Big stories

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍
X

ന്യൂയോര്‍ക്ക്: പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍. 2016 ലെ യുഎസ് തിരഞ്ഞെടുപ്പ് കാലത്ത് ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിനു പണം നല്‍കിയെന്നാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ട്രംപിന് കനത്ത തിരിച്ചടിയാണ് അറസ്റ്റ്. കുറ്റം ചുമത്തപ്പെട്ടവര്‍ക്കോ ജയിലിലടയ്ക്കപ്പെട്ടവര്‍ക്കോ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാടില്ലെന്ന് യുഎസില്‍ നിയമമില്ലെങ്കിലും എതിരാളികള്‍ ഇത് ആയുധമാക്കിനിടയുണ്ട്.

2006ല്‍ താനും ട്രംപും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നു. അതേസമയം, ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. 36,000 പോലിസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന ആദ്യ മുന്‍ യുഎസ് പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. 2006 ജൂലൈയില്‍ ലേക്ക് ടാഹോയില്‍ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. അതേസമയം, ആരോപണം തെറ്റാണെന്നും 'വ്യാജമായ ആരോപണങ്ങള്‍' അവസാനിപ്പിക്കാനാണ് പണം നല്‍കിയതെന്നുമാണു ട്രംപ് പറയുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍, 2016 ഒക്ടോബര്‍ 28 നാണ് ട്രംപുമായുള്ള ബന്ധം പുറത്തുപറയുന്നത് വിലക്കിയുള്ള നോണ്‍ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റില്‍ (എന്‍ഡിഎ) ഡാനിയല്‍സ് ഒപ്പുവച്ചതും 1.30 ലക്ഷം യുഎസ് ഡോളര്‍ വാങ്ങി ഒത്തുതീര്‍പ്പിലെത്തിയതും. ഇതുസംബന്ധിച്ച രേഖകള്‍ ലൊസാഞ്ചലസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2018ല്‍ വോള്‍സ്ട്രീറ്റ് ജേണലാണ് ഡാനിയല്‍സിനു ട്രംപ് പണം നല്‍കിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 2020ലെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള മറ്റു ക്രിമിനല്‍ കേസുകളിലും ട്രംപ് നടപടികള്‍ നേരിടുന്നുണ്ട്.

Next Story

RELATED STORIES

Share it