Big stories

പതിനഞ്ചാം ഓര്‍മ ദിനത്തിലും പകരക്കാരനില്ലാതെ ആ സിംഹാസനം

വര്‍ഗ്ഗീയ ഫാഷിസത്തോടും അധികാര രാഷ്ട്രീയ ഉപജാപങ്ങളോടും സമരസപ്പെടാതെ എന്നും ഗര്‍ജിച്ചുകൊണ്ടിരുന്ന സിംഹമായിരുന്നു സേട്ട് സാഹിബ്.

പതിനഞ്ചാം ഓര്‍മ ദിനത്തിലും പകരക്കാരനില്ലാതെ ആ സിംഹാസനം
X

പി സി അബ്ദുല്ല

കോഴിക്കോട്: ഇന്ന്, സേട്ടു സാഹിബിന്റെ പതിനഞ്ചാം ചരമ വാര്‍ഷികം. സമര്‍പ്പിത ജീവിതവും തീഷ്ണമായ പോരാട്ടങ്ങളും കൊണ്ട് സമുദായത്തിന്റെ മെഹബൂബായി അവരോധിക്കപ്പെട്ട ഇബ്രാഹീം സുലൈമാന്‍ സേട്ട് വിടപറഞ്ഞിട്ട് ഒന്നര പതിറ്റാണ്ടു പൂര്‍ത്തിയാവുമ്പോഴും സമുദായത്തിന്റെ ഇടനെഞ്ചില്‍ ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു. വര്‍ഗ്ഗീയ ഫാഷിസത്തോടും അധികാര രാഷ്ട്രീയ ഉപജാപങ്ങളോടും സമരസപ്പെടാതെ എന്നും ഗര്‍ജിച്ചുകൊണ്ടിരുന്ന സിംഹമായിരുന്നു സേട്ട് സാഹിബ്. രാജ്യവും ന്യൂനപക്ഷ സമൂഹങ്ങളും പിന്നാക്ക, ദലിത് ജന പഥങ്ങളും ഹിന്ദുത്വ ഫാഷിസത്തിന്റെയും ഭരണ കൂട ഭീകരതയുടേയും ആക്രമണോല്‍സുക മുന്നേറ്റത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കുമ്പോള്‍ സേട്ടു സാഹിബിന്റെ അസാന്നിധ്യം വലിയ ശൂന്യതയായി തന്നെ അവശേഷിക്കുന്നു.

1922 നവംബര്‍ 3ന് മൈസൂരില്‍ നിന്ന്ബംഗളൂരുവില്‍സ്ഥിരതാമസമാക്കിയ സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ജനിച്ചത്. 83 വര്‍ഷം നീണ്ട ജീവിതം ആദര്‍ശ സംരക്ഷണത്തിനായുള്ള സ്വയം സമര്‍പ്പണമായിരുന്നു. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ മുഹമ്മദ് ഇസ്മായില്‍ സാഹിബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ദേശീയ അധ്യക്ഷ പദവി അലങ്കരിച്ചത് സുലൈമാന്‍ സേട്ടാണ്. 1973 മുതല്‍ 1994 വരെ അദ്ദേഹം തുടര്‍ച്ചയായി അധ്യക്ഷപദവി അലങ്കരിച്ചു. പാര്‍ലമെന്റില്‍ തുടര്‍ച്ചയായി 35 വര്‍ഷം മുസ്ലിംലീഗിനെ പ്രതിനിധീകരിച്ചു. 2005 ഏപ്രില്‍ 27ന് ബാംഗ്ലൂരില്‍ ആ സമരജീവിതത്തിന് തിരശ്ശീല വീണു.

