Big stories

മുസ് ലിം-ഹിന്ദു സൗഹൃദം തടഞ്ഞ് ബജ്‌റംഗ്ദള്‍; ഹിന്ദുത്വ ആക്രമണം വ്യാപകം(വീഡിയോ)

മംഗലാപുരം മേഖലയിലാണ് ബജ്‌റംഗ്ദള്‍-ശ്രീ രാമ സേന ആക്രമണം വ്യാപിക്കുന്നത്. ഒരു മാസത്തിനിടെ നിരവധി ഹിന്ദുത്വ ആക്രമണങ്ങളാണ് മേഖലയില്‍ അരങ്ങേറിയത്.

മുസ് ലിം-ഹിന്ദു സൗഹൃദം തടഞ്ഞ് ബജ്‌റംഗ്ദള്‍; ഹിന്ദുത്വ ആക്രമണം വ്യാപകം(വീഡിയോ)
X

മംഗളൂരു: ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് വര്‍ഗീയ പ്രചാരണങ്ങള്‍ ശക്തിപ്പെടുന്നതിനിടെ ഹിന്ദു-മുസ് ലിം സൗഹൃദങ്ങളെ പോലും തടഞ്ഞ് തീവ്ര ഹിന്ദുത്വ സംഘടനകള്‍. കര്‍ണാടകയിലെ മംഗലാപുരം മേഖലയിലാണ് ബജ്‌റംഗ്ദള്‍-ശ്രീ രാമ സേന ആക്രമണം വ്യാപിക്കുന്നത്. ഒരു മാസത്തിനിടെ നിരവധി ഹിന്ദുത്വ ആക്രമണങ്ങളാണ് മേഖലയില്‍ അരങ്ങേറിയത്. വാഹനത്തില്‍ പോകുന്നവരെ പോലും പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമണം.

കഴിഞ്ഞ ദിവസം മുസ് ലിം സുഹൃത്തിനും അവരുടെ ഭര്‍ത്താവിനുമൊപ്പം കാറില്‍ സഞ്ചരിച്ച ഹിന്ദു യുവതിയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. മംഗലാപുരത്താണ് സംഭവം. കാറ് തടഞ്ഞ് നിര്‍ത്തി ആക്രമണം നടത്തിയ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ സംഹിതരാജ്(36), സന്ദീപ് പൂജാരി(34) എന്നിവരാണ് അറസ്റ്റിലായത്.

മുസ് ലിം കൂട്ടുകാരിക്കും അവരുടെ ഭര്‍ത്താവിനും ഒപ്പം യാത്ര ചെയ്യുന്നതിനിടെ പിന്തുടര്‍ന്നെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കാറ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കാറിലുള്ളവര്‍ക്ക് നേരെ ഭീഷണി മുഴക്കുകയും മര്‍ദിക്കുകയുമായിരുന്നു. പോലിസ് എത്തിയാണ് യാത്രികരെ സുരക്ഷിതരാക്കിയത്. യുവതിയുടെ പരാതിയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മംഗലാപുരത്ത് സമീപകാലത്തായി ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മുസ് ലിം യുവാവും ഹിന്ദു യുവതിയും ഒരുമിച്ച് യാത്ര ചെയ്തു എന്ന് പറഞ്ഞ് കര്‍ണാടകയിലെ സര്‍ക്കാര്‍ ബസ് ഹിന്ദു സേന പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ബസില്‍ യാത്ര ചെയ്തവരെ ഭീഷണിപ്പെടുത്തിയ സംഘം ഇവരെ പോലിസില്‍ ഏല്‍പ്പിക്കാനും ശ്രമം നടത്തി.

രണ്ട് ദിവസം മുന്‍പ് മംഗളൂരുവില്‍ സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിച്ചതിന് കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കേസില്‍ പ്രതികളായ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും കര്‍ണാടക മില്‍ക്ക് ഫെഡറേഷനിലെ ജീവനക്കാരുമായ ജയപ്രകാശ്, പ്രൃഥ്വി എന്നിവരെയാണ് മംഗളൂരു പോലിസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ സ്വകാര്യകോളജില്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ ഇരിട്ടിയിലെ വിളക്കോട് ചങ്ങാടിവയലില്‍ പി.വി മുഹമ്മദ്(23) ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രി മുഹമ്മദ് സുഹൃത്ത് പ്രവീണിനോടൊപ്പം ടൗണില്‍ നിന്ന് താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ കദ്രിയില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികളെ കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നതിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ പേര് ചോദിക്കുകയും പേര് പറഞ്ഞപ്പോള്‍ ഇതരമതസ്ഥരായ പെണ്‍കുട്ടികളോട് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഏതാനുംദിവസം മുമ്പ് ബീച്ചില്‍ പോയി മടങ്ങുകയായിരുന്ന മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ സൂറത്കല്‍ ടോള്‍ ബൂത്തിന് സമീപം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ ബജ്‌റംഗ്ദള്‍ ജില്ലാ നേതാവുള്‍പ്പെടെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വ്യത്യസ്ത മതത്തില്‍പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് യാത്ര ചെയ്തത് എന്തിനാണെന്ന് ചോദിച്ചായിരുന്നു അക്രമം.

Next Story

RELATED STORIES

Share it