Big stories

ചെലവ് ചുരുക്കാന്‍ മെറ്റയും; 11,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ചെലവ് ചുരുക്കാന്‍ മെറ്റയും; 11,000 ജീവനക്കാരെ പിരിച്ചുവിടുന്നു
X

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 11,000 ലേറെ ജീവനക്കാരെ പിരിച്ചുവിടുന്നു. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. മെറ്റയുടെ ജീവനക്കാരില്‍നിന്നു 13 ശതമാനം പേരെയാണ് ഒഴിവാക്കുക. നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആയിരത്തിലധികം ജീവനക്കാരെ മെറ്റ പിരിച്ചുവിടുന്നത്. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഓരോ വര്‍ഷവും രണ്ടാഴ്ചത്തെ അധികശമ്പളവും നല്‍കും.

വിര്‍ച്വല്‍ റിയാലിറ്റി വ്യവസായത്തിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തിയതും ഫെയ്‌സ്ബുക്ക് വരുമാനത്തില്‍ ഇടിവുണ്ടായതുമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മെറ്റയും സമാന നടപടിയുമായി എത്തിയിരിക്കുന്നത്. മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്പ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപ്പും ഓഗസ്റ്റില്‍ 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ മാറ്റങ്ങളാണ് താന്‍ പങ്കുവെയ്ക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ് പോസ്റ്റിലൂടെ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്. ഈ തീരുമാനങ്ങള്‍ക്കും തങ്ങള്‍ എങ്ങനെ ഇവിടെ എത്തി എന്നതിനും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ടാണെന്ന് തനിക്കറിയാം, ആഘാതത്തില്‍പ്പെട്ടവരോട് താന്‍ ഖേദിക്കുന്നു- മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ പുനക്രമീകരിക്കാനും മെറ്റ ഉദ്ദേശിക്കുന്നതായി സക്കര്‍ബര്‍ഗ് സപ്തംബര്‍ അവസാനം ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it