Big stories

ദലിത് വിവാഹ ഘോഷയാത്രകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

ദലിത് വിവാഹ ഘോഷയാത്രകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
X

ന്യൂഡല്‍ഹി: ദലിത് വിവാഹചടങ്ങുകള്‍ക്കെതിരെ സവര്‍ണര്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ട്. മേളവാദ്യങ്ങളുടെ അകമ്പടിയില്‍ ദലിത് വരന്‍ കുതിരപ്പുറത്ത് കയറി വധുവിന്റെ വീട്ടിലേക്ക് പോവുന്ന ബാറാത്ത് ചടങ്ങിനെ ആക്രമിക്കുന്ന നിരവധി സംഭവങ്ങളാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ദലിത് രാഷ്ട്രീയത്തിന് വേരോട്ടമുള്ള ഉത്തര്‍പ്രദേശിലെ ആഗ്രയിലെ അസീസ് പൂരില്‍ മാര്‍ച്ച് ആറിനാണ് ഈ വര്‍ഷം ഏറ്റവും അവസാനം റിപോര്‍ട്ട് ചെയ്ത സംഭവമുണ്ടായത്.

വിശാല്‍ എന്ന യുവാവ് കുതിരപ്പുറത്ത് വധുവിന്റെ വീട്ടിലേക്ക് പോവുമ്പോള്‍ കാറിലെത്തിയ ഒരു സംഘം വഴി ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹഘോഷ യാത്രയില്‍ പങ്കെടുത്തവരുടെ കൈയ്യില്‍ ഡോ. ബി ആര്‍ അംബേദ്ക്കറുടെയും ഗൗതമ ബുദ്ധന്റെയും ചിത്രം കണ്ടതോടെ അവര്‍ കാറില്‍ നിന്നിറങ്ങി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിശാലിന്റെ പിതാവ് മുകേഷ് കുമാര്‍ പറയുന്നു. തോക്കിന്റെ് പിടി കൊണ്ട് വിശാലിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. വിവാഹം തടസപ്പെടുത്തുമെന്നും സംഘം ഭീഷണി മുഴക്കി. സംഭവത്തില്‍ മാര്‍ച്ച് പത്തിനാണ് പോലിസ് കേസെടുത്തത്. ഭാരതീയ ന്യായസംഹിതയിലെ മുറിവുണ്ടാക്കല്‍, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ തടയല്‍ നിയമത്തിലെ മൂന്നു വകുപ്പുകള്‍ എന്നിവ പ്രകാരം വിഷ്ണു ശര്‍മ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. മാര്‍ച്ച് ഏഴിന് പരാതി നല്‍കിയിട്ടും പത്തിനാണ് കേസെടുത്തതെന്ന് മുകേഷ് കുമാര്‍ പറയുന്നു. '' അവര്‍ എന്റെയൊരു ബന്ധുവിനെയും മര്‍ദ്ദിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് സംഘം ക്യാമറാ മാന്‍മാരോടും പറഞ്ഞിരുന്നു.''

വിഷയത്തില്‍ മാധ്യമങ്ങളോട് ഒന്നും പറയാന്‍ കഴിയില്ലെന്നാണ് എസിപി ദേവേഷ് സിങ് പറയുന്നത്. കോടതിക്ക് മാത്രമേ പോലിസ് വിവരങ്ങള്‍ നല്‍കൂയെന്നും മാധ്യമങ്ങള്‍ ജോലി തടസപ്പെടുത്തരുതെന്നുമാണ് ദേവേഷ് സിങ് പറഞ്ഞത്.

