Big stories

'തിരഞ്ഞെടുപ്പ് തലേന്ന് മുസ് ലിം സ്ഥാനാര്‍ഥികളെല്ലാം പാണക്കാട് ഒത്തുകൂടി'; വിവാദ പ്രസംഗവുമായി ഫാദര്‍ ടോം ഓലിക്കരോട്ട്

തിരഞ്ഞെടുപ്പ് തലേന്ന് മുസ് ലിം സ്ഥാനാര്‍ഥികളെല്ലാം പാണക്കാട് ഒത്തുകൂടി; വിവാദ പ്രസംഗവുമായി ഫാദര്‍ ടോം ഓലിക്കരോട്ട്
X
കോഴിക്കോട്: തിരഞ്ഞെടുപ്പ് തലേന്ന് കേരളത്തിലെ എല്ലാ മുസ്‌ലിം സ്ഥാനാര്‍ഥികളും പാണക്കാട് തങ്ങളുടെ വീട്ടില്‍ ഒത്തുകൂടിയെന്നും ഏത് പ്രത്യയശാസ്ത്രത്തിന്റെ ബാനറില്‍ മല്‍സരിച്ച് ജയിച്ചാലും കൂറ് ഈ സമുദായത്തോടും മതത്തോടുമാണെന്ന് പറയാനാണിതെന്നും ആല്‍ഫാ കോളജ് ഓഫ് തിയോളജി ഡയറക്ടര്‍ ഫാദര്‍ ടോം ഓലിക്കരോട്ട്. താമരശ്ശേരി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസും കെസിവൈഎമ്മും ഒലിവ് കൂട്ടായ്മയും മെയ് ഏഴിന് കോടഞ്ചേരി സെന്റ് മേരീസ് ഫെറോനാ ചര്‍ച്ചില്‍ സംഘടിപ്പിച്ച സുവിശേഷ സദസ്സിലാണ് വിവാദ പ്രസംഗം നടത്തിയത്. നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് അധിക്ഷേപകരമായ പ്രസംഗം നടത്തിയതെങ്കിലും ആരും തന്നെ ഇതിനെ എതിര്‍ക്കുകയോ മറ്റോ ചെയ്തിട്ടില്ല. മാത്രമല്ല, കത്തോലിക്കാ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഷെയ്ക്കിനാ ന്യൂസ് എന്ന യൂട്യൂബ് ചാനലില്‍ പ്രസംഗം പൂര്‍ണമായും നല്‍കുകയും ചെയ്തിട്ടുണ്ട്. 'ഇലക്ഷന്‍ കാലത്ത് പാണക്കാട്ട് തങ്ങള്‍ക്കു ചുറ്റും ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ ഒത്തുകൂടിയത് എന്തിന്? എന്ന അടിക്കുറിപ്പോടെയാണ് പ്രസംഗം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്. ഇന്നലെ അപ് ലോഡ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം അരലക്ഷത്തോളം പേരാണ് കണ്ടിട്ടുള്ളത്. മുസ് ലിം ലീഗിനെയും കെ ടി ജലീലിനെയും മാത്രമല്ല, വിദ്വേഷം പ്രചരിപ്പിക്കുന്ന കേരളാ സ്റ്റോറി സിനിമയുടെ വിഷയത്തിലും ഫാദര്‍ ടോം ഓലിക്കരോട്ട് പ്രസംഗത്തില്‍ പറയുന്നുണ്ട്. കേരളാ സ്റ്റോറിക്കെതിരേ രംഗത്തെത്തിയ ഇടതുവലതു നേതാക്കളെയും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയുമെല്ലാം കടന്നാക്രമിക്കുകയും ചെയ്യുന്നുണ്ട്.


ഫാദര്‍ ടോം ഓലിക്കരോട്ടിന്റെ വിവാദപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:

''ഇലക്ഷന്റെ തലേദിവസം, പാണക്കാട് തങ്ങളുടെ വീടാണ് രംഗം. കേരളത്തില്‍ മല്‍സരിക്കുന്ന എല്ലാ മുസ്‌ലിം സ്ഥാനാര്‍ഥികളും വൈകീട്ട് തങ്ങളുടെ ചുറ്റും ഇരിപ്പുണ്ട്. അതില്‍ എസ്ഡിപിഐക്കാരനുണ്ട്. പകല്‍ കണ്ടാല്‍ വെട്ടിക്കീറുമെന്ന് പറയുന്ന തീവ്ര ചിന്താഗതിക്കാരുണ്ട്. മഹാ മതേതരത്വം പകല്‍ പറയുന്ന മുസ്‌ലിം ലീഗുകാരുണ്ട്. ഇടതുപക്ഷത്തെ ചേര്‍ന്നു നടക്കുന്ന മതമോ ദൈവമോ ഇല്ലെന്ന് പറഞ്ഞ് ജലീലിനെ പോലുള്ള സ്വതന്ത്രരായ ആളുകളുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നവരുണ്ട്. ഇവരൊക്കെയും ഇലക്ഷന്റെ തലേന്ന് പാണക്കാട് തങ്ങളുടെ വീട്ടില്‍ ഒരുമിച്ച് കൂടിയത് ചുമ്മ ചായ കുടിച്ചിട്ട് വര്‍ത്താനം പറയാന്‍ വേണ്ടിയിട്ടല്ല. എന്തിനാണവര്‍ കൂടിയത്?. ഏത് ടിക്കറ്റില്‍, ഏത് പ്രത്യയശാസ്ത്രത്തിന്റെ ബാനറില്‍ നാളെ ഞങ്ങള്‍ മത്സരിച്ച് ജയിച്ചാലും കൂറ് ഈ സമുദായത്തോടാണ്, മതത്തോടാണ്, വിശ്വാസത്തോടാണ് എന്ന് പറയാനാണ്. നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പറ്റുമോ കേരളത്തിലെ ക്രൈസ്തവ സ്ഥാനാര്‍ഥികള്‍, അത് ഇടതിന്റെയോ വലതിന്റെയോ ബാനറില്‍ മല്‍സരിക്കുന്നവരാവട്ടെ, ഇതുപോലെ താമരശ്ശേരി ബിഷപ്പിന്റെ മുമ്പില്‍ ഇലക്ഷന്റെ തലേദിവസം ഇങ്ങനെ കൂടി ഈ രീതിയില്‍ പറയുമോ?. ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍, ക്രിസ്തീയ മൂല്യങ്ങള്‍ ഈ സമൂഹത്തില്‍ നിലനിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് ജാഗ്രതയുണ്ടാവുമെന്ന് പറയുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തെ നിങ്ങള്‍ എന്നെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ കേരളത്തില്‍?. അവനവനെക്കുറിച്ച് മാത്രം വിചാരമുള്ളവരും അവനവന്റെ സാമ്രാജ്യം വളര്‍ത്തണമെന്ന് മാത്രം വിചാരമുള്ളവരും രാഷ്ട്രീയ മോഹികളായി വന്നത് മുതലാണ് ക്രിസ്ത്യന്‍ സമുദായത്തിന്റെ മൂല്യങ്ങള്‍ വിലമതിക്കപ്പെടാതെ പോയത്. നമുക്കിന്ന് വേണ്ടത് ദൈവരാജ്യത്തിന്റെ ഒരു രാഷ്ട്രീയ ബോധമാണ്. അത് ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന് അന്ധമായി അടിമകളായിട്ടുള്ള രാഷ്ട്രീയ ബോധമല്ല. കേരള സ്‌റ്റോറി ട്രെയിലര്‍ വന്നപ്പോള്‍ തൊട്ട് കണ്ണീര്‍വാര്‍ക്കുന്ന നേതാക്കളെ നമ്മള്‍ കണ്ടു. പുകസയുടെ അണിയറകളില്‍ ഒരുക്കിയ കക്കുകളി എന്ന കെട്ട നാടകം ഭരണപ്പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ തോറും കൊണ്ടുനടന്ന് നമ്മുടെ വിശ്വാസത്തിന്റെ നെഞ്ചത്ത് കളം വരച്ച് അവര്‍ തുള്ളിച്ചാടിയപ്പോള്‍ ഒരു വലതുപക്ഷക്കാരനും ഇടതുപക്ഷക്കാരനും നൊന്തില്ല. എന്നാല്‍, ഐസിസ് തീവ്രവാദത്തിനും ഇസ്‌ലാമിക ഭീകരതയ്ക്കുമെതിരേ കൃത്യമായ പഠനത്തോടെ കേരള സ്‌റ്റോറി ഇറങ്ങിയപ്പോള്‍ സതീശന് നൊന്തു, പിണറായിക്ക് ചങ്കില്‍ കൊണ്ടു, കുട്ടിസഖാക്കന്മാര്‍ക്കും യൂത്തന്മാര്‍ക്കുമെല്ലാം നൊന്തത് എന്തുകൊണ്ടാണ്?. ഇവിടെ കെട്ടിയാടുന്ന അടിമകളുടെ കെട്ട രാഷ്ട്രീയം കൊണ്ടാണ്. ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ ഈ ഭൂമിയില്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു ശരാശരി ക്രിസ്ത്യാനിയുടെ മുഖത്തേക്ക് നോക്കിയാലുള്ള ഭാവം പേടിയാണ്. അരിക്കൊമ്പനെപ്പോലെ നിരവധി കൊമ്പന്മാര്‍ കറങ്ങിനടന്ന മലയോരത്തിന്റെ മണ്ണില്‍ വന്ന് താമസിച്ചവരുടെ പിന്മുറക്കാരാണ് നമ്മള്‍. അത്തരം ഒറ്റയാന്മാരെയും കൊമ്പന്മാരെയും തിരിച്ച് കാട്ടില്‍ കയറ്റിവിടാന്‍ നെഞ്ചുറപ്പും തണ്ടെല്ലുമുണ്ടായിരുന്നവരുടെ പിന്മുറക്കാരുടെ മനസ്സിലാണ് ഇന്ന് ഭീതി നിറയുന്നത്. നമ്മളെ പൊതിയുന്ന ഭയത്തെ ബഹിഷ്‌കരിച്ച് ഈ സമുദായത്തിന് വേണ്ടി ഉറക്കെ പറയാനും ഒരുമിച്ച് നില്‍ക്കാനും സാധിക്കണം.

Next Story

RELATED STORIES

Share it