Big stories

ബാബരി മസ്ജിദ് കേസ് നാള്‍വഴി: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കവും നിയമയുദ്ധവും

1885ല്‍ ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. നീണ്ട 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനുശേഷമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

ബാബരി മസ്ജിദ് കേസ് നാള്‍വഴി: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കവും നിയമയുദ്ധവും
X

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ദീര്‍ഘകാലത്തെ നിയമപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേസുകളിലൊന്നായിരുന്നു ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ്. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലെ ഒരു മുസ്‌ലിം പള്ളിയായിരുന്നു ബാബരി മസ്ജിദ്. ക്രിസ്തുവര്‍ഷം 1528- 29 ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ നിര്‍ദേശപ്രകാരം മീര്‍ബാഖിയാണ് ബാബരി മസ്ജിദ് നിര്‍മിക്കുന്നത്. 1885ല്‍ ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. നീണ്ട 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനുശേഷമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

കേസിന്റെ നാള്‍വഴികളിലൂടെ:

1528: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ നിര്‍ദേശപ്രകാരം മീര്‍ബാഖി ബാബരി മസ്ജിദ് നിര്‍മിച്ചു.

1575- 76: തുളസീദാസ് രാമചരിതമാനസമെഴുതുന്നു. അയോധ്യയില്‍ ശ്രീരാമന്റെ ജന്‍മഭൂമിയെക്കുറിച്ചോ ക്ഷേത്രം തകര്‍ത്ത് പണിത പള്ളിയെക്കുറിച്ചോ ഒരു പരാമര്‍ശംപോലുമില്ല.

1853: പുരാതനമായ രാമക്ഷേത്രം തകര്‍ത്താണ് മുഗള്‍ചക്രവര്‍ത്തി ബാബര്‍ പള്ളി പണിതതെന്നാരോപിച്ച് നിംറോഹി എന്ന ഹിന്ദു വിഭാഗം ബാബരി മസ്ജിദിന് അവകാശവാദമുന്നയിക്കുന്നു.

1853-55: അയോധ്യയില്‍ വിവിധ ഭാഗങ്ങളില്‍ ഹിന്ദു- മുസ്‌ലിം സംഘര്‍ഷം

1883 മെയ്: ഒരു പ്ലാറ്റ്‌ഫോമില്‍ ക്ഷേത്രം പുനസ്ഥാപിക്കുന്നതിന് മുസ്‌ലിംകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഫൈസാബാദ് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനുമതി നിഷേധിക്കുന്നു.

1885 ജൂലൈ 19: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ആദ്യ കേസ്. പുരോഹിതനായ രഘുബീര്‍ ദാസ് ക്ഷേത്രം പണിയാന്‍ അനുമതി തേടി കോടതിയില്‍ ഹരജി നല്‍കുന്നു.

1886 മാര്‍ച്ച്: ദാസിന്റെ ഹരജിക്ക് ജഡ്ജി അനുമതി നിഷേധിക്കുന്നു. അപ്പീല്‍ തള്ളുന്നു.

1870: ബ്രിട്ടീഷുകാരനായ എച്ച്ആര്‍ നെവില്‍ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറില്‍ ബാബരി മസ്ജിദ് എന്നതിനുപകരം ജന്‍മസ്ഥാന്‍- മസ്ജിദ് എന്ന് പ്രയോഗിക്കുന്നു. പ്രദേശം തര്‍ക്കസ്ഥലം എന്ന നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചതായും പരാമര്‍ശം.

1934: പള്ളിക്കുനേരേ ആക്രമണം നടത്തി അക്രമിസംഘം ഗേറ്റും ഗോപുരവും തകര്‍ത്തു. പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടീഷ് സര്‍ക്കാര്‍ പള്ളി സര്‍ക്കാര്‍ ചെലവില്‍ കേടുപാട് തീര്‍ത്തു.

1949 ഡിസംബര്‍ 22: ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ സംഘം ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടര്‍ന്ന് ഹൈന്ദവരും മുസ്‌ലിംകളും പള്ളിയില്‍ കടക്കുന്നത് ജില്ലാ ഭരണകൂടം തടയുന്നു.

1950 ജനുവരി 16: ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് ക്ഷേത്രഭൂമിക്കായി വിട്ടുകിട്ടാന്‍ നിര്‍മോഹി അഖാഡ കോടതിയില്‍

1959: തര്‍ക്കസ്ഥലത്തിന്റെ മാനേജര്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് നിംറോഹികള്‍ കോടതിയില്‍.

1961 ഡിസംബര്‍: വിഗ്രഹം മാറ്റി പള്ളിയുടെ അവകാശം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സുന്ന വഖഫ് ബോര്‍ഡ് കോടതിയില്‍.

1964 ഏപ്രില്‍: ഉടമസ്ഥാവകാശം സംബന്ധിച്ച നാലുകേസുകളും ഒന്നിച്ച് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.

1984: മസ്ജിദ് ക്ഷേത്രാരാധനയ്ക്ക് തുറന്നുകിട്ടണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭം ആരംഭിക്കുന്നു.

1984 ഒക്ടോബര്‍ 8: അയോധ്യയില്‍നിന്ന് ലഖ്‌നോവിലേക്ക് വിഎച്ച്പിയുടെ 130 കിലോമീറ്റര്‍ ലോങ് മാര്‍ച്ച്.

1985: പള്ളിയുടെ പരിസരം ഉപയോഗിക്കാന്‍ പുരോഹിതര്‍ക്ക് പ്രാദേശിക കോടതിയുടെ അനുമതി.

1986 ഫെബ്രുവരി 1: ഹിന്ദുക്കള്‍ക്ക് ആരാധന നടത്താമെന്ന് ഫൈസാബാദ് സെഷന്‍സ് കോടതി വിധി. പൂട്ടിയ പള്ളിയുടെ താഴ് തുറക്കുന്നു.

1986 ഫെബ്രുവരി 3: ഫൈസാബാദ് കോടതി വിധിക്കെതിരേ അലഹബാദ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

1989 നവംബര്‍ 9: പ്രധാനമന്ത്രി രാജീവ് ഗാന്ധി തര്‍ക്കസ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നല്‍കി.

1990 സപ്തംബര്‍ 25: ബിജെപി പ്രസിഡന്റായിരുന്ന എല്‍ കെ അദ്വാനി ഗുജറാത്തിലെ സോമനാഥില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങുന്നു.

1990 ഒക്ടോബര്‍ 30: വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സുരക്ഷാവലയം ഭേദിച്ച് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്ക് മുകളില്‍ കൊടികെട്ടി.

1990 നവംബര്‍: ബിഹാറിലെ സമസ്തിപ്പൂരില്‍ അദ്വാനിയെ ലാലുപ്രസാദ് സര്‍ക്കാര്‍ അറസ്റ്റുചെയ്യുന്നു. അതോടെ കേന്ദ്രത്തില്‍ വി പി സിങ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കുന്നു. സര്‍ക്കാര്‍ താഴെവീഴുന്നു.

1990 ഡിസംബര്‍: ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും വിഎച്ച്പിയുമായി ഒത്തുതീര്‍പ്പ് ശ്രമം.

1991 ജനുവരി: ഒത്തുതീര്‍പ്പ് ശ്രമം ആവര്‍ത്തിച്ചു. പിറകെ ബിജെപി അയോധ്യാ പ്രക്ഷോഭം ഊര്‍ജിതമാക്കുന്നു.

1991 ഒക്ടോബര്‍: 1947 ആഗസ്ത് 15നുള്ള നിലയില്‍ എല്ലാ ആരാധനാലയങ്ങളും നിലനിര്‍ത്തുന്ന ആരാധനാലയ (പ്ലേസസ് ഓഫ് വര്‍ക് ഷിപ്പ് ബില്‍) ലോക്‌സഭ പാസാക്കുന്നു. പ്രശ്‌നം കോടതിയിലായതുകൊണ്ട് അയോധ്യയെ ഒഴിവാക്കി.

1992 ഡിസംബര്‍ 6: ബിജെപിയുടെ രാജ്യവ്യാപക കര്‍സേവ പരിപാടിക്കൊടുവില്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത് താല്‍ക്കാലിക ക്ഷേത്രം ഉയര്‍ത്തി. രാജ്യവ്യാപക കലാപത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ 2.77 ഏക്കര്‍ വരുന്ന ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തു.

1992 ഡിസംബര്‍ 16: ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രം എം എസ് ലിബര്‍ഹാനെ കമ്മീഷനായി നിയമിക്കുന്നു.

2003 മാര്‍ച്ച് 12: ക്ഷേത്രം നിലനിന്ന സ്ഥലത്താണോ പള്ളി പണിതതെന്ന് കണ്ടെത്താന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശപ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പ് ഉദ്ഖനനം നടത്തുന്നു.

2009 ജൂണ്‍ 30: 17 വര്‍ഷങ്ങള്‍ക്കുശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് റിപോര്‍ട്ട് സമര്‍പ്പിക്കുന്നു. കമ്മീഷന്‍ കാലാവധി നീട്ടിവാങ്ങിയത് 48 തവണ.