ജാതി സ്വത്വത്തിന്റെയോ കുതിരപ്പുറത്ത് കയറുന്നതിന്റെയോ സംഗീതം വായിക്കുന്നതിന്റെയോ പേരില്‍ ദലിത് വരനെ ആക്രമിച്ച ആറ് സംഭവങ്ങളെങ്കിലും അടുത്തിടെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ മീറത്തിലെ കലിനിഡി ഗ്രാമത്തില്‍ മാര്‍ച്ച് ഒന്നിന് സവര്‍ണര്‍ ഒരു ദലിത് വിവാഹ ഘോഷയാത്രയെ ആക്രമിച്ചിരുന്നു. ഇത്തവണ സംഗീതമാണ് അവരെ പ്രകോപിപ്പിച്ചത്. ദലിതരുടെ വിവാഹഘോഷയാത്രകള്‍ തങ്ങളുടെ പ്രദേശത്തു കൂടെ കടന്നുപോവരുതെന്നായിരുന്നു ആവശ്യം. പക്ഷേ, ദലിതരുടെ സ്വര്‍ണവും പണവുമൊന്നും തൊട്ടുകൂടായ്മയുടെ പരിധിയില്‍ വന്നില്ല. വരന്റെ അമ്മാവനില്‍ നിന്നും രണ്ട് സ്വര്‍ണ്ണ മോതിരങ്ങളും ഒരു വളയും രണ്ടുലക്ഷം രൂപയും അവര്‍ കൊള്ളയടിച്ചു. പത്തുപേര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും മൂുന്നു പേരെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഫെബ്രുവരി 22ന് ഠാക്കൂര്‍ വിഭാഗത്തിലെ 40 പേര്‍ ചേര്‍ന്ന് ഒരു ദലിത് വിവാഹഘോഷയാത്രയെ ആക്രമിച്ചിരുന്നു. ദലിത് വരനെ കുതിരപ്പുറത്ത് നിന്നും വലിച്ച് ഇറക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഠാക്കൂര്‍ പ്രദേശത്ത് കൂടെ പോയെന്നും പാട്ടുവച്ചെന്നും പറഞ്ഞാണ് മര്‍ദ്ദിച്ചത്. ഘോഷയാത്രയിലുണ്ടായിരുന്ന ആറ് പേര്‍ക്ക് തലയിലും പരിക്കേറ്റു. ഇനി പരിസരത്ത് കണ്ടുപോവരുതെന്ന് ഠാക്കൂര്‍മാര്‍ ഭീഷണിയും മുഴക്കി.

മധ്യപ്രദേശിലെ ദാമോയില്‍ 2024 ഡിസംബര്‍ പത്തിന് ദലിത് വിവാഹഘോഷ യാത്രയെ ഠാക്കൂര്‍ വിഭാഗത്തിലെ ചില തോക്കുധാരികള്‍ പതിയിരുന്ന് ആക്രമിച്ചു. വരന്റെ കൂടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ അവര്‍ തകര്‍ത്തു. വരന്‍ കയറിയ കുതിരയേയും വെറുതെവിട്ടില്ല. അഹിര്‍വാര്‍ സമുദായത്തിന്റെ വീടുകള്‍ക്ക് സമീപം വിവാഹഘോഷയാത്ര നടത്തരുതെന്നായിരുന്നു ആവശ്യം.

