Big stories

ഗസയില്‍ ഞങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഭയം എന്ന വാക്ക് മതിയാവില്ല: നൂര്‍ ഇലാസി

ഗസയില്‍ ഞങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഭയം എന്ന വാക്ക് മതിയാവില്ല:   നൂര്‍ ഇലാസി
X

കഴിഞ്ഞ ആഴ്ച, മറ്റൊരു അക്രമാസക്തമായ രാത്രിയില്‍, എന്റെ നാല് വയസ്സുള്ള അനന്തരവള്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. അതെനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.'ഉറങ്ങുമ്പോള്‍ നമ്മള്‍ മരിച്ചാല്‍... അത് ഇപ്പോഴും വേദനിപ്പിക്കുമോ?'

എന്താണു പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.പകല്‍ വെളിച്ചത്തേക്കാള്‍ കൂടുതല്‍ മരണം കണ്ട ഒരു കുട്ടിയോട്, ഉറക്കത്തില്‍ മരിക്കുന്നത് ഒരു കാരുണ്യമാണെന്ന് എങ്ങനെ പറയും? അപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു: 'ഇല്ല. എനിക്ക് അങ്ങനെ തോന്നുന്നില്ല. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ ഉറങ്ങേണ്ടത്.'അവള്‍ നിശ്ശബ്ദമായി തലയാട്ടി. എന്നിട്ട് മുഖം ചുമരിലേക്ക് തിരിച്ചു.ഞാന്‍ പറഞ്ഞത് അവള്‍ വിശ്വസിച്ചു. അവള്‍ കണ്ണുകള്‍ അടച്ചു.


തെരുവിന്റെ താഴെ എത്ര കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നുണ്ടെന്ന് ചിന്തിച്ചുകൊണ്ട്, ബോംബുകളുടെ ശബ്ദം കേട്ടുകൊണ്ട് ഞാന്‍ ഇരുട്ടില്‍ ഇരുന്നു.ആണും പെണ്ണുമായി എനിക്ക് 12 മരുമക്കളുണ്ട്. എല്ലാവരും ഒമ്പത് വയസ്സിന് താഴെയുള്ളവരാണ്. ഈ ഇരുണ്ട കാലത്ത് അവരാണ് എനിക്ക് ആശ്വാസവും സന്തോഷവും നല്‍കിയത്.പക്ഷേ, അവരുടെ മാതാപിതാക്കളെപ്പോലെ, നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അവരെ മനസ്സിലാക്കാന്‍ ഞാന്‍ പാടുപെടുന്നു. ഞങ്ങള്‍ അവരോട് പലതവണ കള്ളം പറയേണ്ടി വന്നിട്ടുണ്ട്. അവര്‍ പലപ്പോഴും നമ്മളെ വിശ്വസിക്കുമായിരുന്നു. പക്ഷേ, ചിലപ്പോള്‍ നമ്മുടെ ശബ്ദത്തിലോ നോട്ടത്തിലോ പേടിപ്പെടുത്തുന്നതെന്തോ സംഭവിക്കുന്നതായി അവര്‍ക്ക് തോന്നുമായിരുന്നു. അന്തരീക്ഷത്തില്‍ തളംകെട്ടിയ ഭീകരത അവര്‍ക്ക് അനുഭവപ്പെടുമായിരുന്നു.


ഒരു കുട്ടിക്കും ഇത്രയും ക്രൂരത സഹിക്കേണ്ടി വരരുത്. ഒരു രക്ഷിതാവും സ്വന്തം കുട്ടികളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് നിരാശയില്‍ തളരേണ്ടി വരരുത്. കഴിഞ്ഞ മാസം വെടിനിര്‍ത്തല്‍ അവസാനിച്ചു. അതോടെ, ഒരു ഇടവേളയുടെ മിഥ്യാധാരണയും. തുടര്‍ന്നുണ്ടായത് യുദ്ധത്തിന്റെ പുനരാരംഭം മാത്രമായിരുന്നില്ല - അത് കൂടുതല്‍ ക്രൂരവും നിരന്തരവുമായ ഒന്നിലേക്കുള്ള മാറ്റമായിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഗസ ഒരു തീക്കുമായി മാറി. ആരും സുരക്ഷിതരല്ല. 1,400ലധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൂട്ടക്കൊല ചെയ്യപ്പെട്ടു.പ്രതീക്ഷകള്‍ പുലര്‍ത്താനുള്ള നമ്മുടെ ശേഷിയൊഴികെ ബാക്കിയുള്ളതെല്ലാം ദിനേനയുള്ള കൂട്ടക്കൊലകള്‍ തകര്‍ത്തിരിക്കുന്നു.അവയില്‍ ചിലത് വീടുകളില്‍ എത്തിയിട്ടുണ്ട്.


വൈകാരികമായി മാത്രമല്ല; ശാരീരികമായും. ഇന്നലെ, ഏതാനും തെരുവുകളില്‍നിന്നു മാത്രമായി അന്തരീക്ഷം പൊടിപടലങ്ങളും രക്തത്തിന്റെ ഗന്ധവും കൊണ്ട് നിറഞ്ഞിരുന്നു. ഗസ സിറ്റിയിലെ അല്‍-നഖീല്‍ സ്ട്രീറ്റിനെ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയിരുന്ന ദാറുല്‍ അര്‍ഖം സ്‌കൂളില്‍, ഒരു ഇസ്രായേലി വ്യോമാക്രമണം ക്ലാസ് മുറികളെ ചാരമാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടു-കൂടുതലും സ്ത്രീകളും കുട്ടികളും. ഐക്യരാഷ്ട്രസഭയുടെ നീല പതാക തങ്ങളെ സംരക്ഷിക്കുമെന്ന് വിശ്വസിച്ച് അവര്‍ സുരക്ഷ തേടി അവിടെ എത്തിയതായിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. സ്‌കൂള്‍ എന്റെ വീട്ടില്‍ നിന്ന് 10 മിനിറ്റില്‍ താഴെ മാത്രം അകലെയാണ്.


അതേ ദിവസം തന്നെ, അടുത്തുള്ള ഫഹദ് സ്‌കൂളിലും ബോംബാക്രമണം നടന്നു ; മൂന്നുപേര്‍ കൊല്ലപ്പെട്ടു.ഒരു ദിവസം മുമ്പ്, ജബാലിയയില്‍ ഒരു ഭീകര ദൃശ്യം ഉണ്ടായതായി വാര്‍ത്തയുണ്ടായിരുന്നു.

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ UNRWA നടത്തുന്ന ഒരു ക്ലിനിക്ക് ലക്ഷ്യമിട്ട് ഒരു ഇസ്രായേലി ആക്രമണം നടന്നു. സാധാരണക്കാര്‍ അഭയം പ്രാപിച്ച ഒരിടമായിരുന്നു അത്.ആശുപത്രിയിലുടനീളം ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികള്‍ വിവരിച്ചു. കുട്ടികള്‍ ജീവനോടെ കത്തിക്കരിഞ്ഞു. ഒരു ശിശുവിന്റെ തലയറുത്തു. അതിജീവിച്ചവരെ ശ്വാസം മുട്ടിച്ചുകൊണ്ട് കരിയുന്ന മാംസത്തിന്റെ മണം. രോഗശാന്തിക്കായി നിശ്ചയിച്ച സ്ഥലത്ത് നടന്ന ഒരു കൂട്ടക്കൊലയായിരുന്നു അത്.


ഇതിനെല്ലാം ഇടയില്‍, ഗസ സിറ്റിയുടെ ചില ഭാഗങ്ങളില്‍നിന്ന് ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ലഭിച്ചു.ഒഴിഞ്ഞു പോകൂ. ഇപ്പോള്‍. പക്ഷേ, എവിടേക്ക്? ഗസയില്‍ സുരക്ഷിത മേഖലകളൊന്നുമില്ല. വടക്ക് നിരപ്പാക്കി. തെക്ക് തുടരന്‍ ബോംബാക്രമണങ്ങള്‍.

കടല്‍ ഒരു തടവറയാണ്. റോഡുകള്‍ മരണക്കെണികളും.ഞങ്ങള്‍ അവിടെ താമസിച്ചു.അത് നമ്മള്‍ ധൈര്യശാലികളായതുകൊണ്ടല്ല; പോകാന്‍ മറ്റൊരിടമില്ലാത്തതുകൊണ്ടാണ്.ഗസയില്‍ നമുക്ക് അനുഭവപ്പെടുന്നതിനെ വിവരിക്കാന്‍ ഭയം എന്ന വാക്ക് മതിയാവില്ല. ഭയം നിയന്ത്രിക്കാവുന്നതാണ്. ഭയത്തെ അങ്ങനെ വിളിക്കാം.

ഞങ്ങള്‍ അനുഭവിക്കുന്നത് ശ്വാസംമുട്ടിക്കുന്നതും നിശ്ശബ്ദവുമായ ഒരു ഭീകരതയാണ്. അത് ഒരിക്കലും വിട്ടു പോവാതെ നിങ്ങളുടെ നെഞ്ചിനുള്ളില്‍ കുടിയിരിക്കുന്നു.ഒരു മിസൈലിന്റെ വിസിലിനും ആഘാതത്തിനും ഇടയിലുള്ള നിമിഷമാണത്. നിങ്ങളുടെ ഹൃദയം നിലച്ചുപോയോ എന്ന് നിങ്ങള്‍ ചിന്തിക്കുന്ന നിമിഷം.


അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നു. കാറ്റിനൊപ്പം പടരുന്ന ചോരയുടെ മണം.എന്റെ അനന്തരവള്‍ ചോദിച്ച ചോദ്യമാണിത്.വിദേശ സര്‍ക്കാരുകളും രാഷ്ട്രീയക്കാരും ഇതിനെ 'സംഘര്‍ഷം' എന്നാണ് വിളിക്കുന്നത്. 'സങ്കീര്‍ണമായ സാഹചര്യം'. 'ദുരന്തം'. എന്നാല്‍ നമ്മള്‍ ജീവിക്കുന്നത് സങ്കീര്‍ണമല്ല.ഇതൊരു സാധാരണ കൂട്ടക്കൊലയാണ്. നമ്മള്‍ ജീവിക്കുന്നത് ഒരു ദുരന്തമല്ല. അതൊരു യുദ്ധ കുറ്റകൃത്യമാണ്.

ഞാന്‍ ഒരു എഴുത്തുകാരിയാണ്. ഒരു പത്രപ്രവര്‍ത്തകയാണ്. ഞാന്‍ മാസങ്ങളോളം എഴുതി, രേഖപ്പെടുത്തി, എന്റെ വാക്കുകളിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞു. ഞാന്‍ സന്ദേശങ്ങള്‍ അയച്ചു. മറ്റാര്‍ക്കും പറയാന്‍ കഴിയാത്ത കഥകള്‍ ഞാന്‍ പറഞ്ഞു. എന്നിട്ടും,പലപ്പോഴും ഒരു ശൂന്യതയിലേക്ക് ഞാന്‍ അലറുന്നത് പോലെ എനിക്കു തോന്നുന്നു.


എന്നിട്ടും ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നു. കാരണം ലോകം തിരിഞ്ഞു നോക്കിയാലും, നമ്മുടെ സത്യം പറയപ്പെടാതിരിക്കാന്‍ ഞാന്‍ അനുവദിക്കില്ല. കാരണം, എവിടെയോ ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗവണ്‍മെന്റുകള്‍ അതിനെ എതിര്‍ത്തിട്ടും, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നതിനാലാണ് ഞാന്‍ എഴുതുന്നത്. ചരിത്രം എഴുതപ്പെടുമ്പോള്‍, ആരും അറിഞ്ഞില്ല എന്ന് പറയാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ എഴുതുന്നത്.


കടപ്പാട്: അല്‍ ജസീറ







Next Story

RELATED STORIES

Share it