കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ പദ്ധതികളേയും മന്ത്രാലയത്തേയും തകര്‍ക്കുന്നു: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
അലോട്ട് ചെയ്ത സംഖ്യ തന്നെ കൊല്ലാവസാനം സറണ്ടര്‍ ചെയ്യുന്ന വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂഡല്‍ഹി: മുന്‍കാല സര്‍ക്കാറുകള്‍ നടപ്പാക്കിയ ന്യൂനപക്ഷ പദ്ധതികളെ മാത്രമല്ല ന്യൂനപക്ഷ മന്ത്രാലയത്തെ തന്നെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നു ഇ ടി മുഹമ്മദ് ബഷീര്‍ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ യുപിഎസ്‌സി, സ്‌റ്റേറ്റ് പബ്ലിക് കമ്മീഷന്‍ പോലുള്ള പദ്ധതികള്‍ക്ക് കോച്ചിങ് കൊടുക്കുന്നതിന് കഴിഞ്ഞവര്‍ഷം അനുവദിച്ച 20 കോടി രൂപ ഈ വര്‍ഷം പകുതിയായി വെട്ടിക്കുറച്ചു. അതു പോലെ തന്നെ ന്യൂനപക്ഷ സൗജന്യ കോച്ചിംഗിന്റെയും മറ്റു പദ്ധതികളുടെയും കഴിഞ്ഞ വര്‍ഷത്തെ 75 കോടി രൂപ ഈ പ്രാവശ്യം 9 കോടിയാക്കി ചുരുക്കി.നയാ മന്‍സില്‍ വിദ്യാഭ്യാസ ജീവിതോപാധി കണ്ടെത്തുന്ന പദ്ധതികള്‍ക്കെല്ലാമുള്ള അലോട്ട്‌മെന്റ് 140ല്‍ നിന്ന് 120 കോടിയായി വെട്ടിച്ചുരുക്കി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശതമാനം വെറും മൂന്നു ശതമാനമാണെന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയ ഈ നാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അല്‍പം ആശ്വാസം കണ്ടെത്തുന്ന പരിശീലന പദ്ധതികളുടെ പോലും സംഖ്യ വെട്ടിക്കുറക്കുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നത്.
അതിനെക്കാള്‍ വലിയ അപകടം ഈ അലോട്ട് ചെയ്ത സംഖ്യ തന്നെ കൊല്ലാവസാനം സറണ്ടര്‍ ചെയ്യുന്ന വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. 21 പരിപാടികള്‍ ന്യൂനപക്ഷത്തിന്റെ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കുള്ളതാണ്. മൗലാനാ ആസാദ് ഫൗണ്ടേഷന്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള മറ്റു ആനുകൂല്യങ്ങള്‍, ന്യൂനപക്ഷ മേഖലയിലെ വികസനങ്ങള്‍ക്കായിട്ടുള്ള അലോട്ട്‌മെന്റ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് എന്നിവക്കായിട്ടുള്ള 851.62 കോടിയാണ് കഴിഞ്ഞ കൊല്ലം ചെലവാകാതെ തിരിച്ചടച്ചത്. ഇവിടെ പദ്ധതികള്‍ തീരെ നടക്കരുതെന്ന വാശിയോടു കൂടിയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നെന്നും പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി രേഖകള്‍ വെച്ചു കൊണ്ട് എംപി വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം തന്നെ ഇല്ലാതാവുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലീകരിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ ബജറ്റ് പ്രസംഗം ഏറ്റവും വലിയ നുണകളാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് കുഴിമാടങ്ങള്‍ ഉണ്ടാക്കുന്ന ജോലിയാണ്. അവര്‍ക്ക് സുരക്ഷിതത്വത്തിന്റെ ചിന്തകള്‍ പോലും വളരെ നിരാശയായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഇവിടെ ബജറ്റ് പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങളുടെ രാജ്യത്തിന്റെ പൊതുവായ കാര്യങ്ങള്‍ വിശദീകരിച്ച കൂട്ടത്തില്‍ അവക്ക് ഭംഗി കൂട്ടാന്‍ ധനകാര്യ വകുപ്പ് മന്ത്രി മൂന്ന് കാവ്യശകലങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റ് എന്നും കേരളത്തിന് കൈപുള്ള അനുഭവമാണ് കൊടുത്തത്. ഈ പ്രാവശ്യവും അതു തന്നെയാണ്. കേരളത്തിന്റെ ബജറ്റ് വിഹിതം ഗണ്യമായി കുറച്ചു. എന്നാല്‍ ബിജെപി ഭരിക്കുന്ന യു.പി, ഉത്തരാഖണ്ഡ്, ഹിമാചല്‍, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ ഡബിള്‍ പ്ലസ് നല്‍കിയപ്പോള്‍ കേരളത്തിന് മൈനസ് ആണ് നല്‍കിയത്. രാജ്യത്തിന്റെ പൊതുവായ വിഭവ ശേഷി പങ്കിടുമ്പോള്‍ നീതി ബോധം കാട്ടേണ്ടത് നിങ്ങളുടെ ബാധ്യതയില്‍പ്പെട്ടതാണെങ്കിലും നിങ്ങള്‍ അത് കാണിക്കുന്നില്ലെന്നും ഇ ടി ചൂണ്ടിക്കാട്ടി.