Big stories

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു
X

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) അന്തരിച്ചു. വത്തിക്കാനിലെ മേറ്റര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34 നായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമിരറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു.

ആറ് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ആദ്യമായായിരുന്നു ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം. ജര്‍മന്‍ പൗരനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങറാണ് ബെനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായത്. 1927 ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ ജനിച്ചത്. 14 വയസ്സുള്ളപ്പോള്‍ 1941 ല്‍ ഹിറ്റ്‌ലറുടെ യുവസൈന്യത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും സജീവമായി പ്രവര്‍ത്തിച്ചില്ല. 1945 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നു വൈദികനായി.

1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച് ബിഷപ്പായി. 1980 ല്‍ ബിഷപ്പുമാരുടെ സിനഡുകളില്‍ മാര്‍പാപ്പ അവതരിപ്പിക്കേണ്ട റിപോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബര്‍ 25നു 'ഡൊക്ട്രിന്‍ ഓഫ് ഫെയ്ത്' സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീനായി. ജര്‍മനിയിലെ ഓസ്റ്റിയ ആര്‍ച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്‌സിങ്ങര്‍ എന്ന പേര് ഉപേക്ഷിച്ച് ബെനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിച്ചു.

Next Story

RELATED STORIES

Share it