രാഷ്ട്രീയ സത്യസന്ധത, ഇച്ഛാശക്തി, കര്‍മോല്‍സുകത, പ്രതിബദ്ധത, ആര്‍ജവം, പൊതു സ്വീകാര്യത തുടങ്ങിയ ഘടകങ്ങളെല്ലാം സമാസമം സമ്മേളിച്ച നേതാവായിരുന്നു സേട്ടു സാഹിബ്. ഭരണകൂട ധിക്കാരങ്ങളോടും അധികാര രാഷ്ട്രീയത്തിന്റെ അടിമത്തത്തോടും നിരന്തരമായി കലഹിച്ചു എന്ന സവിശേഷതയാണ് അദ്ദേഹത്തെ ഇപ്പോഴും ചിരസ്മരണീയനാക്കുന്നത്.

ഇന്ദിരാഗാന്ധി മുതല്‍ നരസിംഹ റാവു വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ക്കെതിരേ പാര്‍ലമെന്റിലും പുറത്തുമുള്ള പോര്‍ മുഖങ്ങളില്‍ ഒറ്റയാള്‍ പട്ടാളമായിരുന്നു അദ്ധേഹം. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബില്ല് പാര്‍ല്ലമെന്റില്‍ പരസ്യമായി കീറിയെറിഞ്ഞ് സേട്ടു സാഹിബ് ഉയര്‍ത്തിയ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ മുസ്ലിം നേതാക്കള്‍ അറസ്റ്റിലായ ഘട്ടം ഡല്‍ഹിയിലെത്തിയ സുലൈമാന്‍ സേട്ട് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന ദേവകാന്ത് ബറുവയെ കണ്ട് നേതാക്കളെ വിട്ടയക്കണമെന്നും അല്ലാത്തപക്ഷം തന്നെകൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സേട്ടിന്റെ പ്രതിഷേധം കനത്തതോടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട് അനുനയശ്രമം നടത്തിയെങ്കിലും സേട്ട് സാഹിബ് വഴങ്ങിയില്ല. ഒടുവില്‍ പ്രധാനമന്ത്രിയുടെ പിഎ ആയിരുന്ന ആര്‍ കെ ധവാന്‍ അറസ്റ്റിലായ മുസ്ലിം നേതാക്കളെ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.

മൊറാദാബാദ് പോലിസ് വെടിവയ്പ്പിനെതിരേയും പിഎസിയുടെ അതിക്രമങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ സേട്ടു സാഹിബ് നടത്തിയ പോരാട്ടം ഇന്ത്യയിലെ മിക്ക പത്രങ്ങളും മൂടിവച്ചു. എന്നാല്‍, ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ വിഷയം ലോകമറിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം മുറുകി. മൊറാദാബാദ് സംഭവം ആഗോളതലത്തില്‍ ഇന്ത്യക്കെതിരേയുണ്ടാക്കിയ ദുഷ്പേര് മാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടപ്പോള്‍ സേട്ടു സാഹിബ് നിരസിക്കുകയായിരുന്നു.

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സേട്ട് ഉള്‍പ്പെടെയുള്ള മുസ്ലിം നേതാക്കള്‍ പ്രധാനന്ത്രിയായിരുന്ന നരസിംഹ റാവുവിനെ കാണാന്‍ പോയി. പല തവണ ഒഴിഞ്ഞുമാറിയ ശേഷമാണ് റാവു മുസ്ലിം നേതാക്കളെ കാണാന്‍ സമ്മതിച്ചത്. അബു ഹസന്‍ അലി നദ്‌വി ഉള്‍പ്പടെയുള്ള നേതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ, യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് തന്നെ ചതിക്കുകയായിരുന്നെന്ന് നരസിംഹ റാവു വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കല്യാണ്‍ സിങ് അല്ല താങ്കളാണ് രാജ്യത്തെയും ജനങ്ങളെയും ചതിച്ചതെന്നു ആക്രോശിച്ച് നരസിംഹറാവുവിനു മുമ്പില്‍ സേട്ടു സാഹിബ് പൊട്ടിത്തെറിച്ചു.

