Big stories

മഹാരാഷ്ട്ര: ബിജെപി-ശിവസേനാ സഖ്യം തകര്‍ന്നടിയും; 54 പാര്‍ട്ടികളുടെ മഹാ സഖ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും

ബിജെപി സഖ്യത്തിനെതിരേ വമ്പന്‍ പോരാട്ടത്തിന് കോപ്പു കൂട്ടൂന്ന കോണ്‍ഗ്രസും എന്‍സിപിയും യുപിഎയ്ക്ക് ബദലായി 56 പാര്‍ട്ടികളുള്ള മറ്റൊരു മുന്നണി രൂപീകരിച്ചാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.

മഹാരാഷ്ട്ര: ബിജെപി-ശിവസേനാ സഖ്യം തകര്‍ന്നടിയും;  54 പാര്‍ട്ടികളുടെ മഹാ സഖ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും
X

മുംബൈ: മഹാരാഷ്ട്രയില്‍ ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തെ തറപറ്റിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം. ബിജെപി സഖ്യത്തിനെതിരേ വമ്പന്‍ പോരാട്ടത്തിന് കോപ്പു കൂട്ടൂന്ന കോണ്‍ഗ്രസും എന്‍സിപിയും യുപിഎയ്ക്ക് ബദലായി 56 പാര്‍ട്ടികളുള്ള മറ്റൊരു മുന്നണി രൂപീകരിച്ചാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.

56 രാഷ്ട്രീയ പാര്‍ട്ടികള്‍ അണിനിരക്കുന്ന മഹാ സഖ്യം

ബിജെപി-ശിവസേന സഖ്യത്തെ തകര്‍ത്തെറിയുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി 56 രാഷ്ട്രീയ പാര്‍ട്ടികള്‍ അണിനിരക്കുന്ന മഹാ സഖ്യത്തിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയത്. ബിജെപിയില്‍നിന്നുള്ള നേതാക്കളും തൊഴിലാളി യൂനിയനുകളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെടുന്നതാണ് ഈ സഖ്യം. പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസമുള്ള കൂടുതല്‍ ബിജെപി നേതാക്കളെ സഖ്യത്തിലേക്ക് കൊണ്ടുവരാനും സഖ്യത്തിന് പദ്ധതിയുണ്ട്. 54 പാര്‍ട്ടികള്‍ക്ക് പുറമേ കോണ്‍ഗ്രസും എന്‍സിപിയും ചേരുന്നതോടെ 56 പാര്‍ട്ടികളുടെ സഖ്യമായി ഇത് മാറും.

യുപിജിഎ (യുനൈറ്റഡ് പ്രോഗസീവ് ഗ്രാന്‍ഡ് അലയന്‍സ്)

യുപിജിഎ (യുനൈറ്റഡ് പ്രോഗസീവ് ഗ്രാന്‍ഡ് അലയന്‍സ്) എന്നാണ് മുന്നണിയുടെ പേര്. ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് മാത്രമാണ് മുന്നണി എന്ന തോന്നല്‍ ഉണ്ടാവാതിരിക്കാനാണ് ഈ നീക്കം. കര്‍ഷകര്‍, തൊഴിലാളികള്‍, മറാത്തികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള മുന്നേറ്റമാണ് 54 പാര്‍ട്ടികളുടെ ഈ സഖ്യം കൊണ്ട് ലക്ഷ്യമിടുന്നത്.മൂന്ന് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ശിവസേനയുടെ വോട്ടുബാങ്കായ മറാത്തികളിലും നഗര വോട്ടര്‍മാരിലും കര്‍ഷകരിലും വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ക്കും സഖ്യം തുടക്കം കുറിച്ചിട്ടുണ്ട്.

മുന്‍നിര നേതാക്കളെ ഉയര്‍ത്തിക്കാട്ടി പ്രചരണം

കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍, എന്‍സിപിയുടെ അജിത് പവാര്‍, ജയന്ത് പാട്ടീല്‍, ചഗന്‍ ബുജ്പാല്‍, രാജേന്ദ്ര ഗവായ്, ബഹുജന്‍ വികാസ് അഗാഡിയുടെ ഹിതേന്ദ്ര താക്കൂര്‍, രാജു ഷെട്ടി, ജോഗേന്ദ്ര കവാഡെ, രവി റാണ, ഭായ് ജയന്ത് പാട്ടീല്‍ എന്നിവരാണ് യുപിജിഎയുടെ പ്രമുഖ നേതാക്കളായി ഉയര്‍ത്തി കാണിക്കുന്നത്. ആര്‍പിഐ, ബഹുജന്‍ വികാസ് അഗാഡി, സ്വാഭിമാനി ഷെത്കാരി സംഘടന, യുവ സ്വാഭിമാനി, പിഡബ്ല്യുപി എന്നിവരാണ് സഖ്യത്തിലെ പ്രമുഖ പാര്‍ട്ടികള്‍. ഇവര്‍ക്ക് പ്രാദേശിക തലത്തില്‍ മികച്ച സ്വാധീനമുണ്ട്. രാഹുലിന്റെ സ്വാധീനം രാഹുല്‍ ഉയര്‍ത്തി കര്‍ഷക നയങ്ങളും മിനിമം വേതന നയവുമാണ് ഇത്തരമൊരു സഖ്യത്തിന് വഴിയൊരുക്കിയത്. ഇത് എല്ലാ പാര്‍ട്ടികളെയും സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.

രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കും

കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, ജിഎസ്ടി, നോട്ടുനിരോധനം എന്നിവ മുന്‍നിര്‍ത്തിയാവണം പ്രചാരണമെന്നാണ് 54 പാര്‍ട്ടികളുടെ ആവശ്യം. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് സഖ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന്‍ രാഹുലിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സഖ്യം ശക്തമായി മുന്നോട്ട് പോയാല്‍ 30 സീറ്റുകള്‍ വരെ സഖ്യം നേടുമെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it