ബുലന്ദ്ഷഹറില്‍ 2024 ഡിസംബര്‍ 11ന് പോലിസ് കോണ്‍സ്റ്റബിള്‍ കൂടിയായ ദലിത് വരന്‍ റോബിന്‍ സിങാണ് ആക്രമണത്തിന് ഇരയായത്. യുപിയിലെ ലഖാവതിയില്‍ നിന്നുള്ള വനിതാ കോണ്‍സ്റ്റബിളിനെയാണ് റോബിന്‍ സിങ് വിവാഹം കഴിക്കാനിരുന്നത്. സവര്‍ണ ജാതിക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ടിറ്റോണ ഗ്രാമത്തിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ ആക്രമിക്കുകയായിരുന്നു. വിവാഹഘോഷ യാത്രക്ക് നേരെ കല്ലെറിഞ്ഞ സംഘം റോബിന്‍ സിങിനെ കുതിരപ്പുറത്തു നിന്നും ഇറക്കിയും വിട്ടു. അമിത ശബ്ദത്തില്‍ പാട്ടുവച്ചതിനാണ് ആക്രമണമുണ്ടായതെന്നാണ് പോലിസ് പറയുന്നത്. എന്തായാലും അടിപിടിക്കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 2024 മേയ് 20ന് വിവാഹഘോഷയാത്രക്കിടെ ദലിത് വരനെ മര്‍ദ്ദിക്കുകയുണ്ടായി. കരാഹിയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള റിതോദന്‍ ഗ്രാമത്തില്‍ വരന്‍ നരേഷ് ജാതവിന്റെ വിവാഹ ഘോഷയാത്ര കടന്നുപോകുമ്പോളായിരുന്നു ആക്രമണം. കല്ലെറിഞ്ഞതിന് ശേഷം വടികളുമായി ആക്രമിക്കുകയായിരുന്നു. കുതിരവണ്ടി തകര്‍ത്ത ശേഷം അക്രമികള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു.

ഗുജറാത്തിലെ ഗാന്ധിനഗറിലെ ചനാസ്മ ഗ്രാമത്തില്‍ 2024 ഫെബ്രുവരി 12ന് കുതിരപ്പുറത്ത് കയറിയതിന് വികാസ് എന്ന ദലിത് വരനെ ഠാക്കൂര്‍ സമുദായക്കാര്‍ തടഞ്ഞുവെച്ചു ആക്രമിച്ചു. വികാസിനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കാനും ശ്രമിച്ചു. '' നിങ്ങള്‍ നിങ്ങളുടെ പരിധിയില്‍ നില്‍ക്കണം.... കുതിരപ്പുറത്ത് നിങ്ങള്‍ കയറരുത്. ഗ്രാമത്തിന്റെ പാരമ്പര്യം നിനക്ക് അറിയില്ലേ? ഞങ്ങളില്‍ നിന്ന് അനുവാദം വാങ്ങണം, ഠാക്കൂറുകള്‍ക്ക് മാത്രമേ കുതിരപ്പുറത്ത് കയറാന്‍ കഴിയൂ'' എന്നു പറഞ്ഞാണ് ആക്രമണം അഴിച്ചുവിട്ടത്.

ആക്രമണങ്ങള്‍ വ്യാപകമായതോടെ ദലിതുകള്‍ പോലിസ് സംരക്ഷണം തേടാന്‍ തുടങ്ങി. രാജസ്ഥാനിലെ അജ്മീറിലെ ലവേറയിലെ ദലിത് വരനായ ലോകേഷും വധു അരുണയും പോലിസ് സംരക്ഷണത്തിലാണ് വിവാഹഘോഷയാത്ര നടത്തിയത്. 200ഓളം പോലിസുകാരാണ് കുതിരപ്പുറത്തുള്ള വരന് കാവല്‍ നടന്നത്. എന്നാല്‍, യുപിയിലെ ലളിത് പൂര്‍ ജില്ലയില്‍ പോലിസ് സംരക്ഷണം നല്‍കാന്‍ പോലും തയ്യാറായില്ല. വിഷയത്തില്‍ ആസാദ് സമാജ് പാര്‍ട്ടി നേതാവും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ ഇടപെടേണ്ടിയും വന്നു.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 78 വര്‍ഷം ആവാനായിട്ടും എല്ലാവര്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്ന ഭരണഘടന വന്നിട്ടും ദലിതുകള്‍ക്ക് സ്വന്തം വിവാഹചടങ്ങ് നടത്താന്‍ പോലും കഴിയാത്ത രാജ്യമായി ഇന്ത്യ തുടരുകയാണ്. നിയമത്തിന് മുന്നിലെ തുല്യത കൊണ്ടുമാത്രം ഗുണമില്ലെന്നതിന്റെ തെളിവും കൂടിയാണ് ഈ സംഭവങ്ങള്‍.

Next Story

RELATED STORIES

Share it