2010 ജൂലൈ 26: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസില്‍ 60 കൊല്ലത്തിനുശേഷം അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുന്നു. പിന്നീട് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കുശേഷം സപ്തംബര്‍ 24ന് വിധി പറയാന്‍ നിശ്ചയിച്ചു.

2010 സപ്തംബര്‍ 23: ഒത്തുതീര്‍പ്പിന് സാവകാശം നല്‍കണമെന്ന ഹരജിയില്‍ സുപ്രിംകോടതി വിധി പ്രസ്താവം കേസ് സ്റ്റേ് ചെയ്തു. കേസ് വിപുലമായ ബെഞ്ചിലേക്ക്.

2010 സപ്തംബര്‍ 28: ഹൈക്കോടതിയുടെ വിധിപ്രസ്താവം നീട്ടണമെന്ന ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് തള്ളി. 30ന് വിധി പറയാന്‍ അലഹാബാദ് ഹൈക്കോടതി തീരുമാനം.

2010 സപ്തംബര്‍ 30: ബാബരി മസ്ജിദ് നിര്‍മിച്ചത് രാമക്ഷേത്രം തകര്‍ത്തായതിനാല്‍ പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് വിട്ടുകൊടുക്കണമെന്നും തര്‍ക്കഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കും തുല്യമായി വീതിക്കണമെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് വിധിച്ചു.

2011 മെയ് 9: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹാബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്തു. ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചവരില്‍ ആരും ആവശ്യപ്പെടാത്ത ഒരു തീരുമാനം ഹൈക്കോടതി പ്രഖ്യാപിച്ചത് വിചിത്രവും ആശ്ചര്യകരവുമാണെന്ന് കോടതി.

2016 ഫെബ്രുവരി 26: ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രിംകോടതിയില്‍ ഹരജി നല്‍കി.

2017 മാര്‍ച്ച് 21: അയോധ്യ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ട കക്ഷികള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തണമെന്നും അതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍.

2017 ഏപ്രില്‍ 19: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിര്‍ണായക വിധിയിലൂടെ സുപ്രിംകോടതി പുനസ്ഥാപിച്ചു.

2017 ആഗസ്ത് 7: ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച അലഹബാദ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിന് സുപ്രിംകോടതി മൂന്നംഗ ബെഞ്ചിന് രൂപം നല്‍കി.

2017 ആഗസ്ത് 8: ബാബരി മസ്ജിദ് സ്ഥിതിചെയ്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും കര്‍സേവകര്‍ പൊളിച്ച പള്ളി മറ്റൊരിടത്തേക്ക് മാറ്റിപ്പണിയാല്‍ തങ്ങളൊരുക്കണമാണെന്നും ഉത്തര്‍പ്രദേശിലെ ശിയാ വഖഫ് ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു.

2017 സപ്തംബര്‍ 11: അയോധ്യയിലെ തര്‍ക്കത്തിലുള്ള ബാബരി മസ്ജിദ്- രാമജന്‍മ ഭൂമിയുടെ സംരക്ഷണവും പരിപാലനവും നിരീക്ഷിക്കാന്‍ രണ്ട് അഡീഷനല്‍ ജില്ലാ ജഡ്ജിമാരെയോ സ്‌പെഷ്യല്‍ ജഡ്ജിമാരെയോ 10 ദിവസത്തിനകം നാമനിര്‍ദേശം ചെയ്യാന്‍ സുപ്രിംകോടതി അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.

2017 ഡിസംബര്‍ 2: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറയാതെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അപ്പീലിന്‍മേല്‍ സുപ്രിംകോടതി വാദം കേള്‍ക്കരുതെന്ന് റിട്ട. ജസ്റ്റിസ് മന്‍മോഹന്‍സിങ് ലിബര്‍ഹാന്‍.

2017 ഡിസംബര്‍ 5: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ ഫെബ്രുവരി എട്ടുമുതല്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രിംകോടതി നിശ്ചയിച്ചു.

2018 ഫെബ്രുവരി 5: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ ഫെബ്രുവരി എട്ടുമുതല്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രിംകോടതി നിശ്ചയിച്ചു.

2018 ഫെബ്രുവരി 6: സുപ്രിംകോടതി മുമ്പാകെയുള്ള ബാബരികേസ് ഭൂമി തര്‍ക്കമെന്ന നിലയിലാണ് പരിഗണിക്കുകയെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.

2018 ഫെബ്രുവരി 20: ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്ന് വ്യക്തമാക്കി കേസിലെ മൂന്ന് മുസ് ലിം ഹരജിക്കാര്‍.

