ന്യൂഡല്‍ഹി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന ഭൂരിപക്ഷ ബെഞ്ചിലെ വിധിയോട് വിയോജിച്ച് കൊണ്ട് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര നടത്തിയത് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍. രാജ്യത്തെ മതേതര അന്തരീക്ഷം നിലനിര്‍ത്തുന്നതിന് വേണ്ടി ആഴത്തില്‍ മതപരമായ മാനങ്ങളുള്ള വിഷയങ്ങളെ മാറ്റാന്‍ ശ്രമിക്കരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
സതി പോലുള്ള സാമൂഹിക ദുരാചാരങ്ങളിലല്ലാതെ മതാചാരങ്ങള്‍ റദ്ദാക്കേണ്ടത് കോടതിയുടെ പണിയല്ലെന്ന് ഇന്ദു മല്‍ഹോത്ര തന്റെ പ്രത്യേക വിധി പ്രസ്താവത്തില്‍ അഭിപ്രായപ്പെട്ടു. തുല്യതാ സിദ്ധാന്തം ആര്‍ട്ടിക്കിള്‍ 25ലെ ആരാധനയ്ക്കുള്ള മൗലികാവകാശത്തെ ഹനിക്കരുതെന്നും അവര്‍ പറഞ്ഞു.
ഈ വിഷയം ശബരിമലയില്‍ മാത്രം പരിമിതപ്പെടുന്നതല്ല. മറ്റു ആരാധനാലയങ്ങളിലും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇതെന്ന് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു
ഹിന്ദു മതവിശ്വാസപ്രകാരം, അയ്യപ്പ ഭഗവാന്‍ ബ്രഹ്മചാരിയായതിനാല്‍ നൂറ്റാണ്ടുകളായി ആര്‍ത്തവ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനെ എതിര്‍ത്തു കൊണ്ടാണ് നിരവധി ഹരജികളാണ് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വന്നത്.
നിരാശയുണ്ടെങ്കിലും സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയെ അംഗീകരിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് ശബരിമല തന്ത്രി കണ്ടര് രാജീവരുടെ പ്രതികരണം.