Big stories

ഒന്നാംഘട്ടം ഭേദപ്പെട്ട പോളിങ്; 55 ശതമാനം കടന്നു

ചിലയിടങ്ങളില്‍ സംഘര്‍ഷം

ഒന്നാംഘട്ടം ഭേദപ്പെട്ട പോളിങ്; 55 ശതമാനം കടന്നു
X

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 55 ശതമാനത്തിനു മുകളില്‍ പോളിങ് രേഖപ്പെടുത്തിയതായാണു പ്രാഥമിക വിവരം. 18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് പൂര്‍ത്തിയായത്. 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിങ് ശതമാനം കുറഞ്ഞതായാണു റിപോര്‍ട്ട്. വൈകീട്ട് അഞ്ച് വരെയുള്ള കണക്കുകള്‍ പ്രകാരം സിക്കിം(ഒരു സീറ്റ്)-69 %, മിസോറം(1)-60 %, നാഗാലാന്‍ഡ്(1)-78 %, മണിപ്പുര്‍(1)-78.2 %, ത്രിപുര(1)-81 %, അസം(5)-68 %, പശ്ചിമ ബംഗാള്‍(2)81-%, ആന്‍ഡമാന്‍ നിക്കോബാര്‍(1)-70.6 %, ആന്ധാപ്രദേശ്(25)- 66 %, ഉത്തരാഖണ്ഡ്(5)-57.9 %, ജമ്മു കശ്മീര്‍(2)-54.4 %, തെലങ്കാന(17)-60 %, ഛത്തീസ്ഗഢ്(1)-56 % എന്നിങ്ങനെയാണ് പോളിങ്. അന്തിമ കണക്കുകളില്‍ നേരിയ വ്യത്യാസം അനുഭവപ്പെട്ടേക്കാം. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളിലെ 17 സീറ്റിലും മഹാരാഷ്ട്രയിലെ 7, പശ്ചിമബംഗാളിലെ 2, ഒഡീഷയിലെ 4, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 ല്‍ 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.



ഉത്തര്‍പ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും 55-60 ശതമാനത്തിന് ഇടയിലാണ്. രണ്ടുദിവസം മുമ്പ് മാവോവാദി ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡിലെ ബസ്തറില്‍ 59 ശതമാനത്തിലേറെ പേര്‍ സമമ്തിദാനാവകാശം വിനിയോഗിച്ചു. ലോക്‌സഭയ്‌ക്കൊപ്പം അരുണാചലിലും ഒഡീഷയിലും നിയമസഭയിലേക്കും വോട്ടെടുപ്പ് നടന്നു.അതേസമയം, ചില സംസ്ഥാനങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. ആന്ധാപ്രദേശില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ടിഡിപിയുടെയും ഓരോ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. വോട്ടിങ് യന്ത്രം തകരാറിലായതുകാരണം 150 ഓളം ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സംഘര്‍ഷം തടയാന്‍ കേന്ദ്രസേന ആകാശത്തേക്ക് വെടിവച്ചു. ദലിത് വോട്ടര്‍മാരെ പോലിസ് തടഞ്ഞെന്നാരോപിച്ച് ബിഎസ്പി പരാതി നല്‍കി. ബംഗാളിലും അരുണാചല്‍ പ്രദേശിലും ഒറ്റപ്പെട്ട ആക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂച്ച്ബിഹാറിലെ ഒരു ബൂത്തില്‍ വോട്ടിങ്‌യന്ത്രം തട്ടിയെടുത്തു. വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോലിയില്‍ പോലിസ് സംഘത്തിനു നേരെ മാവോവാദി സംഘം നടത്തിയ ആക്രമണത്തില്‍ മൂന്നു പോലിസുകാര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. പരിക്കേറ്റവരെ നാഗ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന ഹെലികോപ്റ്ററിനു നേരെ വെടിയുതിര്‍ത്തതായും റിപോര്‍ട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലായി ബിജെപി അക്രമം നടത്തി വോട്ടിങ് തടസ്സപ്പെടുത്തിയെന്നു കാണിച്ച് കോണ്‍ഗ്രസ് 50 പരാതികള്‍ നല്‍കി. ഏപ്രില്‍ 18ന് 97 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.



Next Story

RELATED STORIES

Share it