Big stories

മഹാരാഷ്ട്രയിലെ ബിജെപിയുടെ തോല്‍വി; ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും

മഹാരാഷ്ട്രയിലെ ബിജെപിയുടെ തോല്‍വി; ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും
X
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. തന്നെ ഉപമുഖ്യമന്ത്രി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി നേതൃത്വത്തോട് ഫഡ്‌നാവിസ് അഭ്യര്‍ഥിക്കാന്‍ ഒരുങ്ങുന്നതായാണ് റിപോര്‍ട്ട്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സീറ്റുനില 2019ലെ 23ല്‍ നിന്ന് ഇത്തവണ ഒമ്പതായി കുറഞ്ഞിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിലെ നിര്‍ണായക വ്യക്തിത്വമായിരുന്ന ഫഡ്‌നാവിസ് പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അറിയിച്ചിട്ടുണ്ട്. 'അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മുഴുവന്‍ സമയവും സംഘടനയെ ശക്തിപ്പെടുത്താന്‍ വിനിയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാന സര്‍ക്കാരിലെ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കാന്‍ പോവുന്നതായും അവലോകന യോഗത്തിന് ശേഷം ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാന ഘടകം അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ പ്രകടനം വിശകലനം ചെയ്യുക, ഭാവി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നിവയായിരുന്നു പ്രാഥമിക അജണ്ട. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ 17ഉം ബിജെപിയും സഖ്യകക്ഷികളും നേടിയെങ്കിലും 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഫലങ്ങളില്‍ കാര്യമായ ഇടിവുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി 23 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ്, ശിവസേന(യുബിടി), എന്‍സിപി(ശരദ്ചന്ദ്ര പവാര്‍) എന്നിവരടങ്ങുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ)ക്കു മുന്നില്‍ അടിപതറി. സഖ്യത്തിന് 30 സീറ്റുകള്‍ ലഭിച്ചു. 2019 ലെ ഒരു സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 13 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ശിവസേന (യുബിടി) ഒമ്പത് സീറ്റുകള്‍ നേടിയപ്പോള്‍ എന്‍സിപി(ശരദ്ചന്ദ്ര പവാര്‍) എട്ട് സീറ്റുകള്‍ നേടി. ശിവസേനയില്‍നിന്നു കൂറുമാറിയ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 2022 ജൂണ്‍ 30നാണ് ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Next Story

RELATED STORIES

Share it