2018 ഒക്ടോബര്‍ 27: അയോധ്യയിലെ ബാബരി ഭൂമി കേസ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്റെ അധ്യക്ഷതയിലുള്ള പുതിയ ബെഞ്ചിലേക്ക മാറ്റി.

2018 ഒക്ടോബര്‍ 30: 'ഇസ്‌ലാമില്‍ ആരാധനയ്ക്ക് പള്ളി അവിഭാജ്യഘടകമല്ല' എന്ന 1994ലെ വിവാദ സുപ്രിംകോടതി വിധി പുന:പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2019 ജനുവരി 01: കോടതിയിലെ കേസ് തീരാതെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഓര്‍ഡിനന്‍സ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

2019 ജനുവരി 08: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നതിനായി സുപ്രിംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എന്‍ വി രമണ, ഉദയ് ഉമേഷ് ലളിത്, ഡോ. ഡി വൈ ചന്ദ്രചൂഢ് എന്നിവരാണ് അംഗങ്ങള്‍.

2019 ജനുവരി 11: അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്‍മാറി.

2019 ജനുവരി 29: ബാബരി മസ്ജിദിനോട് ചേര്‍ന്ന തര്‍ക്കമില്ലാത്ത ഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍.

2019 ഫെബ്രുവരി 06: ബാബരി ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥതക്ക് മേല്‍നോട്ടം വഹിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. മധ്യസ്ഥതക്ക് ഒരു ശതമാനം സാധ്യതയുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രിംകോടതി അതിനായി എട്ടാഴ്ച സമയവും അനുവദിച്ചു.

2019 മാര്‍ച്ച് 08: ബാബരി ഭൂമി കേസ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മധ്യസ്ഥതയ്ക്ക് വിട്ടു. റിട്ട. സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഫഖീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുല്ല ചെയര്‍മാനായ മധ്യസ്ഥസമിതിയില്‍ ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മധ്യസ്ഥ വിദഗ്ധനും മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശ്രീരാം പഞ്ചു എന്നിവരാണ് അംഗങ്ങള്‍.

2019 മെയ് 09: ബാബരി മസ്ജിദ് ഭൂമി കേസില്‍ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

2019 മെയ് 10: ബാബരി ഭൂമി കേസ് തര്‍ക്കം ഒത്തുതീര്‍ക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതി സുപ്രിംകോടതിക്ക് സമര്‍പ്പിച്ച റിപോര്‍ട്ട് അറിയിച്ചു. മധ്യസ്ഥസമിതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സമിതിയുടെ കാലാവധി ആഗസ്റ്റ് 15വരെ നീട്ടി.

2019 ജൂലൈ 18: മധ്യസ്ഥസമിതിയുടെ ഇടക്കാല റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാബരി ഭൂമി കേസ് അന്തിമ വാദത്തിലേക്ക്. ആഗസ്ത് രണ്ട് മുതല്‍ വാദം കേള്‍ക്കല്‍ തുടങ്ങാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു.

2019 ജൂലൈ 19: എല്‍ കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രതികളായ, ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഒമ്പത് മാസത്തിനകം വിധി പറയണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.

2019 ആഗസ്ത് 6: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ മാരത്തണ്‍ വാദം കേള്‍ക്കലിന് തുടക്കം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തലവനും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

2019 സപ്തംബര്‍ 20: ബാബരി ഭൂമി കേസില്‍ അന്തിമവാദം ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശിച്ചു.

2019 സപ്തംബര്‍ 21: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങിന് സിബിഐ പ്രത്യേക കോടതി സമന്‍സ്.

2019 ഒക്ടോബര്‍ 09: ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിന് നാലുദിവസം കൂടി മാത്രം ബാക്കി നില്‍ക്കേ സുപ്രിംകോടതി നിയോഗിച്ച് സമിതി നടത്തിയ അവസാന മധ്യസ്ഥനീക്കം ഇരുവിഭാഗവും തള്ളിക്കളഞ്ഞു.

2019 ഒക്ടോബര്‍ 16: 40 ദിവസത്തെ തുടര്‍ച്ചയായ അന്തിമവാദത്തിനൊടുവില്‍, ബാബരി ഭൂമിക്കുമേല്‍ സുന്നി വഖഫ് ബോര്‍ഡും ഹിന്ദുപക്ഷവും തമ്മിലുള്ള അവകാശത്തര്‍ക്കം, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പറയാന്‍ മാറ്റി.

2019 നവംബര്‍ 09: ബാബരി ഭൂമി കേസില്‍ രാവിലെ 10.30ന് സുപ്രിംകോടതി വിധി.

Next Story

RELATED STORIES

Share it