ബാബരി ദുരന്തം ഒരര്‍ഥത്തില്‍ സേട്ടു സാഹിബിന്റെ രാഷ്ട്രീയ ജീവിതത്തിലും മറ്റൊരു ദുരന്തമായി. പള്ളി തകര്‍ക്കാന്‍ കൂട്ടിനിന്ന കോണ്‍ഗ്രസ്സുമായി ലീഗ് ബന്ധം വിച്ഛേദിക്കണമെന്ന സേട്ടിന്റെ നിലപാട് കേരള ലീഗ് നേതൃത്വം അനുസരിച്ചില്ല. കോണ്‍ഗ്രസ് വിരുദ്ധ സമുദായ വികാരത്തിന്റെ വേലിയേറ്റത്തില്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ആള്‍ക്കൂട്ടങ്ങളിലേക്കും ആരവങ്ങളില്‍ നിന്ന് ആരവങ്ങളിലേക്കും സേട്ടിനെ ആനയിച്ചവര്‍ തന്നെ അദ്ദേഹത്തെ പിന്നീട് ഉപേക്ഷിച്ചു.

കോണ്‍ഗ്രസ്സിന് ആജീവനാന്തം പതിച്ചുകൊടുത്ത സമുദായ രാഷ്ട്രീയത്തിന് ബദല്‍ എന്ന സ്വപ്നവുമായി 1994 ഏപ്രില്‍ 22ന് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിച്ചു. കോണ്‍ഗ്രസ് വിരുദ്ധ പോരാട്ടത്തില്‍ സേട്ടു സാഹിബിനെ ആവോളം പ്രോല്‍സാഹിപ്പിച്ച സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തന്റെ പുതിയ രാഷ്ട്രീയ ബദലിനൊപ്പമുണ്ടാവുമെന്നായിരുന്നു സേട്ടിന്റെ പ്രതീക്ഷ. ദല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ വലിയ രാഷ്ട്രീയ മോഹങ്ങളോടെ നിലവില്‍ വന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന് പക്ഷേ, സേട്ടു സാഹിബിന്റെ ജീവിത കാലത്ത് സിപിഎം മുന്നണിയില്‍ പ്രവേശനം അനുവദിച്ചില്ല. സുലൈമാന്‍ സേട്ട് എന്ന മുസ്ലിം അസ്തിത്വത്തോടും മുസ്ലിം രാഷ്ട്രീയത്തോടുമുള്ള സിപിഎമ്മിന്റെ കുടിലതയും വിദ്വേഷവും തന്നെയായിരുന്നു ഐഎന്‍എല്ലിനോട് കാല്‍ നൂറ്റാണ്ടിലേറെ ഇടതു മുന്നണി കല്‍പിച്ച അയിത്തത്തിന്റെ അടിസ്ഥാന കാരണം.

സര്‍വ്വേന്ത്യാ മുസ്ലിം ലീഗ് നേതാവുമായിരുന്ന സത്താര്‍ സേട്ടുവാണ് സുലൈമാന്‍ സേട്ടിന്റെ രാഷ്ട്രീയ ഗുരു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകരണം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന മൈസൂര്‍ സിറ്റി എംഎസ്എഫ്. കണ്‍വീനറായിരിക്കെ 1943ല്‍ മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ മലബാര്‍ ജില്ലാ സമ്മേളനത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് സമുന്നത നേതാവായ മഹാനായ കെ എം സീതി സാഹിബായിരുന്നു.

തലശ്ശേരിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബാംഗ്ലൂര്‍ സെന്റ് ജോസഫ്സ് കോളജില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം തുടര്‍ന്നു.

1943ല്‍ ബിരുദം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. കോലാറിലെ റോബര്‍ട്ട് സണ്‍പെട്ട് കെ.ജി.എഫ്. ഗവ. കോളജ്, മൈസൂരിലെ മേലാപ്പ് മാരെയ് ഗവണ്‍മെന്റ് കോളജ്, ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥരുടെ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നു മുഖ്യശ്രദ്ധ. ഇതോടെ താല്‍ക്കാലിക ജോലികള്‍ ഉപേക്ഷിച്ചു.

