Big stories

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ നടത്താമെന്നാണ് ഭരണഘടന പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയുടെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു മൂന്നംഗ ബെഞ്ചിനും കോടതി രൂപം നല്‍കി.

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി
X


ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. 4: 3 ഭൂരിപക്ഷത്തിലാണ് വിധി. ഭരണഘടന വരുന്നതിന് മുമ്പുള്ള സ്ഥാപനങ്ങള്‍ക്കും ഭരണഘടനയുടെ 30ാം അനുഛേദം ബാധകമാണെന്ന് വിധിയില്‍ കോടതി പറഞ്ഞു.

സമുദായത്തിലെ കുറച്ചു പേര്‍ക്കും ഈ അവകാശം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും നടത്തുകയും ചെയ്യാം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ നടത്താമെന്നാണ് ഭരണഘടന പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയുടെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു മൂന്നംഗ ബെഞ്ചിനും കോടതി രൂപം നല്‍കി.

ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്താനും അവകാശം നല്‍കുന്ന ഭരണഘടനയുടെ 30ാം പരിഛേദത്തെ ചുറ്റിപറ്റിയുള്ള നിയമപ്രശ്‌നങ്ങളാണ് കോടതി പരിശോധിച്ചത്.

സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കി 1981ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാല നിയമഭേദഗതി 2006ല്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഭേദഗതി അര്‍ധമനസോടെയുള്ളതാണെന്ന് വാദം കേള്‍ക്കലിനിടെ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതായത്, 1951ലെ നിയമഭേദഗതിക്കു മുമ്പ് സര്‍വ്വകലാശാലക്കുണ്ടായിരുന്ന അവകാശങ്ങള്‍ 1981ലെ ഭേദഗതിയിലൂടെ ലഭിച്ചിട്ടില്ലെന്നായിരുന്നു നിരീക്ഷണം. 1920ലെ സര്‍വ്വകലാശാല നിയമപ്രകാരം മുസ്‌ലിം വിദ്യാര്‍ഥികളെ മതം പഠിപ്പിക്കാന്‍ സര്‍വ്വകലാശാലക്ക് അധികാരമുണ്ടായിരുന്നു. 1951ലെ ഭേദഗതിയില്‍ ഇത് എടുത്തുമാറ്റി. 1981ലെ ഭേദഗതിയില്‍ ന്യൂനപക്ഷ പദവി നല്‍കിയെങ്കിലും മതം പഠിപ്പിക്കാനുള്ള അവകാശം പുനസ്ഥാപിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ 1875ല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് എന്ന പേരില്‍ സ്ഥാപിച്ച കോളജിനെ 1920ല്‍ ബ്രിട്ടീഷുകാര്‍ സര്‍വ്വകലാശാലയാക്കി മാറ്റി. 1951ലെ നിയമഭേദഗതി 1920ന് ശേമുള്ള സ്ഥിതി പുനസ്ഥാപിച്ചില്ലെന്നാണ് കോടതി നിരീക്ഷിച്ചിരുന്നത്. 1920ലെ നിയമപ്രകാരം സര്‍വ്വകലാശാല പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് പൂര്‍ണമായും ന്യൂനപക്ഷ സ്ഥാപനമായിരിക്കും.

അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, 2016ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഈ അപ്പീല്‍ പിന്‍വലിച്ചു. കൂടാതെ അലഹാബാദ് ഹൈക്കോടതി വിധിക്ക് അനുകൂലമായ നിലപാടും സ്വീകരിച്ചു. 1981ലെ നിയമഭേദഗതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. 1967ലെ എസ് അസീസ് ബാഷ - യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ബാധകമാക്കണമെന്നാണ് അവര്‍ വാദിച്ചത്.

കേന്ദ്രസര്‍വ്വകലാശാലയായതിനാല്‍ അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ കഴിയില്ലെന്നാണ് ഈ വിധി പറയുന്നത്. ഈ വിധിയും സുപ്രിംകോടതി അസാധുവാക്കി.


Next Story

RELATED STORIES

Share it