Big stories

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തുടര്‍ന്ന് ഈമാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തുടര്‍ന്ന് ഈമാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായാണ് അരുണ്‍ ജെയ്റ്റ്‌ലി ശ്രദ്ധേയനായത്.

ആദ്യം ധനകാര്യമന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്ത് നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പാക്കിയത്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2018 ഏപ്രില്‍ മുതല്‍ നാലുമാസം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. ഇതിനിടെ ഡല്‍ഹി എയിംസില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. പിന്നീട് 2018 ആഗസ്ത് 23നാണ് അരുണ്‍ ജെയ്റ്റ്‌ലി മന്ത്രാലയത്തില്‍ തിരികെയത്തി ചുമതല ഏറ്റെടുത്തത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. ധനകാര്യവകുപ്പിന് പുറമേ കോര്‍പറേറ്റ് അഫേഴ്‌സ്, പ്രതിരോധ മന്ത്രാലയം എന്നിവയുടെയും ചുമതല വഹിച്ചിരുന്നു. പിന്നീട് മനോഹര്‍ പരീക്കറിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചതോടെ പ്രതിരോധ വകുപ്പിന്റെ ചുമതലയൊഴിഞ്ഞു. 1952 ഡിസംബര്‍ 28ന് ഡല്‍ഹിയിലാണ് അരുണ്‍ മഹാരാജ് കിഷന്‍ ജെയ്റ്റ്‌ലി എന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ജനനം. ഡല്‍ഹി സെന്റ് സേവ്യേഴ്‌സ് സ്‌കൂല്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സില്‍നിന്ന് കൊമേഴ്‌സില്‍ ഓണേഴ്‌സ് ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ എല്‍എല്‍ബിയും പൂര്‍ത്തിയാക്കി.

1970കളില്‍ ഡല്‍ഹി സര്‍വകലാശാലയിലെ പഠനകാലത്ത് എബിവിപിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. 1974ല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥകാലത്ത് 19 മാസം കരുതല്‍ തടങ്കലിലായിരുന്നു. എബിവിപിയുടെ ഡല്‍ഹി പ്രസിഡന്റായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മുതിര്‍ന്ന അഭിഭാഷകനായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. വി പി സിങ് സര്‍ക്കാരിന്റെ കാലത്ത് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചു. 18 വര്‍ഷത്തോളം രാജ്യസഭയില്‍ ഗുജറാത്തിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ഉത്തര്‍പ്രദേശില്‍നിന്നും രാജ്യസഭയിലെത്തി. 1999ലെ വാജ്‌പേയി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രിയായി. പിന്നീട് നിയമകാര്യ മന്ത്രാലയത്തിന്റെയും കമ്പനി അഫേഴ്‌സ് വകുപ്പിന്റെയും ചുമതലയേറ്റെടുത്തു.

Next Story

RELATED STORIES

Share it