മലബാര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് ഹാജി അബ്ദുസത്താര്‍ ഇസ്ഹാഖ് സേട്ടാണ് മുഴുവന്‍ സമയ രാഷ്ട്രീയ രംഗത്തേക്ക് പ്രേരിപ്പിച്ചത്. ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ വിദ്യാര്‍ത്ഥികാലംമുതലേ ശ്രദ്ധേയനായ പ്രസംഗകനായിരുന്നു.

1973ലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്. പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കം 1960ലാണ്. 1996വരെ തുടര്‍ച്ചയായി അദ്ദേഹം പാര്‍ലമെന്റംഗമായി സേവനമനുഷ്ഠിച്ചു. 1960 മുതല്‍ 66വരെ രാജ്യസഭാംഗമായി. 1967 മുതല്‍ പരാജയമറിയാതെ ലോക്സഭാംഗമായി. കോഴിക്കോട് മണ്ഡലത്തെയാണ് ആദ്യം പ്രതിനിധീകരിച്ചത് (1967). രണ്ടാംതവണയും ഇതേ മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു (1972). തുടര്‍ന്ന് നാല് തവണ മഞ്ചേരിയെ പ്രതിനിധീകരിച്ചു (1977, 1980, 1984, 1989). അടുത്ത തവണ പൊന്നാനി മണ്ഡലത്തില്‍നിന്നാണ് വിജയിച്ചത് (1991). പാര്‍ലമെന്റിലെ നിരവധി സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ അംഗമായിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, സ്വിറ്റ്സര്‍ലന്റ്, ലെബനാന്‍, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പാര്‍ലമെന്ററി പ്രതിനിധി സംഘാംഗമായി. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ അംഗം, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ (1965-75) സ്ഥാനങ്ങള്‍ വഹിച്ചു. തിരൂരങ്ങാടി യതീംഖാന മാനേജിംഗ് കമ്മിറ്റി അധ്യക്ഷനായിരുന്നു.

ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, മുസ്ലിം മജ്ലിസെ മുശാവറ, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോര്‍ട്ട്, ദേശീയോദ്ഗ്രഥന സമിതി എന്നിവയില്‍ സജീവമായിരുന്നു.

അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി, ശരീഅത്ത് സംരക്ഷണ നിയമം, ഷാബാനുകേസ്, ബാബ്രി മസ്ജിദ്, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ടാഡ കരി നിയമം, അബ്ദുല്‍നാസര്‍ മഅ്ദനിക്ക് നീതി, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇബ്രാഹിം സുലൈമാന്‍ സേട്ട് നടത്തിയ പ്രസംഗങ്ങള്‍ ചരിത്രമാണ്. ദേശീയ, അന്തര്‍ ദേശീയ വ്യക്തിത്വമായി പൊതു മണ്ഡലങ്ങളളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും കേരളമായിരുന്നു അദ്ധേഹത്തിന്റെ കരുത്തും പിന്‍ബലവും. അതേ കേരളത്തില്‍ നിന്നു തന്നെയാണ് അദ്ധേഹത്തിനെതിരെ ചരിത്രം മാപ്പു നല്‍കാത്ത ഉപജാപങ്ങള്‍ അരങ്ങേറിയതുമെന്ന് വിധി വൈപരിത്യം.

ബംഗളൂരു നഗര പ്രാന്തത്തിലെ ഖുദ്ദുസ് സാഹിബ് ഖബര്‍സ്ഥാനില്‍ കാലത്തിലേക്കു നിറം മങ്ങുന്ന ഒട്ടനേകം ഖബറിടങ്ങള്‍ക്കിടയില്‍ പരാതിയും പരിഭവങ്ങളുമില്ലാതെ സേട്ടു സാഹിബിന്റെ അന്ത്യ നിദ്ര.

Next Story

RELATED STORIES

Share it