക്കുള്ള അന്യ സംസ്ഥാന ഗതാഗത്തിന്റെ നല്ലൊരു ഭാഗവും ഇതേ ടോള്‍ കടന്നുപോകുന്നതാണ്. കൂടാതെ കൊച്ചിയിലെ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡും ഇതിലൂടെയാണ് ഉള്ളത്. ഇത്രയും സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ടോളില്‍ നടക്കുന്ന നേരിട്ടുള്ള വിനിമയങ്ങള്‍ വൈറസ് വ്യാപനത്തിന് വലിയ കാരണമാണ്. ഇത് പരിഗണിച്ച് ഈ മാസം മുപ്പത്തിയൊന്ന് വരെയെങ്കിലും ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം പി നിവേദനവും നല്‍കി.
ഇതേ ആവശ്യം മുന്‍ നിര്‍ത്തി കഴിഞ്ഞ കുറെ ദിവസങ്ങളായി പാലിയേക്കര ടോള്‍ പ്ലാസ പരിസരത്ത് തൃശൂര്‍ ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, യു ഡി എഫ് ചെയര്‍മാന്‍ കെ ല്‍ ജോസ്, സോമന്‍ മുത്രത്തിക്കര തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സമര പരിപാടികള്‍ നടന്നുവരികയാണ്. കൂടാതെ കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടോള്‍ കളക്ഷന്‍ നിര്‍ത്തണമെന്ന് ടോള്‍ അധികൃതരോട് ശുപാര്‍ശ ചെയ്തത്.
ഈ സഹചര്യം രാജ്യത്തെ ഒട്ടുമിക്ക ടോളുകള്‍ക്കുമുണ്ട്. അതിനാല്‍ മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ രാജ്യത്തെമ്പാടുമുള്ള ടോളുകളില്‍ പിരിവ് നിര്‍ത്തി റോഡ് സ്വതന്ത്രമായി തുറക്കണമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്കും , അനുബന്ധ കമ്പനികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്കണമെന്നും ടി എന്‍ പ്രതാപന്‍ എം പി ആവശ്യപ്പെട്ടു.