- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോപണങ്ങളെല്ലാം ചവിട്ടുപടികളാക്കി ശ്രീജിത്ത് ഐപിഎസ് അത്യുന്നതങ്ങളിലേക്ക്
പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാനും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചിരിക്കുന്നത്. സമീപകാലത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പല കേസുകളും ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്.
സ്വന്തംപ്രതിനിധി
തിരുവനന്തപുരം: ആരോപണങ്ങളും അപവാദങ്ങളും അച്ചടക്ക നടപടികളുടെ കുന്തമുനകളാവുന്ന പോലിസ് സേനയില്‍ പരാതികള്‍ പൂമെത്തകളാക്കി വേറിട്ട വഴിയേ എസ് ശ്രീജിത്ത് ഐപിഎസ്.
ക്രൈംബ്രാഞ്ച് ഐജിയായിരിക്കേ അന്വേഷണത്തിന് മേല്‍ നോട്ടം വഹിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ ഹൈക്കോടതി തന്നെ ചുമതലയില്‍ നിന്നു നീക്കം ചെയ്ത ശ്രീജിത്ത് കോടതിയുത്തരവിന്റെ മഷിയുണങ്ങും മുന്‍പേ പിണറായി സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിന്റെ മൊത്തം ചുമതലയും സ്ഥാനക്കയറ്റവും നല്‍കിയയതില്‍ തീരുന്നില്ല വൈരുധ്യങ്ങള്‍.
ഔദ്യോഗിക ജീവിതത്തിലുടനീളം ആരോപണങ്ങളുടെയും അപവാദങ്ങളുടേയും സഹയാത്രികനായ ഈ പോലിസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംരക്ഷിക്കുകയാണെന്ന ആക്ഷേപത്തിന് അടിവരയിടുന്നതാണ് പുതിയ സ്ഥാന ലബ്ധിയും. പാലത്തായി കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശക്തമായതോടെ എസ് ശ്രീജിത്തിനെതിരായ മുന്‍ ആരോപണങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. ഒടുവില്‍, പാലത്തായി ഇരയുടെ മാതാവിന്റെ ആരോപണങ്ങള്‍ അംഗീകരിച്ച് ഹൈക്കോടതി തന്നെ അടുത്തിടെ ആ കേസന്വേഷണത്തില്‍ നിന്ന് ശ്രീജിത്തിനെ ഒഴിവാക്കി.
കേരള പോലിസിന്റെ ചരിത്രത്തില്‍ എസ് ശ്രീജിത്തിനോളം ആരോപണങ്ങള്‍ക്ക് വിധേയനായ പോലിസ് ഉദ്യോഗസ്ഥര്‍ അധികമില്ല. എന്നാല്‍, ആരോപണങ്ങളെല്ലാം പുകമറകളായവസാനിച്ചത് ശ്രീജിത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നതാണെന്നാണ് അദ്ദേഹത്തിന്റെ സര്‍വ്വീസ് ചരിത്രം.
ഒരു ഘട്ടത്തില്‍ ഔദ്യോഗികമായി തയാറാക്കപ്പെട്ട കളങ്കിത ഉദ്യോഗസ്ഥരുടെ പട്ടികയിലും ശ്രീജിത്ത് ഇടംനേടിയിരുന്നുവെന്ന പ്രചാരണം നില നില്‍കുന്നു.
വ്യക്തിപരമായ ഒട്ടേറെ ആരോപണങ്ങളും ഈ പോലിസുദ്യോഗസ്ഥനെതിരേ പല ഘട്ടങ്ങളിലും ഉയര്‍ന്നു. എന്നാല്‍, ശ്രീജിത്തിനെതിരായ പരാതികളൊന്നും തെളിയിക്കപ്പെട്ടില്ലെന്നു മാത്രമല്ല ചില സംഭവങ്ങളില്‍ പരാതിക്കാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു.
കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണായിരിക്കെ അദ്ദേഹത്തിനെതിരേ ഉയര്‍ന്ന പരാതി വാര്‍ത്തകളില്‍ ഇടം നേടി. സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കുന്ദംകുളം, വടക്കാഞ്ചേരി എംഎല്‍എയുമായിരുന്ന എഎസ്എന്‍ നമ്പീശന്റെ മകള്‍ എ എന്‍ സതീദേവി, ശ്രീജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് 2010ല്‍ അന്നത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍, വകുപ്പുതല അന്വേഷണത്തില്‍ ശ്രീജിത്തിന് ക്ലീന്‍ചിറ്റാണ് ലഭിച്ചത്. അതോടെ, പരാതിക്കാരി സതീദേവിക്കും ഭര്‍ത്താവ് ഹരികൃഷ്ണന്‍ മാസ്റ്റര്‍ക്കുമെതിരേ അഞ്ച് അപകീര്‍ത്തി കേസുകള്‍ ഉദ്ഭവിച്ചു അതില്‍ നാലെണ്ണം തള്ളി. ഒരു കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
സതീദേവി, ശ്രീജിത്തിനെതിരായ പരാതിയില്‍ പരാമര്‍ശിച്ച മകളും സഹോദരിയും ബന്ധുക്കളുമൊക്കെയാണ് പരാതി നിഷേധിച്ച് അപകീര്‍ത്തി കേസുമായി രംഗത്തു വന്നത്.
എസ് ശ്രീജിത്തിനെതിരായ പരാതികളില്‍ സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നും നീതി ലഭിച്ചില്ലെന്നുമാണ് സതീദേവിയും ഭര്‍ത്താവ് ഹരികൃഷ്ണന്‍ മാസ്റ്ററും പറയുന്നത്. അടുത്തിടെ തേജസ് ന്യൂസിനോട് അക്കാര്യം അവര്‍ ആവര്‍ത്തിച്ചു. ശ്രീജിതിനെതിരായ പരാതികളുടെ പേരില്‍ വയസു കാലത്തും വേട്ടയാടപ്പെടുകയാണെന്നും അവര്‍ പറയുന്നു.
ശ്രീജിത്ത് മലപ്പുറം എംഎസ്പി കമാന്‍ഡന്റായിരിക്കെ കാലിക്കറ്റ് സര്‍വ്വകലാശാല എംഎസ്പി എഡ്യൂക്കേഷന്‍ കോംപ്ലക്‌സിന് അനുവദിച്ച ബിഎഡ് കോഴ്‌സിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയും അന്വേഷണത്തില്‍ തെളിയിക്കപ്പെട്ടില്ല. പോലിസുകാരുടെ ആശ്രിതര്‍ക്ക് പ്രത്യേകം സംവരണം ചെയ്ത പത്തു ശതമാനം സീറ്റില്‍ രണ്ട് സീറ്റുകളിലൊഴികെ മറ്റ് സീറ്റുകളില്‍ പിന്‍വാതില്‍ നിയമനം നല്‍കിയതായാണ് അന്ന് പരാതി ഉയര്‍ന്നത്. ഇന്റലിജന്‍സ് റിപോര്‍ട്ടിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഈ സംഭവത്തില്‍ നമ്പര്‍ ഇ10 (വി.ഇ 6/2003/എംപിഎം) 12057/2003 റിപോര്‍ട്ട് മുന്‍നിര്‍ത്തി 2006 മെയ് 27ന് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ ശ്രീജിത്തിനെതിരേ നടപടി ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ശ്രീജിത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് പരാതി തീര്‍പ്പാക്കുകയായിരുന്നു. ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിജിലന്‍സ് നടത്തിയ അന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രതിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചത് കേരള ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമാണെന്നാണ് ആക്ഷേപമുയര്‍ന്നത്.
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രമേശന്‍ നമ്പ്യാര്‍ ഫയല്‍ ചെയ്ത പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം വിജിലന്‍സിന്റെ പൂജപ്പുര യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ (എഫ്‌ഐആര്‍ നം. 6/2010) പിസി ആക്ട് 1988 പ്രകാരം യുഎസ് 325, 342, 420, 465, 468 ആര്‍.ഡബ്ല്യു സെക്ഷന്‍ 34 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വെണ്ണല, ജനത റോഡിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകളും ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (1) ശ്രീജിത്തിനെതിരേ കേസെടുക്കുകയും (സി.സി നമ്പര്‍ 695/2008) ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കോടതി ചെലവ് ഇനത്തില്‍ 25,000 രൂപ പിഴ അടപ്പിച്ച് നടപടിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കേസിലും ആഭ്യന്തര വകുപ്പിന്റെ നടപടിയുണ്ടായില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് മേധാവി നെറ്റോ ഡെസ്മണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ (ഡബ്ല്യു പി (സി)നമ്പര്‍. 18058 ഓഫ് 07) ഉത്തരവ് മുന്‍നിര്‍ത്തി ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും രണ്ട് തവണ റിപോര്‍ട്ട് (നമ്പര്‍. 80/ക്യാംപ്/എഡിജിപി െ്രെകംസ്/08) നല്‍കിയിരുന്നു.
