Big stories

ഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; ' കൊടുങ്ങല്ലൂര്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍' വീണ്ടും അറസ്റ്റില്‍

യുവമോര്‍ച്ച മുന്‍ നേതാവായ ഇയാള്‍ മുമ്പ് നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ്‌

ഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു;  കൊടുങ്ങല്ലൂര്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ വീണ്ടും അറസ്റ്റില്‍
X

മേപ്പാടി: ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍. തൃശൂര്‍ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടില്‍ ഇ എച്ച് രാജീവിനെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച മുന്‍ നേതാവായിരുന്ന ഇയാള്‍ മുമ്പ് നിരവധി കള്ളനോട്ട് കേസുകളിലും പ്രതിയാണ്.

മതിലകം, കൊടുവള്ളി, അന്തിക്കാട്, കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ തട്ടിപ്പിലേക്കും കടക്കുകയായിരുന്നു. ഒരു കോടി രൂപയുടെ ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പല തവണകളിലായി 9,90250 രൂപ തട്ടിയെടുത്തത്. വഞ്ചിക്കപ്പെട്ടതറിഞ്ഞ മേപ്പാടി സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

2021ല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ജിത്തു എന്ന യുവാവില്‍ നിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിലും രാജീവിനെയും സഹോദരന്‍ രാകേഷിനെയും കൊടുങ്ങല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂരിലെ കരൂപ്പടന്നയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിലായ മേത്തല കോന്നംപറമ്പില്‍ ജിത്തുവിന്റെ കൈയില്‍നിന്ന് കിട്ടിയ കള്ളനോട്ടുകളിലെ അന്വേഷണമാണ് ഇരുവരിലേക്കും എത്തിയത്.

അറസ്റ്റിലായ രാകേഷ് 2017 ജൂണ്‍ 22ന് അഞ്ചാംപരത്തിയിലുള്ള വീട്ടിലെ കിടപ്പുമുറിയില്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് രണ്ടായിരത്തിന്റെയും ഇരുനൂറിന്റെയും നോട്ടുകള്‍ അച്ചടിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യം അറസ്റ്റിലായത്. ഇതിനു പിന്നാലെ സഹോദരന്‍ രാജീവും അറസ്റ്റിലായിരുന്നു. യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഇയാള്‍ അക്കാലത്ത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് കേന്ദ്രീകരിച്ച് വ്യാജനോട്ടുകള്‍ അച്ചടിക്കുകയായിരുന്നു.

2019ല്‍ അന്തിക്കാട് പോലീസ് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ എടവണ്ണ, കൊടുവള്ളി സ്‌റ്റേഷനുകളില്‍ സമാനമായ കേസിലുള്‍പ്പെടുകയും ചെയ്തു. കള്ളനോട്ടടിയില്‍ പ്രാവീണ്യം തെളിയിച്ചവരാണ് 'ഡ്യൂപ്ലിക്കേറ്റ്' ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന രാകേഷും രാജീവും.

Next Story

RELATED STORIES

Share it