ശ്രീജിത്ത് കോട്ടയം എസ്പി ആയിരിക്കെ ചങ്ങനാശ്ശേരി സ്വദേശിയായ ടൈറ്റസിനെ ചങ്ങനാശ്ശേരി സിഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിലടപ്പിച്ചു എന്ന പരാതിയില്‍ ഐജിയുടെ അന്വേഷണ റിപോര്‍ട്ടും ആഭ്യന്തര വകുപ്പ് അട്ടിമറിച്ചു എന്നാണ് ആക്ഷേപം. അന്നത്തെ എറണാകുളം റേഞ്ച് ഐജി വിന്‍സന്‍ എം പോള്‍, സംഭവത്തില്‍ ശ്രീജിത്തിനെതിരേ നല്‍കിയ റിപോര്‍ട്ടിന്മേലുള്ള (നമ്പര്‍.ബി 1/9198/08 ഇആര്‍) നടപടി ഒഴിവാക്കാന്‍ വിജിലന്‍സ് കേസില്‍ പ്രതിയായ എസ്പിയെക്കൊണ്ട് മറ്റൊരു അന്വേഷണ റിപോര്‍ട്ട് നിയമവിരുദ്ധമായി ഉണ്ടാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തതെന്നാണ് പരാതി ഉയര്‍ന്നത്. മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിവാദവ്യവസായി റഊഫുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് ശ്രീജിത്ത് സസ്‌പെന്‍ഷനിലായി. എന്നാല്‍, സസ്‌പെന്‍ഷനു ശേഷം മനുഷ്യാവകാശ കമ്മീഷനില്‍ ഉന്നത തസ്തികയിലാണ് തിരിച്ചെത്തിയത്. കോഴിക്കോട് മുക്കം മുസ്‌ലിം ഓര്‍ഫനേജില്‍ താമസിച്ച് പഠിക്കാന്‍ ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നു വന്ന കുട്ടികളെ 2014ല്‍ പാലക്കാട്ട് പോലിസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് തടഞ്ഞുവെച്ചതും മനുഷ്യക്കടത്തിന് കേസെടുത്തതും വലിയ വിവാദമായിരുന്നു. ശ്രീജിത്ത് ഐപിഎസ് അടക്കമുള്ളവരുടെ സംഘപരിവാര്‍ താല്‍പര്യമാണ് അന്ന് മനുഷ്യക്കടത്തു കേസില്‍ കലാശിച്ചതെന്ന ആരോപണം കോളിളക്കം സൃഷ്ടിച്ചു. കേരളത്തിലെ യത്തീംഖാനകള്‍ക്കെതിരേ സംഘപരിവാരം സംഘടിതമായി ഉയര്‍ത്തിയ ആക്ഷേപങ്ങളെ ശരിവച്ചു കൊണ്ട് 2013ലെ മനുഷ്യക്കടത്ത് നിയമം 370ാം വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് എസ് ശ്രീജിത്ത് ആണെന്നാണ് ആരോപണം.
മനുഷ്യക്കടത്തിനെതിരായ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ കേസായിരുന്നു അത്. യത്തീംഖാനകളുടെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നതായി അന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറയുകയും ചെയ്തു. യത്തീംഖാനകള്‍ക്കെതിരായ മനുഷ്യക്കടത്ത് ആരോപണവും കേസും പിന്നീട് കോടതിയില്‍ തകര്‍ന്നടിഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാനും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചിരിക്കുന്നത്. സമീപകാലത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പല കേസുകളും ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്.
RELATED STORIES
പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMT